പൂരം

Web Desk
Posted on June 03, 2018, 8:35 am

മനു എം ജി

നെടുകയും കുറുകയും ചങ്ങലയില്‍പ്പെട്ടവനെ
മുന്നിലെ ചലനങ്ങള്‍ ഭ്രാന്തനാക്കും.

തലയില്‍ ചുമക്കും തങ്കരൂപം
തുമ്പി മറയ്ക്കും നെറ്റിപ്പട്ടം
കുടഞ്ഞെറിയാന്‍ തോന്നും അസ്വസ്ഥത.

ഇലഞ്ഞിത്തറയിലെ
മേളപ്പെരുക്കത്തില്‍
നില തെറ്റി നില്‍ക്കുന്നൂ,
കാട്ടുതാളത്തില്‍ തിമൃത്തവന്‍.

തെക്കേ നട തുറന്നിറങ്ങുന്നത്
കടന്നല്‍ക്കൂട്ടത്തിലേക്കെന്നപോലെ.

പാണ്ടിയും പഞ്ചാരിയും മുഴക്കും നാദം
തല്ലേറ്റ കരച്ചില്‍
കാഞ്ഞിരവടി ഓര്‍മ്മ വരും.

കാട്ടു നെഞ്ചിടിപ്പ്
കേട്ടു വളര്‍ന്നവന്
നാട്ടുഘോഷങ്ങള്‍
തീത്തൊടീലുകള്‍

വര്‍ണ്ണം വിടര്‍ത്തും കുടമാറ്റം
അങ്കലാപ്പുണര്‍ത്തും മിന്നലാട്ടം
കണങ്കാല്‍ വ്രണത്തില്‍
കോര്‍ത്തുവലിക്കും
തോട്ടിക്കൊളുത്തിന്‍
നടുക്കും ഓര്‍മ്മയില്‍
അനങ്ങാതെ നില്‍ക്കുന്നു.

ഗന്ധകം കത്തും
വര്‍ണപെയ്ത്തില്‍
ആള്‍ക്കൂട്ടം ഭ്രമിക്കുമ്പോള്‍
അകവും പുറവും വെന്തു നില്‍ക്കുന്നവന്‍
പ്രാണന്‍ പിടഞ്ഞ് മുന്നോട്ടായുന്നത്
ഇടഞ്ഞവന്റെ ആക്രമണം.

മുള്‍ചങ്ങല കെട്ടി
കൊല്ലാതെ കൊല്ലുന്നത്
ആചാരങ്ങളുടെ ആഘോഷം.

സഹികെട്ട കടല്‍
കയറി വരുംപോലെ
കാട് ഇറങ്ങി വരുന്നത്
കാത്തുനില്‍ക്കുന്നു,
കരയിലേറ്റം കണ്ണീരൊഴുക്കുന്നോന്‍.