25 April 2024, Thursday

കോവിഡാനന്തര ബൂം ലക്ഷ്യമിട്ട് 100 സ്റ്റോറുകള്‍ തുറക്കാന്‍ പോപ്പീസ്

Janayugom Webdesk
കൊച്ചി
September 14, 2021 3:03 pm

കോവിഡാനന്തര കുതിപ്പു ലക്ഷ്യമിട്ട് പ്രമുഖ ചില്‍ഡ്രന്‍ ക്ലോത്തിംഗ് ബ്രാന്‍ഡായ പോപ്പീസ് അതിന്റെ റീടെയില്‍ രംഗത്തെ സാന്നിധ്യം വന്‍തോതില്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. സ്വന്തം ഔട്ട്‌ലെറ്റുകളും ഫ്രാഞ്ചൈസി മാതൃകയിലുമുള്ള എക്‌സ്‌ക്ലൂസിവ് ഔട്ട്‌ലെറ്റുകളുടെ എണ്ണം നടപ്പുവര്‍ഷം 100 കടത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് പോപ്പീസ് ബേബി കെയര്‍ പ്രൊഡക്റ്റസ് എംഡി ഷാജു തോമസ് പറഞ്ഞു. ബ്രാന്‍ഡിന്റെ ആദ്യ വിദേശ ഔട്ട്‌ലെറ്റുകള്‍ക്ക് യുകെയിലെ ലണ്ടനിലും മാഞ്ചസ്റ്ററിലും തുടക്കമിടാനും കമ്പനി തയ്യാറെടുക്കുകയാണ്. മലപ്പുറം ജില്ലയിലെ തിരുവാലി, ബംഗളൂരു, തിരുപ്പൂര്‍ എന്നീ മൂന്നിടങ്ങളിലായി ചില്‍ഡ്രന്‍ ക്ലോത്തിംഗ് നിര്‍മാണ യൂണിറ്റുകളുള്ള കമ്പനിയ്ക്ക് നിലവില്‍ 32 എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലെറ്റുകളുണ്ട്. ‘ഇതില്‍ 25 എണ്ണവും കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ആരംഭിച്ചതാണ്. തുടര്‍ന്നും മികച്ച വളര്‍ച്ച തന്നെയാണ് ചില്‍ഡ്രന്‍ ക്ലോത്തിംഗിനും അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും പ്രതീക്ഷിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് വികസനപരിപാടി.’ ഷാജു തോമസ് പറഞ്ഞു. ഇതിനായി പ്രൈവറ്റ് പ്ലേസ്‌മെന്റുകള്‍ തുടങ്ങിയ ആകര്‍ഷക നിക്ഷേപാവസരങ്ങളാണ് കമ്പനി മുന്നോട്ടു വെയ്ക്കുന്നതെന്നും ഷാജു തോമസ് പറഞ്ഞു.

5 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പോപ്പീസ് എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലെറ്റുകളുടെ എണ്ണം 500 ആക്കാനും ലക്ഷ്യമിടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയ 134 കോടിയുടെ വിറ്റുവരവില്‍ 5–8% മാത്രമാണ് കയറ്റുമതിയുടെ വിഹിതം. ഇത് വര്‍ധിപ്പിക്കാനും പരിപാടിയുണ്ട്. ഈ വര്‍ഷം 200 കോടി വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. 5 വര്‍ഷത്തിനുള്ളില്‍ 1000 കോടി ടേണോവറാണ് ലക്ഷ്യം. ഇ‑കോമേഴ്‌സ് രംഗത്തെ സാന്നിധ്യം വിപൂലീകരിയ്ക്കാനും ബ്രാന്‍ഡ് ഒരുങ്ങിക്കഴിഞ്ഞു. പുതുതായി വരുന്ന ഒമ്‌നിചാനല്‍ പുതിയ ഒരു ഉപഭോക്തൃ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നതെന്നും ഷാജു തോമസ് പറഞ്ഞു. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, അജിയോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ബ്രാന്‍ഡിന് നിലവിലുള്ള മികച്ച വളര്‍ച്ചയ്ക്കു പുറമേയാണിത്.

സ്വന്തം ബ്രാന്‍ഡില്‍ കുഞ്ഞുടുപ്പുകള്‍ വില്‍ക്കുന്ന അപൂര്‍വം ചില്‍ഡ്രന്‍ ക്ലോത്തിംഗ് നിര്‍മാതാക്കളിലൊന്നാണ് പോപ്പീസെന്നും ഷാജു തോമസ് ചൂണ്ടിക്കാണിച്ചു. ദക്ഷിണേന്ത്യയില്‍ നിരവധി ചില്‍ഡ്രന്‍ ക്ലോത്തിംഗ് നിര്‍മാതാക്കളുണ്ടെങ്കിലും വിദേശ ലേബലുകള്‍ക്കു വേണ്ടിയുള്ള കരാര്‍ നിര്‍മാണരംഗത്താണ് ഏറെ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. ‘2005‑ലെ തുടക്കം മുതല്‍ ഗുണനിലവാരം, ഡിസൈനുകള്‍, മാര്‍ക്കറ്റിംഗ് മികവ് എന്നിവയിലുള്ള ആത്മവിശ്വാസമാണ് സ്വന്തം ബ്രാന്‍ഡിലൂടെയുള്ള വിപണനത്തിന് പ്രേരണയായത്’ ഷാജു തോമസ് വിശദീകരിച്ചു.

വികസനത്തിന്റെ ഭാഗമായി കളിപ്പാട്ടങ്ങള്‍, ഡയപ്പറുകള്‍, ആക്‌സസറികള്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് ഉല്‍പ്പന്നനിര വിപുലീകരിക്കാനും പദ്ധതിയുണ്ട്.മൂന്ന് പ്ലാന്റുകളിലായി 2000‑ത്തിലേറെപ്പേര്‍ ജോലി ചെയ്യുന്ന കമ്പനിക്ക് മാസം തോറും 5 ലക്ഷം ഗാര്‍മെന്റുകള്‍ നിര്‍മിക്കാന്‍ ശേഷിയുണ്ട്. ചില്‍ഡ്രന്‍ ക്ലോത്തിംഗിനു പുറമെ ഡെനിം ഗാര്‍മെന്റ്‌സ്, വൂവന്‍ ഫേബ്രിക്‌സ് ഗാര്‍മെന്റ്‌സ്, സ്ത്രീകള്‍ക്കുള്ള മറ്റേണിറ്റി വെയര്‍ എന്നിവയും നിര്‍മിക്കുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആദ്യ ബേബി സോപ്പും ബ്രാന്‍ഡ് ഈയിടെ വിപണിയിലിറക്കി. ബേബി ഓയില്‍, വൈപ്‌സ്, ബാത് ജെല്‍, ബേബി ഷാംപൂ എന്നിവയും ഈയിടെ തുടക്കമിട്ട ഉല്‍പ്പന്നവിഭാഗങ്ങളാണ്. ‘ഇന്ത്യയില്‍ ഇത്തരം എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വരുംനാളുകളില്‍ വന്‍വളര്‍ച്ചയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതേ സമയം കയറ്റുമതിയില്‍ ക്ലോത്തിംഗ് ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം. നിലവില്‍ 30-ഓളം രാജ്യങ്ങളിലേയ്ക്ക് കയറ്റുമതിയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എക്‌സ്‌ക്ലൂസീവ് സ്‌റ്റോറുകള്‍ തുറന്ന് ഇത് വര്‍ധിപ്പിക്കാനും പരിപാടിയുണ്ട്,’ ഷാജു തോമസ് പറഞ്ഞു.
eng­lish summary;Poppies to open 100 stores
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.