പൂവരശ്

Web Desk
Posted on June 30, 2019, 10:58 am

കിനാവ്

മണ്ണിലേക്കെടുത്തനേരം
അവള്‍ ചിരിക്കുകയായിരുന്നു
പൂവരശ്

ഒരു കവറിന്റെ വട്ടച്ചുവരുകള്‍ക്കകത്ത്
അല്പം വെള്ളവും വളവും തന്ന്
മരിക്കാനനുവദിക്കാതെ
ജീവിക്കാന്‍ വിടാതെ
എത്ര ദിനരാത്രങ്ങള്‍
എത്രയെത്ര മഴക്കാലങ്ങള്‍
എത്രയെത്രകാറ്റിനീണങ്ങള്‍
ഞാനൊറ്റയ്‌ക്കേകനായ്
അനുഭവിച്ചു!

മുരടിച്ചവേരുകള്‍
വളരാന്‍ മടിച്ച ഇതളുകള്‍
കാത്തിരിക്കുകയായിരുന്നു
എന്നെങ്കിലും
പച്ചമണ്ണിനാര്‍ദ്രതയിലൊരു
പൂവരശായ് വളരണം
കിളികള്‍ക്ക് കൂടാകണം
പൂവിട്ടുഫലമായ് വസന്തമാകണം
പൊന്നോണങ്ങളുണ്ണണം
വിഷുപക്ഷിക്കു കൊമ്പൊരുക്കണം

ഒരു ചെറുകുഴിയില്‍
മഴ പാട്ടുകള്‍ പാടിയ
ആ ചെറുവീട്ടിലാണ്
പൂവരശ് മണ്ണിന്റെ
സുഖമറിഞ്ഞത്
ആ തണുപ്പില്‍ വേരുറപ്പിക്കാന്‍
മനമറിഞ്ഞത്

പിന്നെയാണവള്‍
ജീവിതമറിഞ്ഞത്
മഴനനയ്ക്കുന്ന നഗ്‌നതയുടെ
ഉന്മാദമറിഞ്ഞത്
ഉടുവില്‍
രതിസുഖമായ്
മരപ്പെയ്ത്തായത്‌