മരിച്ചു വീഴുന്നത് പാവങ്ങളുടെ മക്കള്‍

Web Desk
Posted on June 24, 2019, 11:04 pm

മുസാഫിര്‍ പുര്‍ ജില്ല ബിഹാറിന്റെ തലസ്ഥാനമായ പട്‌നയില്‍ നിന്നും 80 കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ എത്താവുന്ന സ്ഥലമാണ്. അവിടെയാണ് വേനല്‍ക്കാലത്ത് ദരിദ്രരുടെ വീടുകളിലെ കുഞ്ഞുങ്ങള്‍ ചെടികളില്‍ നിന്ന് പൂക്കള്‍ കൊഴിയുന്ന ലാഘവത്തോടെ മരിച്ചു വീഴുന്നത്. ഈ വര്‍ഷം ഇതിനകം 142 കുഞ്ഞുങ്ങള്‍ മരിച്ചു കഴിഞ്ഞു. ഇത് ഈ വര്‍ഷത്തെ ഒരു പുതിയ പ്രതിഭാസമല്ല. നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റ 2014 ലിലും ബിഹാറില്‍ ഇതേ പ്രദേശത്ത് 350 ദരിദ്രരായ കുഞ്ഞുങ്ങള്‍ വേനല്‍ക്കാലത്ത് ഇതേ കാരണത്താല്‍ മരിച്ചിരുന്നു. 2014 ല്‍ നിന്ന് രാജ്യം ഉത്തരോത്തരം പുരോഗമിച്ചു എന്നാണ് മോഡിയും അമിത്ഷായും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് രാജ്യം മുഴുവന്‍ പറഞ്ഞു നടന്നത്. 2019 ല്‍ വീണ്ടും മോഡി അധികാരത്തിലുമെത്തി. പക്ഷെ മുസാഫിര്‍ പുരില്‍ ദരിദ്രരുടെ വീട്ടിലെ കുട്ടികള്‍ ഇപ്പോഴും മരിച്ചുകൊണ്ടിരിക്കുന്നു. സംശയമില്ല രാജ്യം പുരോഗമിക്കുകയാണ്. സെന്‍സെക്‌സ് ആകാശം മുട്ടെ ഉയര്‍ന്നു. ഇതാ വരുന്നു ബുള്ളറ്റ് തീവണ്ടി, രാജ്യത്തിന്റെ അന്തസുയര്‍ത്തി നമ്മുടെ പ്രധാനമന്ത്രി വിദേശയാത്രകള്‍ അഭംഗുരം തുടരുന്നു. ആയുഷ്മാന്‍ ഭാരത് എന്ന പേരില്‍ ഇന്ത്യയിലെ മുക്കാല്‍ പങ്ക് ജനങ്ങളെയും ഉള്‍പ്പെടുത്തി നടത്തും എന്നു പറഞ്ഞ് ‘മോഡി കെയര്‍’ എന്ന് പാണന്മാര്‍ വാഴ്ത്തിപ്പാടിയ പദ്ധതി ഈ രാജ്യത്ത് നടപ്പിലാക്കിയിട്ടുമുണ്ടത്രേ- എന്നിട്ടും എല്ലാ വേനല്‍ക്കാലത്തും ബിഹാറിലെ ഗ്രാമങ്ങളില്‍ ദരിദ്രരുടെ മക്കള്‍ മരിച്ചു വീഴുന്നു. ഒരു കാറ്റ് മുറ്റത്തെ റോസാപ്പൂവിന്റെ ദലങ്ങള്‍ കൊഴിച്ചുകളയുന്ന ലാഘവത്തോടെ അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോം (എഇഎസ്) അഥവാ ‘ബ്രെയിന്‍ ഫീവര്‍’ എന്ന പനി കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നു.

എന്താണ് ഈ എഇഎസ് എന്ന പനി ? വൈദ്യശാസ്ത്രപരമായി ഏതാണ്ട് ഒരേ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന, ശക്തമായ പനി, തലവേദന, മതിഭ്രമം ബോധക്ഷയം ഇവയെല്ലാം വരാവുന്ന ഒന്നിലധികം കാരണങ്ങള്‍ കൊണ്ടുണ്ടാവുന്ന തലച്ചോര്‍ വീക്കത്തെയാണ് എന്‍സഫലൈറ്റിസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പൊതുവെ പോഷകാഹാരക്കുറവുള്ള കുട്ടികള്‍, രോഗങ്ങള്‍ മൂലം പ്രതിരോധ ശേഷി കുറഞ്ഞ വൃദ്ധര്‍ ഇവരിലൊക്കെയാണ് ഈ രോഗം അപകടകാരിയായി മാറുന്നത്. ബിഹാറിലെ 12 ജില്ലകളില്‍ ഈ രോഗം സാധാരണമാണ്. പ്രധാനമായും മുസാഫിര്‍ പുര്‍, വൈശാലി, ഈസ്റ്റ് ചമ്പാരന്‍ എന്നീ ജില്ലകളില്‍ ‘ചമ്കി’ പനി എന്ന പേരില്‍ ഇന്ന് കേരളത്തില്‍ രണ്ടുതവണ പൊട്ടിപ്പുറപ്പെടാന്‍ ശ്രമിച്ച ‘നിപ്പ’ പോലെ ഭീകരമായ വല്ല വൈറസും ആണോ? അല്ല എന്നാണ് ഒറ്റവാക്കിലെ ഉത്തരം. ബ്രെയിന്‍ ഫീവര്‍ ബാക്റ്റീരിയ മൂലവും വൈറസ് മൂലവും ഉണ്ടാവാമെങ്കിലും ബിഹാറില്‍ കാണപ്പെടുന്ന എന്‍സഫലൈറ്റിസ് തുടക്കത്തില്‍ തന്നെ തടയാവുന്ന ഒരു രോഗമാണ്. ബിഹാറിലെ ദരിദ്രരുടെ മക്കള്‍ക്ക് രോഗം ബാധിക്കുന്നത് നല്ല ഭക്ഷണവും ശുദ്ധജലവും ലഭിക്കാത്തതിനാലാണ്. ഡോക്ടര്‍മാര്‍ പറയുന്നത് ക്ഷാമബാധിതമായ ജില്ലകളില്‍ കൃത്യമായി ഭക്ഷണവും ശുദ്ധജലവും വിതരണം ചെയ്താല്‍ തന്നെ ഈ അസുഖത്തിന്റെ വ്യാപനം തടയാനാവും എന്നാണ്. അസുഖം ബാധിച്ചവര്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ ശരീരത്തിലെ നിര്‍ജലീകരണം തടയുവാനായി ഒആര്‍എസ് അല്ലെങ്കില്‍ ഗ്ലൂക്കോസും ധാരാളം വെള്ളവും നല്‍കിയാല്‍ രോഗം നിയന്ത്രിക്കുവാന്‍ സാധിക്കും. എന്നാല്‍ മുസാഫിര്‍ പുരിലും സമീപ ജില്ലകളിലും ആശുപത്രികളിലെത്തുന്ന കുട്ടികള്‍ രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയവരാണ്. മുസാഫിര്‍ പുരില്‍ ഈ കുഞ്ഞുങ്ങളെ ചികിത്സിക്കുന്നത് ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് ആശുപത്രിയിലും കെജ്‌രിവാള്‍ ആശുപത്രിയിലുമാണ്. ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആകെ 600 കിടക്കകള്‍ മാത്രമാണുള്ളത്. മറ്റു സൗകര്യങ്ങള്‍ തീരെ കുറവും. അവിടെ ഇപ്പോള്‍ 900 രോഗികളിലധികം ചികിത്സയിലുണ്ട്. അതില്‍ മൂന്നിലൊന്ന് എന്‍സഫലൈറ്റിസ് ബാധിച്ച കുഞ്ഞുങ്ങള്‍. കന്നുകാലികള്‍ മേഞ്ഞുനടക്കുന്ന വൃത്തിഹീനമായ ആശുപത്രി പരിസരം, പതിവായ പവര്‍കട്ടുകള്‍, ഡോക്ടര്‍മാര്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ അസൗകര്യങ്ങള്‍ മാത്രം. മുസാഫിര്‍ പുരിലെ ഗ്രാമങ്ങളില്‍ നിന്ന് മൃതപ്രായരായ മക്കള്‍ അങ്ങോട്ട് എത്തിക്കൊണ്ടിരിക്കുന്നു. കാറ്റ് പൂവിനെ എന്നപോലെ രോഗം അവരെ ഈ ലോകത്തു നിന്നും അടര്‍ത്തിക്കളയുന്നു.

വേനല്‍ക്കാലത്ത് ധാരാളമായുണ്ടാവുന്ന ലിച്ചിപഴങ്ങള്‍ കഴിച്ചാണ് കുട്ടികളില്‍ രോഗമുണ്ടാവുന്നത് എന്നൊരു കാരണവും പറഞ്ഞു കേട്ടിരുന്നു. അത് ശരിയല്ല എന്ന് പിന്നീട് തെളിഞ്ഞു. എന്തുകൊണ്ടാണ് കുഞ്ഞുങ്ങള്‍ ലിച്ചി പഴങ്ങള്‍ തേടി വെയിലത്ത് കുറ്റിക്കാടുകളിലും പൊതുഇടങ്ങളിലും അലഞ്ഞത്? അവര്‍ക്ക് ഭക്ഷണമായി മറ്റൊന്നും ലഭിക്കാതിരുന്നത് കൊണ്ടുതന്നെ. മുസാഫിര്‍ പുരിലെ ദരിദ്രരില്‍ ദരിദ്രരായ ദളിത് വിഭാഗങ്ങള്‍ താമസിക്കുന്ന മാര്‍വാന്‍ എന്ന ഗ്രാമത്തിലും അതുപോലുള്ള നൂറുകണക്കിന് അയല്‍ഗ്രാമങ്ങളിലും ആവശ്യത്തിന് തൂക്കമില്ലാത്ത, വയറുന്തിയ പ്രായത്തിനൊത്ത വളര്‍ച്ചയില്ലാത്ത കുഞ്ഞുങ്ങളെ മാത്രമേ കാണാനാവൂ. ആ നാട്ടിലൊന്നും അങ്കണവാടികളോ, പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളോ, ആരോഗ്യപ്രവര്‍ത്തകരോ, പ്രാഥമിക വിദ്യാലയങ്ങളോ ഇല്ല. ഈ ഗ്രാമങ്ങളിലെ ഭൂരിപക്ഷം പേരും നിരക്ഷരരുമാണ്. വര്‍ഷങ്ങളായി ഓരോ വേനല്‍ക്കാലത്തും മസ്തിഷ്‌ക്ക വീക്കവും മരണങ്ങളും ആവര്‍ത്തിക്കുന്നുവെങ്കിലും നാളിതുവരെ ഒരു തരത്തിലൂള്ള പ്രതിരോധ പ്രവര്‍ത്തനമോ പുതിയ പൊതു ആരോഗ്യസ്ഥാപനങ്ങളോ ബിഹാറിലെ ഈ ജില്ലകളിലൊന്നും തന്നെ ആരംഭിച്ചിട്ടില്ല. ബിഹാറിലെ ഒരു മന്ത്രി ശിശു മരണങ്ങളെ കുറിച്ച് ലാഘവത്തോടെ ചോദിച്ചത് ‘എത്ര വിക്കറ്റായി’ ? എന്നാണ്. ആയുഷ്മാന്‍ ഭാരത്, അഥവാ മോഡികെയറിനെ കുറിച്ച് ഈ ഗ്രാമങ്ങളില്‍ ആര്‍ക്കും അറിയില്ലെന്നാണ് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തത്.

നമ്മുടെ ഭരണകര്‍ത്താക്കള്‍ വലിയ കാര്യങ്ങളുടെ വലിയ തിരക്കിലാണ്. ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്, ലോകം മുഴുവന്‍ ആയുരാരോഗ്യ സൗഖ്യം വിതയ്ക്കാന്‍ യോഗ ദിനാചരണം, ബിഎസ് നാലില്‍ നിന്ന് അഞ്ച് ഒഴിവാക്കി ബിഎസ് ആറിലേക്കു കുതിക്കുന്ന അന്തരീക്ഷ മലിനീകരണം കുറഞ്ഞ ഇന്ധനം, സ്വകാര്യമേഖലക്ക് തീറെഴുതികൊടുത്ത വിമാനത്താവളങ്ങളും തുറമുഖങ്ങളും ഊര്‍ദ്ധശ്വാസം വലിക്കുന്ന ബിഎസ്എന്‍എല്‍ അടക്കമുള്ള പൊതുമേഖല കമ്പനികള്‍. നാല് ശതമാനത്തിലെത്തി താഴോട്ടു കുതിക്കാനൊരുങ്ങുന്ന വളര്‍ച്ചാ നിരക്ക്. അതെ രാജ്യം വലിയൊരു കുതിപ്പിനൊരുങ്ങുകയാണ്. അതിനിടയില്‍ ലിച്ചിപ്പഴം തിന്നു മരിച്ചുപോവുന്ന കുട്ടികള്‍. ആള്‍ക്കൂട്ടം തല്ലിക്കൊല്ലുന്ന വഴിപോക്കര്‍ ഇവരെക്കുറിച്ചൊക്കെ ഉച്ചത്തില്‍ വിളിച്ചു കൂവുന്ന കുറെ രാജ്യദ്രോഹികള്‍. അതെ അവരെയാണ് ഇല്ലാതാക്കേണ്ടത്. രാജ്യത്തിന്റെ വളര്‍ച്ച കാണാത്തവര്‍. തരിമ്പും ദേശസ്‌നേഹമില്ലാത്തവര്‍. അതിനാല്‍ ഇനി ആശുപത്രികളല്ല- ജയിലുകളാണ് ആവശ്യം വരിക. സത്യം വിളിച്ചുപറയുന്ന രാജ്യദ്രോഹികളെ പാര്‍പ്പിക്കാനുള്ള വിശാലമായ ജയിലുകള്‍, ഈ ശിശുമരണങ്ങള്‍ക്കുള്ള ഏക കാരണം കടുത്ത ദാരിദ്ര്യം കാരണമുള്ള പോഷകാഹാരക്കുറവും ചികിത്സാ സൗകര്യങ്ങളുടെ പൂര്‍ണ്ണമായ അഭാവവുമാണെന്ന് വിളിച്ചു പറയുന്നവര്‍ക്കായുള്ള തടവറകള്‍.