Monday
27 May 2019

പൂച്ച

By: Web Desk | Sunday 10 March 2019 7:42 PM IST


ഷീജ ഗൗരി പദ്മം

ചിലനേരം മനസ്സൊരു
തെമ്മാടി പൂച്ചയെ പോലെയാണ്.
വേദന മാത്രം തരുന്ന
ചില വൃത്തികെട്ട ചിന്തകള്‍
ചികഞ്ഞു പുറത്തിടുന്ന
ചേറുപുരണ്ട കാലുകളുള്ള
വികൃതജീവി..

മറക്കാനായി മൂടിവെച്ചത്
കൃത്യമായി കണ്ടുപിടിച്ചു കളയും.
മാര്‍ജ്ജാര കൗശലത്തോടെ –
മണത്തു മണത്തു,
മറന്നുപോയ ദുര്‍ഗന്ധങ്ങളെ
ഓര്‍മിപ്പിച്ചെടുക്കും.

ഓര്‍മിച്ചാല്‍ പിടിവിട്ടുവീഴുന്ന
ആഹ്ലാദപീലികള്‍ ,
ഓര്‍മ്മിക്കാന്‍ ഒരിക്കലും
ആശിക്കാത്ത ചതികള്‍ ,
അടയാളം വെച്ചു
കുഴിച്ചു മൂടിയിരിക്കുന്ന
പാഴ്‌നിലങ്ങളില്‍
വികൃതിപൂച്ച ഉശിരോടെ ഉഴുതു മറിക്കും.

ഊഷരമായ ഗര്‍ഭപാത്രത്തെ
ഓര്‍ത്തുനീറുന്നവളെ പോലെ
മുറിഞ്ഞ പീലിതണ്ടുകളുടെ കണ്ണുകള്‍
വിഷാദത്തിന്റ നരച്ച മാനം കണ്ടുകിടക്കും.

പിറക്കാത്ത കുഞ്ഞിന്റെ
കളിചിരികള്‍പോലെ
നടക്കാത്ത ഇഷ്ടങ്ങള്‍
ഭാവനകള്‍ കൊണ്ട് കൊട്ടാരം കെട്ടും.
പൂച്ചയെപ്പോലെ പദം വെച്ചു
മനസ്സ് നഷ്ട സ്വപ്‌നങ്ങളുടെ
പാല്‍പ്പായസമുണ്ണും.