8 October 2024, Tuesday
KSFE Galaxy Chits Banner 2

പൊന്നമ്മ യാത്രയാകുമ്പോള്‍

രാജഗോപാല്‍ എസ് ആര്‍ 
September 29, 2024 3:46 am

മുണ്ടുംനേര്യതും നെറ്റിയിലെ വട്ടപ്പൊട്ടും ഉണ്ണീയെന്ന വിളിയും പോലെ മലയാളിയുടെ അരനൂറ്റാണ്ടോളം മലയാളിയുടെ മാതൃസങ്കല്‍പ്പത്തിന്റെ പ്രതീകമായിരുന്ന കവിയൂര്‍ പൊന്നമ്മയാണ് കഴിഞ്ഞയാഴ്ച വിടപറഞ്ഞത്. മലയാളിയുടെ ക്ലീഷേ സങ്കല്‍പ്പങ്ങള്‍ക്കായി ഹോമിക്കപ്പെട്ട നല്ലൊരു നടിയുടെ വേര്‍പാടായി കൂടി കവിയൂര്‍പ്പൊന്നമ്മയുടെ അരനൂറ്റാണ്ടിലേറെ നീണ്ടുനിന്ന കലാജീവിതത്തെ നോക്കിക്കാണാം. വ്യത്യസ്ത വേഷങ്ങള്‍ അവര്‍ ആഗ്രഹിച്ചിരുന്നെങ്കിലും 20 വയസ് മുതല്‍ അവരെ കാത്തിരുന്നത് കാരുണ്യവതിയായ അമ്മക്കഥാപാത്രങ്ങങ്ങളായിരുന്നു. 

1962 ല്‍ പുറത്തിറങ്ങിയ ശ്രീരാമപട്ടാഭിഷേകമാണ് അവരുടെ ആദ്യ ചിത്രം. രാവണന്റെ ഭാര്യയായ മണ്ഡോദരിയ്ക്കായാണ് സിനിമയില്‍ അവര്‍ ആദ്യമായി മേക്കപ്പിട്ടത്. റോസി എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ നായികയായി അവര്‍ തിളങ്ങിയെങ്കിലും പിന്നീട് അമ്മ വേഷത്തിലേക്ക് ഒതുങ്ങേണ്ടി വന്നു. 1965 ല്‍ പുറത്തിറങ്ങിയ തൊമ്മന്റെ മക്കളില്‍ അന്നത്തെ സൂപ്പര്‍താരങ്ങളായ സത്യന്റെയും മധുവിന്റെയും അമ്മയായ അച്ചാമ്മയെ അനശ്വരയാക്കിയ കവിയൂര്‍പൊന്നമ്മയ്ക്ക് പിന്നെ അമ്മക്കഥാപാത്രങ്ങളുടെ കാര്യത്തില്‍ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 

‌മോഹങ്ങള്‍ ഉള്ളിലൊതുക്കി ജീവിക്കുന്ന നഷ്ടപ്രണയിനിയുടെ വേഷങ്ങള്‍ ധാരാളം കവിയൂര്‍ പൊന്നമ്മയെ അക്കാലത്ത് തേടി വന്നിട്ടുണ്ട്. ഓടയില്‍ നിന്നിലെ പപ്പുവിനെ സ്‌നേഹിക്കുന്ന കല്യാണിയും ദാഹത്തിലെ ലക്ഷ്മി ടീച്ചറും ത്രിവേണിയിലെ പാര്‍വതിയും വിത്തുകളിലെ അമ്മിണിയും നെല്ലിലെ സാവിത്രിയുമൊക്കെ ഇത്തരം കഥാപാത്രങ്ങളാണ്. ക്ലീഷേ അമ്മവേഷങ്ങളില്‍ നിന്നും കവിയൂര്‍ പൊന്നമ്മയ്ക്ക് മോചനം കിട്ടിയ ചില കഥാപാത്രങ്ങളുണ്ട്. പത്മരാജന്‍ സൃഷ്ടിച്ച തിങ്കളാഴ്ച നല്ല ദിവസത്തിലെ ജാനകിക്കുട്ടിയും സിബി മലയില്‍ — ലോഹിതദാസ് കൂട്ടുകെട്ടിലെ തനിയാവര്‍ത്തനത്തിലെ ബാലന്‍മാഷിന്റെ അമ്മയും വേറിട്ടു നില്‍ക്കുന്നവയാണ്. കുടുംബം വില്‍ക്കാനായി കരുക്കള്‍ നീക്കുന്ന മക്കള്‍ക്കിടയില്‍ പെട്ടുപോയ ജാനകിക്കുട്ടിയെന്ന അമ്മകഥപാത്രത്തില്‍ കേന്ദ്രീകരിച്ചാണ് തിങ്കളാഴ്ച നല്ല ദിവസം പത്മരാജന്‍ സൃഷ്ടിച്ചത്. അതിന്റേതായ നട്ടെല്ല് ആ കഥാപാത്രത്തിനുണ്ടായിരുന്നു. പാരമ്പര്യമെന്ന് കരുതപ്പെടുന്ന മാനസികരോഗമെന്ന അപമാനത്തില്‍ നിന്നും മകനെ രക്ഷപ്പെടുത്താന്‍ അവനെ കൊല്ലേണ്ടിവരുന്ന തനിയാവര്‍ത്തനത്തിലെ ബാലന്‍മാഷിന്റെ അമ്മയും കവിയൂര്‍ പൊന്നമ്മയുടെ കൈയ്യില്‍ ഭദ്രമായിരുന്നു.

സുഖമോദേവി, വന്ദനം, കിരീടം, ദശരഥം, ഉള്ളടക്കം, ഭരതം, ചെങ്കോല്‍, മായാമയൂരം, ഹിസ് ഹൈനസ് അബ്ദുള്ള, തേന്മാവിന്‍ കൊമ്പത്ത്, കാക്കക്കുയില്‍, വടക്കുംനാഥന്‍, ബാബാകല്യാണി, ഇവിടം സ്വര്‍ഗമാണ്, ഒപ്പം തുടങ്ങി നിരവധി ചിത്രങ്ങളിലാണ് മോഹന്‍ലാലിന്റെ അമ്മയായോ മാതൃതുല്യ കഥാപാത്രമായോ കവിയൂര്‍പൊന്നമ്മയെത്തിയത്. ആ ചിത്രങ്ങളില്‍ പലതും കൊമേഴ്‌സ്യലായി വിജയിക്കുന്നതിന് ഇവര്‍ തമ്മിലുള്ള മാതൃ-പുത്ര രസതന്ത്രം വലിയൊരു കാരണമായിട്ടുണ്ട്. തനിയാവര്‍ത്തനത്തിനും തിങ്കളാഴ്ച നല്ല ദിവസത്തിനും പുറമെ, വാത്സല്യം, സുകൃതം, അരയന്നങ്ങളുടെ വീട് തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ അമ്മയായി കവിയൂര്‍പൊന്നമ്മ എത്തിയിട്ടുണ്ട്. 

ഭാര്യവേഷത്തില്‍ ഏറ്റവും കൂടുതല്‍ കവിയൂര്‍പൊന്നമ്മ തിളങ്ങിയിട്ടുള്ളത് തിലകന്റെ ഭാര്യയായെത്തുമ്പോഴാണ്. കിരീടം, വെണ്ടര്‍ ഡാനിയല്‍, കുടുംബപുരാണം, മുഖചിത്രം, കാട്ടുകുതിര, സന്ദേശം, ഇവിടം സ്വര്‍ഗമാണ് അങ്ങനെ ഒരുപാട് ചിത്രങ്ങളുടെ വിജയത്തിന് ഈ ജോഡിയുടെ സാന്നിധ്യം കാരണമായിട്ടുണ്ട്. കാക്കക്കുയില്‍ എന്ന വിജയചിത്രമുള്‍പ്പെടെ ചിലചിത്രങ്ങളില്‍ നെടുമുടിവേണുവിന്റെ ഭാര്യവേഷത്തില്‍ കവിയൂര്‍ പൊന്നമ്മയെത്തിയിട്ടുണ്ട് അവസാന ചിത്രങ്ങളിലൊന്നായ ആണുംപെണ്ണുമിലെ നെടുമുടിവേണുവിന്റെ ഭാര്യാവേഷം ഒന്നോ രണ്ടോ സീനുകള്‍ മാത്രമാണെങ്കിലും പ്രേക്ഷകശ്രദ്ധ നേരിടിയിരുന്നു. 

സത്യന്‍, നസീര്‍, മധു ത്രയങ്ങളില്‍ തുടങ്ങി മലയാള സിനിമയുടെ അച്ചുതണ്ട് ഏതൊക്കെ നായകകഥാപാത്രങ്ങളില്‍ കേന്ദ്രീകരിച്ചാലും അവരുടെയെല്ലാം അമ്മ വേഷത്തില്‍ കവിയൂര്‍പൊന്നമ്മയുണ്ടായിരുന്നു. സുകുമാരന്‍, സോമന്‍, ബാലചന്ദ്രമേനോന്‍, ജയറാം, മുകേഷ്, ജഗദീഷ്, സുരേഷ് ഗോപി, സായി കുമാര്‍, ദീലീപ് അങ്ങനെ നിരവധി പേരുടെ അമ്മവേഷത്തിലോ മാതൃതുല്യയായ വേഷത്തിലോ കവിയൂര്‍പൊന്നമ്മയെത്തി.

കവിയൂര്‍പൊന്നമ്മയിലെ മികച്ച നടിയെ കണ്ടെത്താന്‍ വളരെ കുറച്ച് സംവിധായക — തിരക്കഥാകൃത്തുക്കള്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂ. പത്മരാജനും (തിങ്കളാഴ്ച നല്ല ദിവസം), സിബി മലയിലും (തനിയാവര്‍ത്തനം), രാമുകര്യാട്ടും (നെല്ല്) പോലെ ചിലര്‍. ബാക്കി മിക്കവരും മുണ്ടും നേര്യതുമല്ലെങ്കില്‍ റൗക്കയും മുണ്ടും കോസ്റ്റ്യൂമായി കൊടുത്ത് സ്‌നേഹമയിയായ അമ്മ എന്ന അവരുടെ സ്ഥിരം വേഷത്തെ പ്രകീര്‍ത്തിക്കാനുള്ള കഥാപാങ്ങളെ മാത്രമേ സൃഷ്ടിച്ചിട്ടുള്ളു. മലയാളത്തില്‍ യൗവനാരംഭത്തില്‍ തന്നെ അമ്മവേഷത്തില്‍ കാസ്റ്റ് ടൈപ്പ് ചെയ്ത നടിയാക്കിമാറ്റി കവിയൂര്‍പ്പൊന്നമ്മയെയെന്ന് അവര്‍ യാത്രയാകുമ്പോള്‍ മലയാളിസിനിമാക്കാര്‍ക്ക് വിലപിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.