14 October 2024, Monday
KSFE Galaxy Chits Banner 2

Related news

October 9, 2024
October 2, 2024
September 26, 2024
September 24, 2024
September 23, 2024
September 22, 2024
September 20, 2024
September 9, 2024
September 3, 2024
April 19, 2024

മനവും മാനവും നിറഞ്ഞ ദൃശ്യവിരുന്നായി പൂരങ്ങളുടെ പൂരം

ബിനോയ് ജോർജ് പി
തൃശൂർ
May 10, 2022 9:47 pm

പൂരങ്ങളുടെ പൂരത്തിന്റെ പ്രധാന കാഴ്ചകൾക്ക് ഇത്തവണ പതിന്മടങ്ങ് സൗന്ദര്യമായിരുന്നു. മേടത്തിലെ ഉരുകുന്ന ചൂടിന് പകരം രാവിലെ ചാറ്റൽമഴയും പ്രസന്നമായ ആകാശവും. ഏറെ വിയർത്തൊലിക്കാതെ പൂരപ്പറമ്പിൽ ചുറ്റിത്തിരിഞ്ഞ് പൂരം ആഘോഷമാക്കുകയായിരുന്നു ആബാലവൃദ്ധം ജനങ്ങളും. തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യവും പാറമേക്കാവിന്റെ ഇലഞ്ഞിച്ചോട്ടിലെ മേളവിസ്മയവും പതിവിലേറെ ആസ്വാദകരെ ആകർഷിച്ചു. അപൂർവ ദൃശ്യവിരുന്നായി വർണക്കുടകളുടെയും പലനിലക്കുടകളുടെയും ആകാശക്കാഴ്ച്ച. ഇടവിട്ട് അല്പസമയം മഴ ‘കുടകൾ ’ നനച്ചെങ്കിലും അതു കൂസാതെ പിന്നെയും കുടകളുയർന്നു. അക്ഷരാർത്ഥത്തിൽ രണ്ട് വർഷത്തെ പൂരാഘോഷങ്ങളുടെ ശൂന്യതയെ മറികടന്ന്, മനവും മാനവും നിറയെ കാഴ്ചകളുടെയും വാദ്യമേളങ്ങളുടെയും ചാരുത പകർന്നു പൂരങ്ങളുടെ പൂരം. 

ഭൂമുഖത്തെ ഏറ്റവും നയനാഭിരാമമായ ഉത്സവമെന്ന് വാഴ്ത്തപ്പെടുന്ന തൃശൂർ പൂരത്തിന്റെ വാദ്യ‑വർണക്കാഴ്ചകൾക്ക് രാവിലെ ഏഴരയോടെ തുടക്കമായി. വടക്കുംനാഥന്റെ തെക്കേ ഗോപുരനട വഴിയെത്തിയ കണിമംഗലം ശാസ്താവിന്റെ പൂരത്തോടെയായിരുന്നു തുടക്കം. സമയക്രമത്തിനനുസരിച്ച് ഏഴ് ഘടകക്ഷേത്രങ്ങളും വാദ്യമേളങ്ങളും ആനകളും ആരവങ്ങളുമായി പൂരപ്പറമ്പിലെത്തി വടക്കുംനാഥനെ വണങ്ങി മടങ്ങി. പനമുക്കുംപിള്ളി, ചെമ്പുക്കാവ്, കാരമുക്ക്, ലാലൂർ, ചൂരക്കോട്ട് കാവ്, അയ്യന്തോൾ, നെയ്തലക്കാവ് ഭഗവതിമാർ കണിമംഗലം ശാസ്താവിന് പുറകെ ഒന്നൊന്നായി പൂരനഗരിയിലെത്തി. ഒരു മണിയോടെ ഘടകപൂരങ്ങളുടെ പകൽ എഴുന്നള്ളിപ്പുകൾ സമാപിച്ചു.
പൂരപ്പറമ്പിൽ ഘടകപൂരങ്ങൾ മേളാരവം തീർക്കുമ്പോൾ 11.30 ന് നടുവിൽ മഠത്തിലെ ഉപചാരങ്ങൾക്ക് ശേഷം പ്രശസ്തമായ മഠത്തിൽവരവ് പഞ്ചവാദ്യം ആരംഭിച്ചു. തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റി തിരുവമ്പാടി ചന്ദ്രശേഖരൻ തലയുയർത്തി നടുവിൽ. അഞ്ച് വർഷമായി മഠത്തിൽ വരവ് പഞ്ചവാദ്യത്തിന്റെ പ്രമാണി കോങ്ങാട് മധുവാണ്. തിമിലയിൽ കോങ്ങാട് മധുവിനൊപ്പം നല്ലേപ്പിള്ളി കുട്ടനും കരിയന്നൂർ നാരായണൻ നമ്പൂതിരിയും കൂട്ടുചേർന്നപ്പോൾ മദ്ദളത്തിൽ ചെർപ്പുളശ്ശേരി ശിവനും ഇടയ്ക്കയിൽ തിച്ചൂർ മോഹനനും ശംഖിൽ കോടന്നൂർ ശങ്കരനും കൊമ്പിൽ മഠത്തിൽ മണികണ്ഠനും ഒപ്പത്തിനൊപ്പം നിന്നു. കൈത്തഴക്കമേറിയ പഞ്ചവാദ്യ കലാകാരന്മാരുടെ മനോഹര അവതരണത്തിൽ ആസ്വാദകർ നൃത്തംവച്ചു. 

ബ്രഹ്മസ്വം മഠത്തിന്റെ സമീപത്തെ പന്തലിൽ നിന്നും മൂന്ന് ആനകളുമായി പുറപ്പെടുന്ന തിരുവമ്പാടിയുടെ പഞ്ചവാദ്യം റൗണ്ടിലേക്ക് കയറുമ്പോൾ ഏഴ് ആനകളാകും. പൂരപ്പറമ്പിലേക്ക് കടക്കുമ്പോൾ പഞ്ചവാദ്യം പാണ്ടിയിലേക്ക് വഴിമാറി 15 ആനകളുടെ എഴുന്നള്ളിപ്പായി മാറി ശ്രീമൂലസ്ഥാനത്തെത്തി മേളം കൊട്ടിക്കലാശിച്ചു. ഈ സമയം പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളത്തിന്റെ അകമ്പടിയോടെ 12 മണിക്കാരംഭിച്ച പാറമേക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് കിഴക്കെ ഗോപുര വാതിലിലൂടെ വടക്കുംനാഥനിലെത്തി. തിടമ്പേറ്റിയത് പാറമേക്കാവ് പത്മനാഭനാണ്. 2.45ഓടെ ലോകപ്രസിദ്ധമായ ഇലഞ്ഞിത്തറ മേള ആരംഭിച്ചു. പെരുവനം സതീശനും പഴുവിൽ രഘുവും തിരുവല്ല രാധാകൃഷ്ണനും ചേറൂർ രാജപ്പനും തുടങ്ങി 250ലേറെ കലാകാരന്മാര്‍ കുട്ടൻ മാരാർക്ക് ശക്തമായ പിന്തുണയേകി ഇരുവശങ്ങളിലും നിന്ന് മേളഗോപുരം തീർത്തു. കുഴലിലും കൊമ്പിലും ഇലത്താളത്തിലുമായി കീഴൂട്ട് നന്ദൻ, മച്ചാട് രാമചന്ദ്രൻ, ചേർപ്പ് നന്ദനൻ എന്നിവർ ഒപ്പം ചേർന്ന് ഗംഭീരമാക്കി.

ഇലഞ്ഞിച്ചോട്ടിൽ മേളം സമാപിച്ചതിനുശേഷം തെക്കോട്ടിറങ്ങിയ തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങൾ അഭിമുഖമായി നിന്ന് കുടമാറ്റം ആരംഭിച്ചു. കരിവീരന്മാരുടെ പുറത്തേറിയവർ വിവിധതരം കുടകൾ വാനിലേക്കുയർത്തുമ്പോൾ ജനലക്ഷങ്ങൾ ആനന്ദത്തിലാറാടി. ഇവയിൽ എൽഇഡി കുടകളും ശ്രീബുദ്ധനും കൃഷ്ണനും നാഗരൂപവും മയിലുമെല്ലാം ഉണ്ടായിരുന്നു. രാത്രി വീണ്ടും എട്ട് ഘടകക്ഷേത്രങ്ങളുടെ പൂരങ്ങൾ ആവർത്തിച്ചു. തിരുവമ്പാടി-പാറമേക്കാവിൽ വിഭാഗങ്ങളുടെ പൂരവും രാത്രി ആരംഭിച്ച് പുലർച്ചെ അവസാനിച്ചു. ഇന്ന് തട്ടകക്കാരുടെ പകൽ പൂരത്തോടെ 36 മണിക്കൂർ നീണ്ടുനിന്ന തൃശൂർ പൂരത്തിന് സമാപനമാകും. പാറമേക്കാവ് ‑തിരുവമ്പാടി ഭഗവതിമാർ രാവിലെ എഴുന്നള്ളിയെത്തി ഉച്ചക്ക് ഒരു മണിയോടെ വടക്കുംനാഥന്റെ ശ്രീമൂലസ്ഥാനത്തു വച്ച് ഉപചാരം ചൊല്ലിപിരിയുന്നതോടെ ഈ ആണ്ടിലെ പൂരം സമാപിക്കും.

Eng­lish Summary:Pooram is a visu­al feast full of mind and dignity
You may also like this video

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.