പൂക്കാത്തതെന്തേ?

മീനാക്ഷി
പൂക്കാത്തതെന്താണു നീയെന്റെ മുല്ലേ?
നോക്കുന്നു ഞാന്‍ നിന്നെ നിത്യം, നിരന്തം
നീര്കാറ്റു പുല്കാതെപോവില്ല നിന്നെ;
ഏല്‍ക്കാതിരിക്കില്ല ബാഷ്പങ്ങള് മെയ്യില്‍
മാകന്ദശാഖയ്ക്കു ചേലൊത്ത വസ്ത്രം
ഏകുന്നതാരാണു ചൊല്ലാമൊയിപ്പോള്?
ആകാശവീഥിക്കലങ്കാരമായ് പൂ-
ക്കാനാ,യൊരുങ്ങുന്നു മാഞ്ചില്ല വേഗം
വെണ്താരകള് മുത്തു മേലാപ്പിനേകി,
വെണ്താരകള് താഴെ ഭൂമിക്കൊരുങ്ങാന്
കാതില്‍ കുണുക്കിട്ടു, ചേലില് വിളങ്ങി,
കാതങ്ങളോളം നിരന്നെന്നു കേള്‍പ്പൂ
മുറ്റത്തു ഞാന്‍ നട്ടു, മുത്തങ്ങളായ് നീ-
രിറ്റിച്ചു, താലോലമാട്ടുന്നതല്ലേ?
തെറ്റത്തു ഞാന്‍ നട്ട മന്ദാരവൃക്ഷം;
തെറ്റാതെ പൂക്കുന്നു കാലങ്ങളോളം
കാറ്റേറ്റു വീഴാതെ, കാലൂന്നിനില്‍ക്കാന്‍,
നീറ്റുന്ന വേനലില്‍ വാടാതിരിക്കാന്‍
ചുറ്റിപ്പിടിക്കുന്ന മാകന്ദമാണാ
മുറ്റത്തു നിന്തോഴനായ് നില്പതെന്നും!
രാത്തിങ്കളെത്തുന്നു നീരാളമേകാന്
പൂത്താലമേന്തുന്ന താരങ്ങളൊപ്പം
കൂത്താടുവാനെത്തി രാപ്പക്ഷിവൃന്ദം
പൂത്തില്ലയെന്നാലുമീ രാത്രി നീയും
ഗന്ധംപരത്തുന്ന മുറ്റത്തെ ഗന്ധി;
രന്ധ്രങ്ങളായ് മാറി കാറ്റിന്റെ മെയ്യില്‍
സന്ധ്യയ്ക്കു നീലാഞ്ജനപ്പട്ടു നെയ്താ
ബന്ധം പുതുക്കുന്നിതെന്നും നിശീഥിയില്‍
മാല്യങ്ങളേകേണ്ട,യെന്നാലുമൊന്നീ
മാലൊന്നു തീര്ക്കാമൊ നീയെന്റെ മുല്ലേ?
വാലിട്ട കണ്ണാലെമാഴ്കുന്ന നേരം
ചേലൊത്ത പൂവൊന്നു കണ്ടൂ സഹര്‍ഷം!
പൂത്തല്ലൊ, ആഹാ! മനംപോലെ മുല്ലേ
പൂത്തല്ലൊയിന്നെന്റെ മോഹം നിതാരം
കാര്ത്തുമ്പിയെത്തുന്നതിന്മുന്പുതന്നെ;
ചാര്‍ത്തട്ടെ! മൂക്കൂത്തിയായിന്നു നിന്നെ!