Saturday
19 Oct 2019

പൂര്‍ണവിരാമം

By: Web Desk | Sunday 31 March 2019 8:08 AM IST


പ്രിയാനായര്‍

ഓരോ എഴുത്തുകാരിയുടെ ഉള്ളിലും ഒരു നിശാവസ്ത്രം പോലെ പൊതിയുന്ന മറ്റൊരു എഴുത്തുകാരിയുടെ സ്വരൂപമുണ്ട്. കുതറിനിന്നും കലമ്പിയും മാത്രമേ ആ മറ്റൊരുവളില്‍നിന്ന് വിടുതല്‍ നേടാനാവുകയുള്ളൂ. കഥയെഴുതാന്‍ ആഗ്രഹിച്ചപ്പോഴൊക്കെ അഷിത മുന്നില്‍ നിന്ന് കഥകളായി ചിരിച്ചു. വായിച്ചുവളര്‍ന്നത് മാധവിക്കുട്ടിയിലായിരുന്നെങ്കിലും മനസ്സ് കഥകള്‍ എഴുതിത്തുടങ്ങിയത് അഷിതയിലായിരുന്നു. കാരണം മുതിര്‍ന്ന ഒരുവളുടെ ഭൗതികവും ആത്മീയവുമായ സംത്രാസങ്ങളെ ആ കഥകള്‍ നേര്‍ക്കുനേര്‍ നിര്‍ത്തി. അഷിതയുടെ കഥകള്‍വായിച്ച് മനസ്സ് കലഹിച്ചപ്പോഴാണ് മുമ്പൊരിക്കല്‍ ആദ്യമായി ഒരു നീണ്ട കുറിപ്പ് എഴുതിയത്. ഞാന്‍ പിന്നീട് നേരിട്ട അമ്പരപ്പ് കഥാകാരിയുടെ നേരിട്ടുള്ള ഫോണ്‍ കോളായിരുന്നു. അന്ന്, സന്തോഷം കൊണ്ട് കൂമ്പിപ്പോയ എന്നെ എനിക്കിപ്പോഴും അവരോടെന്നപോലെ സ്‌നേഹമാണ്. ഒരു എഴുത്തുകാരി അവരുടെ കഥകളെക്കുറിച്ചുള്ള ഏറ്റവും നല്ല എഴുത്ത് എന്നു പറഞ്ഞപ്പോള്‍ ആര്‍ദ്രമായൊരു മനസ്സിനെ തൊട്ടുനിന്നതുപോലെയായിരുന്നു. പിന്നെ, ഏറെനാള്‍ ‘ചേച്ചി’ എന്നു നീട്ടിവിളിച്ച് അവരോടുള്ള എന്റെ ഇഷ്ടങ്ങള്‍ മുഴുവന്‍ തുറന്നുപറഞ്ഞു. ആരാധനയോടെ നിശ്ശബ്ദം മുന്നില്‍ നിന്നു. കാരണം അവരുടെ കഥാപാത്രങ്ങളും ഏറെയൊന്നും സംസാരിച്ചിരുന്നില്ലല്ലോ . പറയാതെ നിന്ന വാക്കുകള്‍ പിന്നീടു കേട്ടത് ഒരു അഭിമുഖത്തിലൂടെയായിരുന്നു. അഷിത ഇങ്ങനെയും പറഞ്ഞു, ‘ മാധവിക്കുട്ടിയെപ്പോലെയാവണ്ട എന്ന് വെച്ചിട്ട് ഞാനവരെ വായിക്കാനേ പോയില്ല . മാധവിക്കുട്ടി എന്നെ ഒരുപാട് സ്‌നേഹിച്ചിരുന്നു. കിട്ടിയതിന്റെ ഒരംശംപോലും തിരിച്ചുകൊടുത്തിട്ടില്ല ഞാന്‍’. അഷിതയുടെ കഥകള്‍ വായിച്ചാണ് വളര്‍ന്നത്; എഴുതിപ്പോയതും. ഇപ്പോള്‍ ആ നിശ്ശബ്ദമായ വേര്‍പാടിന്റെ ഓര്‍മ്മകളിലൂടെ അനുയാത്ര ചെയ്യാന്‍ കൂട്ടായി കഥകള്‍ മാത്രം ബാക്കിയാവുന്നു.

അഷിതയുടെ എഴുത്തുജീവിതത്തെ പിന്‍തുടരുക ഒട്ടും എളുപ്പമല്ല. ഇടയ്ക്കിടെ മുറിഞ്ഞും മൗനം പാലിച്ചും ഏറെ ധ്വനിപ്പിച്ചും നിശ്ശബ്ദതയിലൂടെയുള്ള പ്രയാണമാണിത്. കുറച്ചുമാത്രം എഴുതുകയും പറയുകയും മാത്രമല്ല എഴുതിയതിലൊന്നും ഉയര്‍ന്ന പൊട്ടിച്ചിലമ്പലുകള്‍ ഇല്ലാതിരിക്കുന്നതും അതിന്റെ പ്രത്യേകതയാണ്. അസാധാരണമായ മൗനത്തിന്റെ ഊറ്റം കഥകളെ ദൃശ്യാനുഭവങ്ങളാക്കി മാറ്റുന്നു. ഓരോ മനസ്സും ഉള്ളടക്കുന്ന വികാരലോകം എത്രമാത്രം ഏകാന്തവും തീക്ഷ്ണവുമാണെന്ന് ഓരോ കഥയും പറയുന്നു; ഓരോ കഥാപാത്രവും നിശ്ശബ്ദമായനുഭവിക്കുന്നു. ഒറ്റയ്ക്കാവുന്നതില്‍ കൗതുകവും രസവും തേടുന്ന ഒരുവളെ കഥകളിലെമ്പാടുംകാണാം. കഥയെന്ന ഒറ്റയടിപ്പാതയിലൂടെയുള്ള ഏകാന്തയാത്രയില്‍ മൗനത്തിലുറഞ്ഞുപോയ സ്ത്രീയവസ്ഥകളില്‍, മണ്‍തരിയോളം സാന്ദ്രമായ ബന്ധങ്ങളില്‍ എഴുത്തുകാരിയുടെ കയ്യൊപ്പുണ്ട്. അഷിതയുടെ കഥയെഴുത്ത് സജീവമാകുന്നത് തൊണ്ണൂറുകളിലാണ്. വിസ്മയചിഹ്നങ്ങള്‍, അപൂര്‍ണവിരാമങ്ങള്‍, മഴമേഘങ്ങള്‍, ഒരു സ്ത്രീയും പറയാത്തത്, അഷിതയുടെ കഥകള്‍, നിലാവിന്റെ നാട്ടില്‍, താവോയുടെ പുസ്തകം തുടങ്ങിയവ പ്രധാന രചനകളാണ്.

Ashitha

കുടുംബം എന്ന വ്യവസ്ഥക്കുള്ളിലാണ് കഥകള്‍ നിലയുറപ്പിക്കുന്നത്. നഗരത്തിലേക്കും ഫ്‌ളാറ്റിലേക്കും ചേക്കേറിയ രണ്ടുപേര്‍ അനിഷ്ടത്തോടെ മാത്രം താമസിക്കുന്ന ഒരിടമായി കുടുംബം നിര്‍വ്വചിക്കപ്പെടുന്നു.കുടുംബം, വീട് എന്നീ പരമ്പരാഗതസന്ദര്‍ഭങ്ങളിലെ സ്ത്രീ ഇവിടെ സാധാരണമല്ല. വീട് ഫ്‌ളാറ്റ് എന്ന നിലയിലും കുടുംബം, അമ്മയും മകളുമെന്ന ഏകകത്തിലും പൂര്‍ണവുമാണ്. ഫ്‌ളാറ്റിന് കുടുംബം, വീട് എന്നീ അര്‍ത്ഥങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു. പരസ്പരം ബന്ധമുള്ളതോ അല്ലാത്തതോ ആയ കുറച്ചുപേര്‍ താല്‍ക്കാലികമായി ഒരുമിച്ച് താമസിക്കുന്ന ഒരിടം മാത്രമായി അത് പരിവര്‍ത്തിച്ചിരിക്കുന്നു. എല്ലാ ബന്ധങ്ങളും ഫ്‌ളാറ്റുകള്‍ക്കുള്ളിലെ ചില താല്‍ക്കാലിക ഉടമ്പടികള്‍ മാത്രമാകുന്നതിന്റെ സന്ദര്‍’ങ്ങള്‍ കഥാകാരി അവതരിപ്പിക്കുന്നുണ്ട്. അവിടെ പക്ഷെ ഇണക്കത്തോടെ, രണ്ട് സ്ത്രീകള്‍ തമ്മിലുള്ള സ്‌നേഹപാരുഷ്യങ്ങളോടെ ജീവിക്കുന്ന അമ്മയും മകളുമുണ്ട്. അമ്മ, മകള്‍ എന്നീ ഉഭയനിലയില്‍ സമാനവും വിരുദ്ധവുമായ സ്ത്രീസ്വത്വത്തെ കണ്ടെത്തുന്നു. സ്ത്രീയുടെ ജീവിതം, മകള്‍, ഭാര്യ, അമ്മ തുടങ്ങിയ അവസ്ഥാന്തരങ്ങളില്‍ തറഞ്ഞുപോയിരിക്കുന്നു. കഥ, കഥാസന്ദര്‍ഭം, കഥാപാത്രം ഇവ മൂന്നും അങ്ങേയറ്റം നിശ്ശബ്ദവും ഫ്ലാറ്റിന്‍റെ അകത്തളങ്ങളില്‍ അരങ്ങേറുന്നതുമാണ്. ഫ്ലാറ്റ് സ്ത്രീയുടെ അകത്തേക്ക് വലിഞ്ഞ മനസ്സിന്റെ രൂപകമാണ്. അവിടെ കാലം നിശ്ചലമോ രേഖീയമോ മാത്രമാണ്. ഇവിടെ സ്ത്രീയുടെ പുറംലോകത്തിലേക്കുളള കുതറലുകളില്ല.

കുടുംബത്തിനുള്ളില്‍ സ്വതന്ത്രമായ ഒരു നില ബോധപൂര്‍വ്വം സൃഷ്ടിച്ചെടുക്കുകയും അതില്‍ നിഗൂഢമായി ആഹ്ലാദിക്കുകയും സ്വാകര്യതയില്‍ അഭിരമിക്കുകയും ചെയ്യുന്ന പെണ്ണവസ്ഥകള്‍ അഷിത നിര്‍മ്മിക്കുന്നുണ്ട്. കുടുംബിനി/ ഭാര്യ/വിവാഹിത എന്നിവയ്ക്കു സമാന്തരമായി പെണ്‍കുട്ടിയും ഒരു സവിശേഷ പ്രതിനിധാനമാണ്. സ്ത്രീകളുടെ മാത്രമായ ലോകത്ത് അമ്മയും മകളുമാണുള്ളത്. അവിടെ പുരുഷന്‍ അദൃശ്യനാണ്; അല്ലെങ്കില്‍ സ്ത്രീയുടെ നോട്ടപ്പാടിന്റെ പ്രാധാന്യമേ നല്‍കുന്നുള്ളു. ദാമ്പത്യത്തില്‍ അകപ്പെട്ടുപോകുന്ന സ്ത്രീപുരുഷന്മാരുടെ ജീവിതത്തെ അങ്ങേയറ്റം നിസ്സംഗമായി നോക്കിക്കാണുകയാണ് പല കഥകളും. രണ്ടുപേര്‍ ദാമ്പത്യത്തെ എങ്ങനെ വിദഗ്ദ്ധമായ ഒരു കളിയാക്കി മാറ്റുന്നു എന്ന തീക്ഷ്ണമായ നോട്ടത്തിനൊപ്പം കഠിനമായൊരു നിസ്സംഗത ദാമ്പത്യത്തിനുള്ളില്‍ കലമ്പി നില്‍ക്കുന്നുണ്ട്. ഓരോ വാക്കും ജീവിതമെന്ന വലിയ കളിയുടെ നേര്‍ക്ക് മൂര്‍ച്ചയോടെ ഉയര്‍ന്നുനില്‍ക്കുന്ന അനുഭവമാണ് കഥകള്‍ നല്‍കുന്നത്. സ്‌നേഹത്തിന്റെ പല മാനങ്ങളില്‍ നടക്കുന്ന ലീല-കളി-യാണ് ഓരോ കഥയും. ബന്ധങ്ങള്‍ വൈകാരികവും ഒപ്പം നിരാസത്തിന്റെ നൂല്‍പ്പാലങ്ങളില്‍ വഴുതുകയുമാണ്. വ്യക്തിയുടെ അന്തര്‍ഗതങ്ങളെ നേര്‍ക്കുനേരെ നിര്‍ത്തുന്ന ഓരോ വാക്കും മറുവാക്കുകളുമായി പിടഞ്ഞും പിണഞ്ഞും നില്‍ക്കുന്നു.വാക്കുകളുടെ സ്‌നേഹാര്‍ദ്രമായ കളി കഥകളിലെമ്പാടുമുണ്ട്.

Ashithaആന്തരികമായ ഇടങ്ങളെ, അതിന്റെ പ്രശ്‌നസങ്കീര്‍ണതകളെ അടയാളപ്പെടുത്തുന്ന അഷിത സ്ത്രീ എന്ന പ്രയോഗത്തെ ഒരു വ്യവസ്ഥാപിത സംജ്ഞയായി സ്വീകരിച്ചുകൊണ്ടു തന്നെ അതിന്റെ ഉള്ളടക്കങ്ങളെ വിവിധ വ്യവഹാരനിലകളിലൂടെ സമീപിക്കുകയാണ് ചെയ്യുന്നത്. സ്ത്രീപക്ഷനിലയെ ഉറപ്പിക്കാനല്ല ശ്രമിക്കുന്നത്. സ്ത്രീ എന്ന അവസ്ഥയെ ഒരു സാമാന്യനിര്‍വ്വചനത്തില്‍നിന്നു മോചിപ്പിച്ച് വിഭിന്നങ്ങളായ സ്വത്വനിലകളില്‍ അവരുടെ വൈകാരികസന്ദര്‍ഭങ്ങളെ കണ്ടെടുക്കുന്ന കഥാകാരി ഓരോ സ്ത്രീയെയും സ്വതന്ത്രമായ ഒരസ്തിത്വമായി കാണുന്നു. സാമൂഹികമായ പദവികളിലല്ല, ആന്തരികമായ യുക്തികളിലും ഇഷ്ടാനിഷ്ടങ്ങളിലും സ്വതന്ത്രതകളിലും വിവരിക്കുന്ന ഒട്ടേറെ സ്ത്രീമനസ്സുകളുടെ അമ്പരപ്പിക്കുന്ന വിന്യാസങ്ങള്‍ അവരുടെ കഥയില്‍ ഒട്ടാകെ കാണാം.

കഥ മാത്രമല്ല ജീവിതവും ഒരു കല്ലുവച്ച നുണയാണെന്നു പഠിച്ചത് വായനയുടെ തുടക്കത്തിലെങ്ങോ ആണ്. വാക്കുകളുടെ കളിയില്‍ മുതിര്‍ന്നവരും കുട്ടികളും ചേര്‍ന്ന് നുണയുടെയും സത്യത്തിന്റെയും വൈരുദ്ധ്യങ്ങളുടെ അനുഭവലോകത്തെ നിര്‍മ്മിക്കുന്നു. നുണയുടെ ബാലഭാവനകളെ കഥാകാരി തന്ത്രപരമായി മെനയുന്നു. നുണ സ്ത്രീജീവിതത്തിന്റെ പ്രായോഗികജ്ഞാനമായി മാറുകയാണ്. അടുത്തകാലത്താണ് അഷിത ചില തുറന്ന പറച്ചിലുകള്‍ നടത്തിയത്. ഏകാന്തമായൊരു കുട്ടിക്കാലത്തിന്റെ പീഡകളും ഭയവും തുറന്നെഴുതിയ അഷിത അതുവരെയുള്ള തന്റെ മൗനത്തെയാണ് മറികടന്നത്. പക്ഷേ, അവരുടെ കഥകളുടെ ഉള്ളുരുക്കങ്ങളില്‍ ആ അവഗണനകളും വേദനകളും നിഗൂഢമായി പിടയുന്നുണ്ട്. കഥകളില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്ന അമ്മ. – മകള്‍ ദ്വന്ദ്വത്തിലെങ്ങും അച്ഛന്റെ സാന്നിദ്ധ്യമേയില്ല. വിട പറയും മുമ്പ് അതേവരെ പറയാതെ വച്ചതെല്ലാം അവര്‍ വായനക്കാര്‍ക്കു മുന്നില്‍ തുറന്നു പറഞ്ഞു. പക്ഷേ, കഥകളിലെ അപൂര്‍ണവിരാമം ആത്മകഥയിലും തുടര്‍ന്നു. നിത്യചൈതന്യയതിയുടെ ശിഷ്യയായിരുന്ന അഷിതയുടെ രചനകളിലെമ്പാടും ഏകാകിനിയായ, ആത്മീയസ്വത്വം പേറുന്ന, തന്റെ ഉള്ളിലെ കലമ്പലുകള്‍ക്കുമേല്‍ ഏകാഗ്രമായിരിക്കുന്ന ഒരു സ്ത്രീയെ കാണാം. ഹൈക്കുകവിതകള്‍, വിവര്‍ത്തനങ്ങള്‍, ബാലസാഹിത്യ രചനകള്‍, കഥാസമാഹാരങ്ങള്‍ ഒക്കെയും ഇനിയുമേറെ വായനകള്‍ക്കായി കാത്തിരിക്കുന്നു.

അഷിതയുടെ ഹൈക്കു കവിതകള്‍

കാറ്റിനോട്

ഓര്‍മകളെ കരിയിലകള്‍പോല്‍ ചുഴറ്റി
എന്നെ കടപുഴക്കി വീഴ്ത്തും കാറ്റേ,
നീയിന്നെനിക്ക്, അനിഷ്ടകാമുകന്‍!

ബുദ്ധപൂര്‍ണിമ
മുടന്തുന്ന കുഞ്ഞാടിലും
കടുകില്ലാ വീടു തേടും അമ്മയിലും
നിറനിലാവായുദിക്കുന്നു ശ്രീബുദ്ധന്‍.

ഒളിച്ചുകളി
തെന്നിമാറും മേഘങ്ങള്‍പോല്‍,
ശലഭങ്ങള്‍പോല്‍, വാക്കുകള്‍ മന്ത്രിക്കുന്നു,
‘കഴിയുമെങ്കില്‍ എന്നെ കൂട്ടിലാക്കൂ.’

യാത്രാമൊഴി
എനിക്ക് സമയമാകുമ്പോള്‍
‘ഓം’ എന്ന പ്രണവാക്ഷരമേറി
ശൂന്യതയിലേക്ക് ഞാന്‍ കുതിക്കുമല്ലോ

അനുരാഗം
ഓര്‍ക്കാപ്പുറത്ത് നനഞ്ഞ മഴയില്‍,
കാറ്റില്‍, പൊഴിഞ്ഞ ആലിപ്പഴംപോല്‍,
അനുരാഗം!

                  കടപ്പാട്: മാതൃഭൂമി ബുക്സ്