7 December 2025, Sunday

Related news

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

ജനകീയ വികസനവും പുരസ്കാര നേട്ടങ്ങളും തുണയാകും; കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് തുടരും

കെ കെ ജയേഷ്
കോഴിക്കോട്
November 11, 2025 10:23 pm

സമസ്ത മേഖലകളിലുമുള്ള സമ്പൂർണ വികസന മുന്നേറ്റവുമായി കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ ഇത്തവണയും വിജയ തേരോട്ടം തുടരാനൊരുങ്ങുകയാണ് ഇടതു മുന്നണി. നടപ്പിലാക്കിയ പദ്ധതികൾ പരിഗണിച്ച് ആറ് സംസ്ഥാനതല പുരസ്ക്കാരങ്ങളാണ് നേടിയത്. ആർദ്ര കേരളം പുരസ്ക്കാരം, വയോജന അവാർഡ്, സംസ്ഥാന ഭിന്നശേഷി പുരസ്ക്കാരം, ക്ഷീര മേഖല പുരസ്ക്കാരം, ഊർജ സംരക്ഷണ അവാർഡ്, കേരളോത്സവം പുരസ്ക്കാരം എന്നിവയെല്ലാം എല്‍ഡിഎഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്തിനെ തേടിയെത്തി. സാധാരണക്കാരുടെ ഹൃദയം തൊട്ടറിഞ്ഞ്, ജില്ലയെ വികസന നേട്ടങ്ങളിലേക്ക് കൈപിടിച്ചു കയറ്റിയാണ് ഭരണ സമിതി മുന്നോട്ട് പോയത്. ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നതുമുതൽ എൽഡിഎഫിന്റെ കുത്തകയാണ് ജില്ലാ പഞ്ചായത്ത്. കാലങ്ങളായുള്ള ആധിപത്യം തുടരാനുള്ള മുന്നൊരുക്കവുമായാണ് എൽഡിഎഫ് ഇത്തവണയും കളത്തിലിറങ്ങുന്നത്. നിലവിൽ ജില്ലാ ഡിവിഷനിലെ 27 സീറ്റിൽ 18ഉം എൽഡിഎഫിനാണ്. യുഡിഎഫിന് ഒന്‍പതും. ഇത്തവണ ഒരു ഡിവിഷൻ വർധിച്ച് 28 ആയിട്ടുണ്ട്. 

നാടിന്റെ ക്ഷേമ, വികസന പ്രവർത്തനങ്ങൾക്കായി നടപ്പാക്കിയ പദ്ധതികൾ മാറ്റിമറച്ചത് ജനങ്ങളുടെ ജീവിത നിലവാരമാണ്. വിദ്യാഭ്യാസം, കാർഷികം, ആരോഗ്യം, ഊർജ സംരക്ഷണം, സ്ത്രീ മുന്നേറ്റം, പിന്നോക്ക വിഭാഗ വികസനം, അടിസ്ഥാന സൗകര്യം വികസനം തുടങ്ങിയ വികസന കരസ്പർശമേൽക്കാത്ത മേഖലകളില്ല. ദുരിതമനുഭവിക്കുന്നവരുടെയും രോഗികളുടെയും സാധാരണക്കാരുടെയും കണ്ണീരൊപ്പിയായിരുന്നു പ്രസിഡന്റ് ഷീജാ ശശിയുടെയും വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസിന്റെയും നേതൃത്വത്തിലുള്ള ഭരണസമിതിയുടെ യാത്ര. 

അർബുദ ബാധിതരും കിഡ്നി രോഗികളുമായ ആയിരങ്ങൾക്ക് ആശ്വാസമായ ജീവൽ ജ്യോതി , മുപ്പതിനായിരത്തോളം രോഗികൾക്ക് ചികിത്സാ സഹായമെത്തിച്ച സ്നേഹസ്പർശം എന്നീ പദ്ധതികളിലൂടെ പാവപ്പെട്ട മനുഷ്യരെ ചേർത്തുപിടിച്ചു. സമഗ്ര വിദ്യാഭ്യാസത്തിന്റെ ഭാഗമായി യാനം, കൃഷി പാഠം, ശാസ്ത്രോത്സവം, നിപുണം, ഫോട്ടോ ഫിനിഷ് തുടങ്ങി 13 പദ്ധതികളാണ് നടപ്പാക്കിയത്. സംസ്ഥാനത്ത് ആദ്യമായി ജെൻഡർ പഠനം ഏറ്റെടുത്ത് നടപ്പാക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സൗഹൃദ ജില്ലയാക്കി മാറ്റുന്നതിന് നിരവധി പദ്ധതികളാണ് യാഥാര്‍ത്ഥ്യമാക്കിയത്. ജില്ലയുടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പുതിയ അധ്യായം രചിക്കുകയായിരുന്നു ലഹരി വിരുദ്ധ ജനകീയ പ്രതിരോധമായ ‘രണ്ട് മില്യൺ പ്ലഡ്ജ്’. ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, കുടുംബശ്രീ, പൊലീസ്, ബസ് തൊഴിലാളികൾ, വിദ്യാർത്ഥികൾ തുടങ്ങിയ എല്ലാ വിഭാഗം ആളുകളും 42,000 കേന്ദ്രങ്ങളിലായി പ്രതിജ്ഞയെടുത്ത് രണ്ട് മില്യൺ പ്ലഡ്ജിന്റെ ഭാഗമായി മാറി.

ജില്ലാ പഞ്ചായത്തിന് കീഴിലെ കൃഷി ഫാമുകളിലും വിത്തുൽപാദന കേന്ദ്രങ്ങളിലും കോഴി വളർത്തു കേന്ദ്രങ്ങളിലുമെല്ലാം കോടികളുടെ വികസനം. തരിശുപാടങ്ങൾ കൃഷി യോഗ്യമാക്കുകയും നെൽവയലുകളെക്കുറിച്ച് സമഗ്ര പഠനം നടത്തുകയും ചെയ്തു. ജില്ലയിലെ തരിശു നിലങ്ങൾ നെൽകൃഷിക്കായി വീണ്ടെടുക്കുന്നതിനെക്കുറിച്ചും കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങളെക്കുറിച്ചുമായി രണ്ട് പഠനങ്ങളാണ് ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ സഹായത്തോടെ നടത്തിയത്. ജില്ലയുടെ കാർഷിക മേഖലയിൽ ഭാവിയിൽ വളരെ ഉപയോഗപ്പെടുത്താവുന്നതാണ് ഈ പഠന റിപ്പോർട്ടുകൾ. ആസ്തി റോഡുകളുടെയും ഗ്രാമീണ റോഡുകളുടെയും സംരക്ഷണത്തിനായി 123 കോടിയിലധികം ചെലവിട്ടു. ലൈഫ് പദ്ധതിയിൽ പന്ത്രണ്ടായിരത്തിലധികം പേർക്കായി 40 കോടിയിലധികം രൂപയുടെ സഹായം നൽകി. ക്ഷീരമേഖലയിലും വ്യവസായ മേഖലയിലും ഉൾപ്പെടെ സുവർണ നേട്ടങ്ങൾ കൈവരിച്ചു. വ്യവസായ മേഖലയില്‍ വൻ കുതിച്ചു കയറ്റം നടത്തി. ജനകീയാസൂത്രണ പദ്ധതിയിൽ ജില്ലാ പഞ്ചായത്ത് മീറ്റിങ് ഹാൾ നവീകരിച്ചതും കഫ്റ്റീരിയയുടെ നിർമാണം പൂർത്തിയാക്കിയതും ഉൾപ്പെടെ നിരവധി നേട്ടങ്ങൾ. 

സംസ്ഥാന ജൈവ വൈവിധ്യ ബോർഡുമായി ചേർന്ന് ജൈവ- പരിസ്ഥിതി മേഖലയിൽ ചരിത്രപ്രാധാന്യമുള്ള പ്രഖ്യാപനം നടത്തിയതാണ് മറ്റൊരു ശ്രദ്ധേയ നടപടി. ജില്ലയ്ക്ക് സ്വന്തമായി പുഷ്പം, വൃക്ഷം, പൈതൃക വൃക്ഷം, മൃഗം, ചിത്രശലഭം, പക്ഷി, ജലജീവി, മത്സ്യം എന്നിങ്ങനെ എട്ടുവിഭാഗങ്ങളിലായി ജില്ലാ ജീവികളെയാണ് പ്രഖ്യാപിച്ചത്. 

ജില്ലാ പഞ്ചായത്തിലേക്ക് എത്തുന്നവരെ സ്വാഗതം ചെയ്യുന്നത് ഗാന്ധിയും അംബേദ്കറും ഒപ്പം ഭരണഘടനയുമാണ്. സ്വാതന്ത്ര്യസമരത്തിന്റെയും ഭരണഘടനയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഈ ഭരണഘടനാ ചത്വരം, രാജ്യവും ഭരണഘടനയും വെല്ലുവിളി നേരിടുന്ന വർത്തമാനകാലത്ത് പ്രതിരോധത്തിന്റെ അഗ്നി ജ്വലിപ്പിക്കുകയാണ്. പ്രതിരോധത്തിന്റെയും വികസനത്തിന്റെയും പുതിയ വഴികൾ വെട്ടിത്തുറന്നുകൊണ്ടാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതി കഴിഞ്ഞ അഞ്ച് വര്‍ഷം മുന്നോട്ട് പോയത്. അതിന് തുടര്‍ച്ചയുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇടത് മുന്നണി. 

Kerala State - Students Savings Scheme

TOP NEWS

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.