26 March 2025, Wednesday
KSFE Galaxy Chits Banner 2

പാവങ്ങൾ: മലയാളഗദ്യവികാസത്തിന്റെ ദിശാസൂചി

അശ്വതി അനന്തന്‍
February 2, 2025 7:15 am

”നാമിപ്പോൾ കടന്നുപോരുന്നതും ഇപ്പോഴും അത്രമേൽ ദുഃഖമയവുമായ പരിഷ്കാരഘട്ടത്തിൽ പാവങ്ങളുടെ പേർ മനുഷ്യർ എന്നാണ്: അവൻ എല്ലാ ഭാഷകളിലും നിലവിളിക്കുന്ന”
— വിക്ടർ യൂഗോ

സാമൂഹികദർശനത്തിലൂന്നിയ സാഹിത്യപ്രമേയങ്ങൾ കൈകാര്യം ചെയ്യുകയും അതിലൂടെ വിശ്വസാഹിത്യത്തിലെ സ്വാധീനശക്തിയായി പരിണമിക്കുകയും ചെയ്ത വിക്ടർ യൂഗോയുടെ സുപ്രധാന കൃതിയാണ് ‘ലാ മിറാബാലെ.’ ഈ കൃതിയെയും ഗ്രന്ഥകാരനെയും മലയാളിക്ക് പരിചിതമാക്കിയത് നാലപ്പാട്ട് നാരായണമേനോനാണ്. വിക്ടർ യൂഗോയുടെ ‘ലാ മിറാബാലെ’ എന്ന ഗ്രന്ഥത്തിന് നാലപ്പാട്ട് നാരായണമേനോൻ തയ്യാറാക്കിയ ‘പാവങ്ങൾ’ എന്ന വിവർത്തന കൃതി ഭാഷാ-സാഹിത്യചരിത്രത്തിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല. ‘പാവങ്ങളു’ടെ നൂറാം വാർഷികം ആഘോഷിക്കുന്ന സന്ദർഭത്തിൽ വിവർത്തനസാധ്യതകളെ പുനർനിർവചിക്കുകയും മലയാളഗദ്യവികാസത്തിന്റെ ചരിത്രസന്ദർഭത്തിൽ കരുത്തുറ്റ വിനിമയങ്ങൾ സാധ്യമാക്കുകയും ചെയ്ത ഈ പരിഭാഷയ്ക്ക് മലയാളസാഹിത്യത്തിൽ നിസ്തുലമായ സ്ഥാനമുണ്ട്.
വിക്ടർ യൂഗോയുടെ മൂലകൃതിയ്ക്ക് അമേരിക്കൻ വിവർത്തകനായ ഇസബെൽ ഫ്ലോറൻസ് ഹാപ്ഗുഡ് 1887 തയ്യാറാക്കിയ പരിഭാഷയെ ആധാരമാക്കിയാണ് നാലപ്പാട്ട് നാരായണമേനോൻ പാവങ്ങളെന്ന കൃതി രചിച്ചത്. നാലപ്പാട്ടിന്റെ വിവർത്തനം കേവലമൊരു ഭാഷാപരമായ വ്യായാമമായിരുന്നില്ല. മറിച്ച് സർഗാത്മകമായ ഒരു പുനഃരാഖ്യാനമായിരുന്നു. മൂലകൃതിയുടെ സാമൂഹികവും രാഷ്ട്രീയവും വൈകാരികവുമായ അടിയൊഴുക്കുകളെക്കുറിച്ചുള്ള കൃത്യമായ ധാരണ മലയാളികളായ വായനക്കാർക്ക് പ്രാപ്യമാക്കുന്നതിനൊപ്പം വിശ്വസാഹിത്യത്തിലെ വിഷയവൈവിധ്യങ്ങളിലേക്കുള്ള തുറസായി വർത്തിക്കാനും ‘പാവങ്ങൾ’ക്ക് കഴിഞ്ഞു. പാവങ്ങൾ എന്ന ശീർഷകം തന്നെ നോവലിന്റെ ആന്തരികമായ യുക്തികളോടും അതുൾച്ചേർന്ന അനുഭവലോകത്തോടുമുള്ള അദ്ദേഹത്തിന്റെ സംവേദനക്ഷമതയുടെ തെളിവാണ്. അതിന്റെ ആത്മാവിനെ പാവങ്ങളെന്ന ശീർഷകത്തിന്റെ ഔചിത്യത്തിലൂടെ പ്രതിനിധീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മൈത്രിയിലും മാനവവിമോചനത്തിലൂന്നിയ പുതിയൊരു ലോകക്രമത്തെ വിഭാവന ചെയ്യാൻ പാവങ്ങൾ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. കൃതിയുടെ ഈ പ്രേരണയെ കൃത്യമായി സംവേദനം ചെയ്യാൻ സാധിക്കുന്ന നാലപ്പാട്ട് നാരായണമേനോനെന്ന പരിഭാഷകന്റെ കർതൃത്വം പരിഷ്കരണോന്മുഖമായ കേരളീയ സാമൂഹികാന്തരീക്ഷത്തോട് ക്രിയാത്മകമായ ഇടപെടൽ സാധ്യമാക്കുകയുണ്ടായി. 

ശ്രേണീബദ്ധമായ സാമൂഹ്യക്രമങ്ങളോട് വിമർശനാത്മകമായി സംവദിക്കുകയും ലോകക്ലാസിക്ക് എന്ന് വിലയിരുത്തപ്പെടുകയും ചെയ്ത പാശ്ചാത്യ കൃതിയുടെ പ്രമേയപരിസരം കേരളത്തിലെ ജാതിവിരുദ്ധപോരാട്ടങ്ങളുടെ സമാന്തരപാതയിൽ സന്ധിക്കുകയാണുണ്ടായത്. ഈ സന്ദർഭത്തിൽ പാവങ്ങളെന്ന വിവർത്തനം ഒരു സാംസ്കാരിക പ്രവർത്തനത്തെ ബലപ്പെടുത്തുന്നുണ്ട്. അങ്ങനെയാണ് സാമൂഹിക മാറ്റത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിൽ സാഹിത്യത്തിനുള്ള പങ്കിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിത്തുടങ്ങിയത്. ഒരൊറ്റ ഗ്രന്ഥത്തിന്റെ തർജമകൊണ്ട് മലയാളഭാഷാസാഹിത്യത്തിലെ ഒരു തലമുറയിൽപ്പെട്ട യുവാക്കളുടെ വീക്ഷണത്തിൽ മാറ്റം വരുത്താൻ മറ്റൊരാൾക്കും കഴിഞ്ഞിട്ടില്ലെന്ന് ഇഎംഎസ് പ്രസ്താവിച്ചതിനെ ഇതിനോട് ചേർത്തുവായിക്കേണ്ടതുണ്ട്. മാത്രമല്ല വിശ്വസാഹിത്യത്തിലെ മികച്ച കൃതികളുടെ ആശയപരമായ ഗാംഭീര്യമോ സാഹിത്യഭംഗിയോ ചോർന്നുപോകാതെ യുക്തിഭദ്രമായി അവതരിപ്പിക്കാനുതകുന്ന നിലയിൽ പക്വമായൊരു ഭാഷയായി മലയാളത്തെ അടയാളപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചു. 

പിൽക്കാലത്ത് ബഷീറും ദേവും തകഴിയുമുൾപ്പെടെയുള്ള റിയലിസ്റ്റ് സാഹിത്യ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രപരമായ അടിത്തറ പരുവപ്പെടുത്തുന്നതിലും നാലപ്പാട്ട് നാരായണമേനോന്റെ വിവർത്തനകൃതിയുടെ സ്വാധീനശക്തി പ്രകടമായിരുന്നു. മാത്രമല്ല നാലപ്പാടിന്റെ നേതൃത്വത്തിലുള്ള സാഹിത്യ സംവാദങ്ങൾ കുട്ടികൃഷ്ണ മാരാരടക്കമുള്ള പൗരസ്ത്യ നിരൂപകരെ പാശ്ചാത്യ സാഹിത്യത്തിലേക്ക് ആകർഷിക്കുകയുമുണ്ടായി. നാലപ്പാട്ട് നാരായണ മേനോനുമായുള്ള ആശയപരമായ ചർച്ചകൾ, വിശേഷിച്ചും പാശ്ചാത്യ സാഹിത്യത്തെക്കുറിച്ചുള്ള ചർച്ചകൾ കുട്ടികൃഷ്ണ മാരാരുടെ ആദ്യകാല ബൗദ്ധിക വ്യവഹാരങ്ങളുടെ അടിത്തറ രൂപപ്പെടുത്തുന്നതിലും നിർണായകമായ ഘടകമായി നിലകൊണ്ടിട്ടുണ്ട്. 

നാലപ്പാട്ട് നാരായണമേനോന്റെ വിവർത്തനങ്ങൾ കേവലം മൂലകൃതിയെ പുനഃനിർമ്മിക്കുന്നതായിരുന്നില്ല. കേരളത്തിന്റെ സാംസ്കാരികവും ധാർമ്മികവുമായ തലങ്ങളെക്കൂടി സ്വാംശീകരിച്ചാണ് അദ്ദേഹം പ്രമേയങ്ങളെയും കഥാപാത്രങ്ങളെയും രൂപപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വിവർത്തനങ്ങളുടെ പൊതുസ്വീകാര്യതയെ വർധിപ്പിച്ചത് ഈ വൈദഗ്ധ്യമാണ്. ആശയങ്ങളുടെ കൈമാറ്റവും ഭാഷകളുടെ സമ്പുഷ്ടീകരണവും സാധ്യമാക്കുന്ന, സംസ്കാരങ്ങൾ തമ്മിലുള്ള പാലമായി വർത്തിക്കുന്ന വിവർത്തനത്തിന്റെ ബലതന്ത്രങ്ങൾ പ്രത്യക്ഷത്തിൽ കണ്ടെടുക്കാവുന്ന കൃതി കൂടിയാണ് പാവങ്ങൾ. വർത്തമാനകാലത്തിലും അതിന്റെ പ്രസക്തി ഒട്ടും കുറയുന്നില്ല. പാവങ്ങൾ വായനക്കാർക്കും എഴുത്തുകാർക്കും പണ്ഡിതന്മാർക്കും പ്രചോദനത്തിന്റെ ഉറവിടമായി തുടരുന്നുണ്ട്. നീതിക്കും സമത്വത്തിനും വേണ്ടിയുള്ള ശാശ്വതമായ പോരാട്ടങ്ങളെ ഓർമ്മിപ്പിക്കുന്ന അതിന്റെ പ്രമേയങ്ങൾ എക്കാലത്തും പ്രസക്തമായിരിക്കുകയും ചെയ്യും. മലയാളസാഹിത്യത്തെ വിശ്വസാഹിത്യത്തിന്റെ ചിന്താധാരകളുമായി ബന്ധിപ്പിക്കുന്ന സുപ്രധാനമായ പരിഭാഷയെന്ന നിലയിലും സാംസ്കാരിക പ്രവർത്തനങ്ങളോട് ഐക്യപ്പെടുന്ന സാഹിത്യകൃതിയെന്ന നിലയിലും വിവർത്തനത്തിന്റെ ഭാഷാപരവും സാംസ്കാരികവുമായ അതിർവരമ്പുകളെ എങ്ങനെ മറികടക്കാം എന്നതിന്റെ ഉഝ്വലമായ ഉദാഹരണമെന്ന നിലയിലും പാവങ്ങൾ കാലാതീതമായ സാഹിത്യ മാതൃകയായി നിലനിൽക്കുകതന്നെ ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.