23 April 2024, Tuesday

പൊന്നരിവാൾ

പി എസ് സുരേഷ്
December 11, 2022 9:09 am

കിന്നരി തലപ്പാവും കണ്ണഞ്ചിപ്പിക്കുന്ന വേഷഭൂഷാദികളുമായി കർണാടക സംഗീതം ആലപിച്ച് അരങ്ങിലേക്ക് ചാടി വീഴുന്ന നടനെ പ്രതീക്ഷിച്ചിരുന്ന സദസിനു മുമ്പിലേക്ക് ഓലമടലുമായി എല്ലുന്തിയ വയസൻ കടന്നുവന്നപ്പോൾ ആദ്യം അമ്പരപ്പ്. പിന്നെ നിലയ്ക്കാത്ത കരഘോഷം. 1952 ഡിസംബർ ആറിന് രാത്രി ഒന്‍പത് മണിക്ക് ചവറ തട്ടാശേരിയിലെ സുദർശന എന്ന ഓലക്കൊട്ടകയിൽ അരങ്ങേറിയ നാടകം കുറിച്ചതു് പുതിയ ചരിത്രം. മലയാള നാടകവേദിക്കും കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗത്തും മാറ്റത്തിന്റെ ശംഖൊലി ഉയർത്തി ജൈത്രയാത്ര തുടരുന്നു. തോപ്പിൽ ഭാസി എഴുതി കെപിഎസി അവതരിപ്പിച്ച ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകത്തിന് 70 വയസായി. 

ദീപങ്ങൾ മങ്ങി — കൂരിരുൾ തിങ്ങി
മന്ദിരമെന്നതാ കാൺമൂ മുന്നിൽ

എന്ന അവതരണ ഗാനം കെ എസ് ജോർജിന്റെ ഘനഗംഭീര ശബ്ദത്തിൽ മുഴങ്ങുന്ന പശ്ചാത്തലത്തിലാണ് കർട്ടൻ മെല്ലെ ഉയരുന്നത്. പ്രമുഖ എഴുത്തുകാരനായ ആനന്ദ് ജനയുഗം വാരികയിൽ എഴുതിയ ആസ്വാദന കുറിപ്പിൽ, അതൊരു നാടകാഭിനയമല്ല, ഒരു അർദ്ധരാത്രിക്കിടയിൽ വച്ച് ഒരു നാടിന്റെ ജീവിതം കൺമുന്നിലൂടെ നീങ്ങുകയാണ് എന്ന് പറയുന്നുണ്ട്. തോപ്പിൽ ഭാസി ഒളിവിലിരുന്നു കൊണ്ട് സോമൻ എന്ന തൂലികാ നാമത്തിൽ എഴുതിയ ഈ നാടകം കേരളാ പീപ്പിൾസ് ആർട്ട്സ് ക്ലബ്ബ് (കെപിഎസി ) രംഗത്തവതരിപ്പിക്കുമ്പോൾ അതു് ചരിത്ര സംഭവമാകുമെന്ന് സംഘാടകർ ഒട്ടുമേ പ്രതീക്ഷിച്ചില്ല. അതേപ്പറ്റി ഒ മാധവൻ തന്റെ ആത്മകഥയായ ‘ജീവിത ഛായക’ളിൽ എഴുതിയ വാക്കുകൾ ഇങ്ങനെ,
‘ഓല കൊണ്ട് മറച്ച ഒരു തുറസായ കൊട്ടകയിലായിരുന്നു നാടകം. തികച്ചും അമച്വർമാരായ ഞങ്ങൾക്ക് നിറഞ്ഞ ആത്മവിശ്വാസത്തോടെ നാടകം ആരംഭിച്ച നിറഞ്ഞു തുളുമ്പുന്ന സദസിൽ നിന്നും ആദ്യം മുതൽ തന്നെ പ്രോത്സാഹ ജനകമായ പ്രതികരണമായിരുന്നു ലഭിച്ചത്. കെഎസ് ജോര്‍ജിന്റെ അവതരണഗാനം ഉയരുന്നതോടെ സദസ് നിശബ്ദമായി. ഭാര്യയെ ശകാരിച്ചുകൊണ്ട് അരങ്ങേത്തേക്ക് വരുന്ന വയസനായ പരമുപിള്ള എന്ന കാമ്പിശേരി കരുണാകരനെ കണ്ട മാത്രയില്‍ സദസ് ഒന്നാകെ കയ്യടിച്ച് സന്തുഷ്ടി രേഖപ്പെടുത്തി. അഭിനേതാക്കളുടെ പ്രകടനങ്ങളെല്ലാം ഒന്നിനൊന്നിന് മെച്ചമായിരുന്നു. ജോര്‍ജും സുലോചനയും കൂടി പാടിയ പാട്ടുകളെല്ലാം അതീവ ഹൃദ്യമായി. ഒഎന്‍വി രചിച്ച് ദേവരാജന്‍ ഈണം നല്‍കിയ പൊന്നരിവാള്‍ ഉള്‍പ്പെടെ 23 പാട്ടുകള്‍, നാടന്‍ സംഭാഷണം, കഥാപാത്രങ്ങള്‍ തങ്ങള്‍ക്ക് പരിചയമുള്ളവര്‍— വീട്ടിലുള്ളവരാകാം അയല്‍ക്കാരാകാം ‑അവര്‍ പറയുന്നതോ തനി നാട്ടിന്‍പുറത്തുകാരുടെ ഭാഷയും. നിത്യജീവിതത്തിലെ ദുഃഖങ്ങളെപ്പറ്റി ദുരഭിമാനം കാരണം പുറത്തുപറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ കൂടി കഥാപാത്രങ്ങള്‍ വിളിച്ചുപറയുന്നു. പപ്പുവും കറുമ്പനും മാലയും പറയുന്നതില്‍ സത്യമുണ്ടെന്ന് തോന്നുന്നു. അരങ്ങില്‍ കണ്ടത് നാടകമല്ല, തങ്ങളുടെ ജീവിതമാണ്. അതുകൊണ്ടാണ് നാടകാവസാനം ‘ആ കൊടി ഇങ്ങുതാ എനിക്കതൊന്ന് പൊക്കിപിടിക്കണം’ എന്നും
‘നിങ്ങളെല്ലാവരും കൂടി എന്നെ അങ്ങ് കമ്മ്യൂണിസ്റ്റാക്കി… എന്നാല്‍ ഇനി ഞാനതാ…’ എന്നും കാമ്പിശേരി എന്ന നടന്‍ പരമുപിള്ളയായി ഉറക്കെ പറഞ്ഞപ്പോള്‍ ആ പഴയ കൊട്ടകയില്‍ ഉയര്‍ന്ന കരഘോഷം ദിഗന്തങ്ങള്‍ ഭേദിക്കുന്നതായിരുന്നു. ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിന്ദാബാദ്’ എന്ന മുദ്രാവാക്യമായി അത് മാറാന്‍ അധികസമയം എടുത്തില്ല. ഇത് തുടര്‍ന്നുള്ള എല്ലാ നാടകങ്ങളുടെയും അവസാനത്തെ രംഗമായിരുന്നു. കാണികള്‍ കയ്യില്‍ കരുതിയ ചെങ്കൊടി ഉയര്‍ത്തി നാടകാവസാനം ജാഥയായി മടങ്ങുന്ന കാഴ്ച. അതൊരസാധാരണ സംഭവമായിരുന്നു. 

ഒറ്റ ദിവസം കൊണ്ട് 35ഓളം വേദികളില്‍ ഉദ്ഘാടനത്തെ തുടര്‍ന്ന് ബുക്കിങ്ങായി. അമച്വര്‍ നാടകം പ്രൊഫഷണലായി. വര്‍ഷങ്ങളോളം ഈ നാടകം ഒറ്റ രാത്രി പോലും ഒഴിവില്ലാതെ കേരളത്തിനകത്തും പുറത്തും കളിച്ചു. പതിനായിരം നാടകവേദികളില്‍ അവതരിപ്പിച്ച ഒരു നാടകം ഇന്ത്യന്‍ നാടക ചരിത്രത്തില്‍ വേറെയുണ്ടാകുവാനിടയില്ല. ഒരുപക്ഷേ അത് ലോകത്ത് തന്നെ ആദ്യാനുഭവമാകാം.
അന്തരിച്ച കോടാകുളങ്ങര വാസുപിള്ള ഒഴികെ മറ്റാരും പ്രൊഫഷണല്‍ നാടകരംഗത്ത് പരിശീലനം സിദ്ധിച്ചവരല്ല. നടിമാരില്‍ ചിലര്‍ മുമ്പ് നാടകങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. എന്നാല്‍ കാമ്പിശേരിയും ജി ജനാര്‍ദ്ദനക്കുറുപ്പും രാജഗോപാലന്‍ നായരും ഒ മാധവനും തോപ്പില്‍ കൃഷ്ണപിള്ളയും ഭാസ്ക്കരപ്പണിക്കരും ഇരുത്തം വന്ന നടന്മാരെ പോലെ അഭിനയമികവ് കാട്ടി. കെഎസ് ജോര്‍ജും സുലോചനയും സുധര്‍മ്മയും ഓരോ സ്റ്റേജിലും ആവര്‍ത്തിച്ച് പാടുകയായിരുന്നു. ടേപ്പ്റിക്കോര്‍ഡര്‍ അന്ന് സാധാരണമായിരുന്നില്ല. 

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ കെ ദാമോദരന്റെ ‘പാട്ടബാക്കി‘യെക്കാള്‍ മുന്നില്‍ നില്‍ക്കുന്ന നാടകമാണെന്ന് ഈ നാടങ്ങളെ അപഗ്രഥിച്ചുകൊണ്ട് ഇഎംഎസ് നമ്പൂതിരിപ്പാട് 1954ലെ ജനയുഗം ഓണം വിശേഷാല്‍പ്രതിയില്‍ എഴുതിയ വരികള്‍ കുറിക്കാം: 

പാട്ടബാക്കിയെ അപേക്ഷിച്ച് കൂടുതല്‍ ജീവനുള്ള പാത്രങ്ങളെ സൃഷ്ടിക്കാന്‍ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയയ്ക്ക് കഴിഞ്ഞിട്ടുള്ളതിന്റെ കാരണം സഖാവ് ദാമോദരനെക്കാള്‍ ഉയര്‍ന്ന കലാകാരനാണ് സഖാവ് ഭാസിയെന്നല്ല. പാട്ടബാക്കിയിലില്ലാത്ത സവിശേഷതകളിലൊന്നായ ഗാനങ്ങള്‍ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലുണ്ടെന്നതുമല്ല, പാട്ടബാക്കിയില്‍ അഭിനയിച്ച നടന്മരെക്കാള്‍ കലാകാരന്മാരായി ഉയര്‍ന്നവരാണ് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി‘യിലെ നടന്മാരെന്നതുമല്ല, പിന്നെയോ 1936ല്‍ ദാമോദരന്‍ ജീവിച്ചിരുന്ന കാലത്തെ കലാരൂപത്തില്‍ ചിത്രീകരിച്ചതും പ്രായോഗിക ജീവിതത്തില്‍ രൂപപ്പെടാന്‍ ശ്രമിച്ചതുമായ ബഹുജനപ്രസ്ഥാനം 1952 ആയപ്പോഴേക്ക് എത്രയോ ശക്തിപ്പെടുകയും ബഹുമുഖമായി തീരുകയും ചെയ്തു. കുടിയായ്മ നിയമത്തില്‍ മാറ്റം വരുത്താനാഗ്രഹിക്കുന്ന കുടിയാന്മാരെ സംഘടിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന സാഷ്യലിസ്റ്റ് പ്രവര്‍ത്തകരിലൊരാളായിരുന്നു 1936ല്‍ പാട്ടബാക്കി എഴുതിയ ദാമോദരന്‍. 1952ല്‍ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എഴുതിയ സഖാവ് ഭാസിയാകട്ടെ കുടിയാന്മാരെയും കര്‍ഷകതൊഴിലാളികളെയും എന്നുവേണ്ട വന്‍കിട ഭൂഉടമകളുടെ മര്‍ദ്ദന ചൂഷണങ്ങളില്‍ നിന്ന് മോചനം നേടാന്‍ ശ്രമിക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും ഒരൊറ്റ ഉറച്ച സമരസഖ്യമാക്കി ഉയര്‍ത്താന്‍ ശ്രമിക്കുന്നയൊരാളാണ്. 1936ല്‍ പാട്ടബാക്കി എഴുതിയ സഖാവ് ദാമോദരന്‍ തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും വേണ്ടി പോരാടാന്‍ സ്വജീവിതം ഉഴിഞ്ഞുവച്ച യുവബുദ്ധിജീവിയാണ്. സമ്മേളനങ്ങളിലും ഘോഷയാത്രകളിലും വരുന്ന തൊഴിലാളികളെയും കൃഷിക്കാരനെയുമല്ലാതെ ഫാക്ടറികളിലോ വയലിലോ വാടക കെട്ടിടങ്ങളിലോ താമസിക്കുന്ന കര്‍ഷകതൊഴിലാളി സ്ത്രീ പുരുഷന്‍മാരെ അവരുടെ യാഥാര്‍ത്ഥ്യവും പൂര്‍ണവുമായ ജീവിതത്തില്‍ അദ്ദേഹം കണ്ടിട്ടില്ല. സഖാവ് ഭാസിയാകട്ടെ അര വ്യാഴവട്ടത്തോളം കാലം ചെറു കൃഷിക്കാരുടെയും തൊഴിലാളികളുടെയും കുടിലുകളില്‍ മാറി മാറി താമസിച്ചും അവരുടെ നിത്യജീവിതത്തിലെ സുഖദുഃഖങ്ങളില്‍ പങ്കുകൊണ്ടും അവരെ സംഘടിപ്പിച്ച് കഴിഞ്ഞതിലും പിന്നീടാണ് നാടകം എഴുതിയത്. ഇതാണ് പാട്ടബാക്കിയും നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയും തമ്മിലുള്ള വ്യത്യാസമെങ്കില്‍ ഈ രണ്ട് നാടകങ്ങള്‍ക്കും മറ്റ് സാമൂഹ്യ നാടകങ്ങളില്‍ നിന്ന് മുഖ്യമായ ഒരു വ്യത്യാസമുള്ളതും ഇത് തന്നെയാണ്. തൊഴിലാളികളുടെയും കൃഷിക്കാരുടെയും കര്‍ഷകതൊഴിലാളികളുടെയും സംഘടിതസമരങ്ങള്‍ വളര്‍ത്താനും വളരുമ്പോള്‍ അവയെ നയിക്കാനും ശ്രമിക്കുന്നതിനിടയ്ക്ക് തങ്ങള്‍ കാണുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ ജീവനുള്ള കഥാപാത്രങ്ങളും അവരുടെ പരസ്പര ബന്ധങ്ങളുമായി കണ്ട് ചിത്രീകരിക്കുകയാണ് ദാമോദരനും ഭാസിയും ചെയ്യുന്നത്. 

പ്രതിഭാശാലികളായ ഒരു പിടി ആളുകളുടെ സാഹസികമായ പരിശ്രമമാണ് ഈ നാടകം. കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടുന്ന രാഷ്ട്രീയ കാലാവസ്ഥ. മിക്കവാറും നേതാക്കള്‍ ഒളിവിലോ ലോക്കപ്പിലോ ജയിലിലോ ആണ്. നാടകകൃത്തായ തോപ്പില്‍ഭാസി അടൂര്‍ ലോക്കപ്പില്‍ കഴിയുന്നു. ശൂരനാട് കേസില്‍ പ്രതിയായിരുന്ന അദ്ദേഹം ഒളിവിലിരുന്നുകൊണ്ടെഴുതിയ നാടകം പിന്നീട് പുസ്തകരൂപത്തിലാക്കി. ശൂരനാട് കേസിലെ പ്രതികളുടെ മോചനത്തിനും പൊലീസ് അതിക്രമത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കുന്നതിനുമായി പോറ്റി സാറിന്റെ (കെ കേശവന്‍ പോറ്റി) നേതൃത്വത്തില്‍ ഡിഫന്‍സ് കമ്മിറ്റിയാണ് അത് അച്ചടിപ്പിച്ചത്. ഈ നാടകം കെപിഎസി അവതരിപ്പിച്ചാല്‍ കൊള്ളാമെന്ന ആഗ്രഹം തോപ്പില്‍ ഭാസി പ്രകടിപ്പിച്ചു. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി അത് രംഗത്ത് അവതരിപ്പിക്കാന്‍ കെപിഎസി സംഘം തീരുമാനിച്ചു. പാര്‍ട്ടി നേതാക്കളായിരുന്ന എമ്മെന്‍, ആര്‍ ശങ്കരനാരായണന്‍ തമ്പി എന്നിവരുടെ അംഗീകാരവും ലഭിച്ചു.
നിയമസഭാംഗമായിരുന്ന കാമ്പിശേരിയായിരുന്നു പ്രധാന കഥാപാത്രമായ പരമുപിള്ളയുടെ വേഷമെടുത്തത്. തലയെടുപ്പുള്ള ജന്മി കേശവന്‍നായരുടെ വേഷം ജനാര്‍ദ്ദനക്കുറുപ്പും വേലുച്ചാരായി രാജഗോപാലന്‍നായരും പാട്ടക്കാരന്‍ പപ്പുവായി ഒ മാധവനും കറുമ്പനായി തോപ്പില്‍ കൃഷ്ണപിള്ളയും കമ്മ്യൂണിസ്റ്റ് നേതാവായ മാത്യു ഭാസ്ക്കര പണിക്കരും കേശവന്‍നായരുടെ മകള്‍ സുമം ആയി സുലോചനയും മാലയായി സുധര്‍മ്മയും മീനാക്ഷിയായി സുധര്‍മ്മയുടെ ബന്ധു വിജയകുമാരിയും പരമുപിള്ളയുടെ ഭാര്യ കല്യാണിയമ്മയായി ഭാര്‍ഗവിയും ഗോപാലന്റെ വേഷത്തില്‍ വി സാംബശിവനും രംഗത്തെത്തി. 

നാടകത്തിന്റെ അഭൂതപൂര്‍വമായ വിജയം ഭരണാധികാരികളെയും കമ്മ്യൂണിസ്റ്റ് വിരുദ്ധരെയും വെറളിപിടിപ്പിച്ചു. ഉദ്ഘാടനം ചെയ്തതിന്റെ 85-ാം ദിവസം നാടകം സര്‍ക്കാര്‍ നിരോധിച്ചു. കോവളത്തായിരുന്ന അന്ന് നാടകം നിശ്ചയിച്ചത്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ ആ നാടകത്തിന് വിലക്ക് ഏര്‍പ്പെടുത്തി. കൊല്ലം കളക്ടര്‍ സ്ക്രിപ്റ്റ് കണ്ട് അംഗീകാരം നല്‍കിയതുകൊണ്ടാണ് ഉദ്ഘാടനം മുതല്‍ അത് അവതരിപ്പിച്ചുവന്നത്. ഇക്കാര്യം കെപിഎസി ഭാരവാഹികള്‍ തിരുവനന്തപുരം കളക്ടറെ കണ്ട് ബോധ്യപ്പെടുത്തി. പക്ഷേ കളക്ടറുടെ മറുപടി വിചിത്രമായിരുന്നു. കോവളത്ത് വസൂരി രോഗം പടര്‍ന്നുപിടിച്ചതുകൊണ്ട് നാടകം നിരോധിക്കുകയെന്നതായിരുന്നു. സര്‍ക്കാരിന്റെ രാഷ്ട്രീയ താല്പര്യമായിരുന്നു ഇതിന്റെ പിന്നിലെന്ന് മനസിലാക്കിയ സംഘം എന്തുവന്നാലും നാടകം നടത്തുമെന്ന് മറുപടിയും പറഞ്ഞു. നാടകം നിശ്ചയിച്ച ദിവസം കെപിഎസി സംഘം അവിടെയെത്തി. എന്തും സംഭവിക്കാവുന്ന അവസ്ഥ. വന്‍ പൊലീസ് സംഘവുമുണ്ട്. നിശ്ചയിച്ച തിയേറ്ററില്‍ നാടകം നടത്താന്‍ കഴിയാത്തവണ്ണം ടിക്കറ്റ് വിറ്റുകഴിഞ്ഞു. ഇതേ തുടര്‍ന്ന് ഓപ്പണ്‍എയറില്‍ നാടകം നടത്താന്‍ നിശ്ചയിച്ചു. തിരക്കിട്ട് അതിനുള്ള സ്റ്റേജും തയ്യാറാക്കി. നാടകം തുടങ്ങാറായപ്പോള്‍ നിരോധന ഉത്തരവുമായി പൊലീസുകാര്‍ എത്തി. എന്നാല്‍ അത് കാര്യമാക്കാതെ നാടകം നടത്തി. തുടര്‍ന്ന് സംഘാംഗങ്ങളെ അറസ്റ്റ് ചെയ്ത് പാളയം പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു. രാഷ്ട്രീയ നേതാക്കളായ കാമ്പിശേരി, ജനാര്‍ദ്ദനക്കുറുപ്പ്, ഒ മാധവന്‍, രാജഗോപാലന്‍ നായര്‍ തുടങ്ങിയവര്‍ സ്റ്റേഷനില്‍ ഗാനമേള ആരംഭിച്ചു. തബല, മൃദംഗം, ക്ലാര്‍നറ്റ് തുടങ്ങിയ വാദ്യോപകരണങ്ങളുടെ മേളക്കൊഴുപ്പില്‍ ഗാനാലാപനം കൊഴുത്തു. 

വിവരമറിഞ്ഞ് ഐജി ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഷനിലെത്തി. ജാമ്യം നല്‍കാമെന്ന് ഐജി പറഞ്ഞെങ്കിലും നിരുപാധികം മോചിപ്പിക്കാതെ ആരും സ്റ്റേഷനില്‍ നിന്ന് പോകില്ലെന്ന് ജി ജനാര്‍ദ്ദനക്കുറുപ്പ് തീര്‍ത്ത് പറഞ്ഞു. ഗത്യന്തരമില്ലാതെ ഐജി അന്നത്തെ പാര്‍ട്ടി സെക്രട്ടറി എംഎന്‍ ഗോവിന്ദന്‍നായരുമായി ബന്ധപ്പെട്ടു. എമ്മെന്‍ സ്റ്റേഷനിലെത്തി. കേസ് രജിസ്റ്റര്‍ ചെയ്തതുകൊണ്ട് ജാമ്യം എടുക്കാതെ തരമില്ലെന്നായി. പക്ഷേ ജാമ്യക്കാര്‍ വേണ്ടെന്നും സ്വന്തം ജാമ്യത്തില്‍ മോചിപ്പിക്കാമെന്നും പൊലീസ് സമ്മതിച്ചു. അങ്ങനെയാണ് കെപിഎസി സംഘം മോചിതരായത്. ഈ നിരോധനാജ്ഞയ്ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ പാര്‍ട്ടിയും കെപിഎസിയും തീരുമാനിച്ചു. തിരുകൊച്ചി നിയമസഭയിലും അതിന്റെ അനുരണനങ്ങളുണ്ടായി. കാമ്പിശേരി കരുണാകരനും എംഎന്‍ ഗോവിന്ദന്‍നായരും നാടകനിരോധനത്തെ എതിര്‍ത്തുകൊണ്ട് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. അമര്‍ഷത്തിന്റെ അഗ്നി കാഴ്ചക്കാരുടെ മനസ്സിലേക്ക് പടര്‍ന്നുകയറി. ആ അഗ്നിയില്‍ അധികാരം പടച്ചുവിട്ട നിരോധന ഉത്തരവുകള്‍ കത്തിയമര്‍ന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.