Monday
18 Feb 2019

ജനസംഖ്യാദിനം ഇന്ത്യയെ ഓര്‍മ്മപ്പെടുത്തുന്നത്

By: Web Desk | Monday 9 July 2018 10:01 PM IST

ലോക ജനസംഖ്യാദിനം ആചരിക്കുന്ന ഈ വേളയില്‍ ഇന്ത്യയിലെ അതിവേഗം വളരുന്ന ജനസംഖ്യ പരിമിതവിഭവങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതും പ്രതിശീര്‍ഷ ലഭ്യമായ വിഭവങ്ങള്‍ കുറയുന്നതും വികസന പ്രതിസന്ധി സൃഷ്ടിക്കുന്നു. ജനപെരുപ്പമെന്ന പ്രശ്‌നത്തിലേക്ക് ജനശ്രദ്ധകൊണ്ടുവരാനാണ് 1989ല്‍ ഐക്യരാഷ്ട്രസംഘടന ജൂലൈ 11-ാം തീയതി ലോക ജനസംഖ്യാദിനമായി ആചരിക്കാന്‍ നിര്‍ദ്ദേശിച്ചത്. കൂടാതെ 1968ലെ മനുഷ്യാവകാശങ്ങള്‍ക്കുള്ള അന്തര്‍ദേശീയ സമ്മേളനത്തിന്റെ 50-ാം വാര്‍ഷികമാണ് 2018. ഈ വര്‍ഷം ഐക്യരാഷ്ട്രസംഘടന ജനസംഖ്യാദിനാചരണത്തിന് കുടുംബാസൂത്രണം ഒരു മനുഷ്യാവകാശം’എന്ന ആശയത്തിന് പ്രാധാന്യം നല്‍കിയാണ് ആചരിക്കുന്നത്. ലോക വ്യാപകമായി കുടുംബാസൂത്രണം ഒരു മനുഷ്യാവകാശമായി ആദ്യമായി അംഗീകരിക്കുന്നു. ലോകജനസംഖ്യാദിനം ഓര്‍മപ്പെടുത്തുന്നത് സ്‌ഫോടനാത്മകമായ ജനസംഖ്യയെ മനസിലാക്കുകയും അതിനെ നിയന്ത്രിക്കുകയും ചെയ്യുന്നതിലൂടെ ലോകജനതയുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ തടയിടാന്‍ സാധിക്കുമെന്ന ഉത്തമ ബോധ്യത്തോടെയാണ്.
ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. നിലവില്‍ ഇന്ത്യയിലെ ജനസംഖ്യ 130 കോടിയോളമാണ്. 2101 ആകുമ്പോഴേക്കും ഇത് 200 കോടിക്കുമേല്‍ എത്തിച്ചേരുമെന്ന് പ്രമുഖ ജനസംഖ്യാപഠന വിദഗ്ധന്‍ കാള്‍ ഹോബ്‌സിന്റെ പഠനം വ്യക്തമാക്കുന്നു. കൂടാതെ വികസിത രാജ്യമെന്ന പദവി നേടാന്‍ ഇന്ത്യ നടത്തേണ്ട പോരാട്ടത്തെക്കാള്‍ കൂടുതല്‍ പോരാട്ടം ദാരിദ്ര്യത്തിനെതിരെ വരുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വര്‍ധിക്കുമെന്നതാണ് മുന്‍കാല പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ഗുണനിലവാരം ഉറപ്പുവരുത്താന്‍ സാധിക്കാത്തതുമൂലം ഗുണപരമായ നൈപുണികള്‍ വളര്‍ത്തിയെടുക്കാതെ ഇന്ത്യയിലെ മനുഷ്യാധ്വാനത്തെ മെച്ചപ്പെട്ട ആസൂത്രണത്തിന്റെ അഭാവം മൂലം പാഴാക്കുന്നു. ഇന്ത്യയിലെ വര്‍ധിച്ചുവരുന്ന ജനസംഖ്യാ വര്‍ധനവിന് കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത് ദാരിദ്യം, തൊഴിലില്ലായ്മ, അപര്യാപ്തമായ ശുദ്ധജലം, പ്രകൃതിവിഭവങ്ങള്‍ നശിപ്പിക്കല്‍, ജൈവവ്യവസ്ഥ തകര്‍ക്കല്‍, ശുചിത്വമില്ലാത്ത അന്തരീക്ഷം, പാര്‍പ്പിടങ്ങളുടെ അപര്യാപ്തത, നിരക്ഷരത, താഴ്ന്ന ജീവിതനിലവാരം തുടങ്ങിയവയാണ്. കൂടാതെ 24 – 54 വയസിനിടയിലുള്ളവരുടെ പ്രാഥമിക വിദ്യാഭ്യാസ ലഭ്യതയിലുള്ള കുറവ്, മനുഷ്യവിഭവങ്ങളുടെ കുറഞ്ഞ ഉപയോഗം, ഗുണപരമായ നൈപുണികളുടെ കുറവ്, തൊഴിലിടങ്ങളിലെ സ്ത്രീ-പുരുഷാനുപാതം എന്നീ പ്രശ്‌നങ്ങളും മനുഷ്യമൂലധന നിര്‍മിതിയില്‍ ഇന്ത്യ പിന്നോക്കം പോകുന്നതിന് കാരണമായി മാറി.
ആധുനിക കാലത്ത് വ്യവസായവല്‍ക്കരണം, ആഗോളവല്‍ക്കരണം , സാങ്കേതിക പുരോഗതി, നാലാമത് വ്യാവസായിക വിപ്ലവം എന്നിവയിലൂടെ പുതിയ സാങ്കേതിക വിദ്യയുടെ ആവിര്‍ഭാവത്തോടെ ഭാവിയില്‍ മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെങ്കിലും ഇത് നേട്ടമാക്കിമാറ്റാന്‍ ഇന്ത്യയിലെ താഴ്ന്ന മൂലധനത്തിലെ തൊഴില്‍ സാങ്കേതികപരമായ അപര്യാപ്തതകള്‍ മൂലം ഇന്ത്യയിലെ ജനവിഭാഗങ്ങള്‍ക്ക് സാധിക്കുന്നില്ല. മാനവമൂലധനം വളര്‍ത്തിയെടുക്കുന്നതിനുവേണ്ടിയും ജനങ്ങളുടെ കാര്യക്ഷമതയ്ക്കുവേണ്ടിയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച, തൊഴില്‍ സുരക്ഷ, തൊഴില്‍ സ്ഥിരത എന്നിവയിലൂന്നിയുള്ള നയപരിപാടികളാണ് നമുക്കാവശ്യം. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ പങ്കാളിത്തം, നൈപുണ്യ വൈദഗ്ധ്യം എന്നീ മേഖലകളില്‍ മെച്ചപ്പെട്ട സര്‍ക്കാര്‍ നിക്ഷേപങ്ങള്‍ അനിവാര്യമാണ്.

മാനവമൂലധനത്തില്‍ ശരിയായ നിക്ഷേപമില്ലാതെ പോയാല്‍ ജനസംഖ്യാപരമായ ഡിവിഡന്റ് സമ്പദ്‌വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് വലിയ വികസനവെല്ലുവിളിയായി മാറും. അത് ഗുണപരമായി ഉപയോഗിച്ചാല്‍ മെച്ചപ്പെട്ട സാമ്പത്തിക – സാമൂഹിക ഭദ്രതയിലേക്ക് ഇന്ത്യയെ നയിക്കാന്‍ കഴിയും. ജനസംഖ്യാപരമായ ഡിവിഡന്റ് വേണ്ട രീതിയില്‍ ആസൂത്രണം ചെയ്തില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഇതൊരു ദിവാസ്വപ്‌നമായി മാറും. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ശരാശരി ഇന്ത്യാക്കാരന്റെ ആയുസ് 29 വയസാണ്. ചൈന, അമേരിക്ക എന്നിവിടങ്ങളില്‍ 37 വയസ്സും, ജപ്പാനില്‍ 48 വയസ്സുമാണ്. ഇതിനര്‍ത്ഥം ലോക സമ്പദ്‌വ്യവസ്ഥയില്‍ ഏറ്റവും യുവത്വം നിലനിര്‍ത്തുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. ഒരു രാജ്യത്തിന്റെ തൊഴില്‍പ്രായം (15-64) വര്‍ഷന്തോറും അതിന്റെ ജനസംഖ്യാപരമായ വിഹിതം വര്‍ധിക്കുന്നതുകൊണ്ട് വേഗത്തില്‍ സാമ്പത്തിക വളര്‍ച്ച നേടിയെടുക്കാന്‍ കഴിയും. തൊഴിലെടുക്കുന്ന ജനസംഖ്യ സാധാരണയായി കൂടുതല്‍ ഉല്‍പാദനക്ഷമതയുള്ളവരാണ്. അതുകൊണ്ടുതന്നെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ജനസംഖ്യാപരമായ ഡിവിഡന്റ് ഒരു പ്രധാനഘടകമായി പരിഗണിക്കുന്നു.
ജനസംഖ്യാപരമായ ഡിവിഡന്റ് സൃഷ്ടിക്കുന്ന അവസരങ്ങള്‍ നേട്ടമാക്കി മാറ്റാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ഇന്ത്യയിലെ ഭൂരിഭാഗം തൊഴിലെടുക്കുന്ന ജനസംഖ്യ (15-64 വയസ്) യില്‍ ഭൂരിഭാഗവും താമസിക്കുന്നത് ‘ബിമാരു’ സംസ്ഥാനങ്ങളായി അറിയപ്പെടുന്ന ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ്. ഉയര്‍ന്ന നിരക്കിലുള്ള ദാരിദ്ര്യം, പട്ടിണി, പോഷകാഹാരകുറവ്, മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കുറവ് മോശപ്പെട്ട ജീവിത നിലവാരം എന്നിവ മൂലം ഉത്തരേന്ത്യയിലെ ജനത അവരുടെ അതിജീവനത്തിനുവേണ്ടി പോരാടുന്നു. ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അവസ്ഥയും പരിതാപകരമാണ്. തൊഴില്‍ പരിശീലനത്തിനുള്ള ഫലപ്രദമായ ഒരിടപെടലും ഉന്നത വിദ്യാഭ്യാസ രംഗത്ത് പോലും കാണാന്‍ സാധിക്കുന്നില്ല. ഇന്ത്യയിലെ തൊഴില്‍ ശക്തിയെ വൈദഗ്ധ്യമുള്ളതും കാര്യക്ഷമതയുള്ളതുമാക്കി മാറ്റിയെടുക്കുന്നതിന് ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കണം. ജനസംഖ്യാപരമായ ഡിവിഡന്റിന്റെ നേട്ടം കൊയ്യാന്‍ ഇന്ത്യയിലെ സര്‍ക്കാറുകള്‍ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’, ‘നൈപുണി ഇന്ത്യ’ പോലുള്ള കേന്ദ്രസര്‍ക്കാറിന്റെ പല പദ്ധതികളും ഉദ്ദേശലക്ഷ്യം പൂര്‍ത്തിയാക്കാതെ ഇരുട്ടില്‍ തപ്പുകയാണ്. ഇത്തരത്തിലുള്ള പല പദ്ധതികളും പൊളിച്ചെഴുതി നൈപുണ്യ വികസനത്തിന് പ്രാധാന്യം നല്‍കി ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്.

ജനസംഖ്യാപരമായ ഡിവിഡന്റ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുകൂലമായി മാറ്റുന്നതിന് തൊഴില്‍ ശക്തിയെ വളര്‍ത്തിയെടുക്കുന്നതിലൂടെ മാത്രമെ സാധിക്കുകയുള്ളൂ. മെച്ചപ്പെട്ട തൊഴില്‍ ശക്തി വളരുന്നതിലൂടെ സാമ്പത്തിക രംഗത്തും ഉണര്‍വുണ്ടാകും. പുതിയ കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന അറിവും, വൈദഗ്ധ്യവും യുവാക്കള്‍ക്കിടയില്‍ ശക്തിപ്പെടുത്തണം. 2025 ഓടെ ലോക ജനസംഖ്യയില്‍ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറും. അക്കാലത്ത് മൊത്തം ജനസംഖ്യയുടെ 64 ശതമാനവും 15-59 വയസിനുമിടയിലുള്ളവരാകും. സ്ത്രീകളുടെ കുറഞ്ഞ തൊഴില്‍ പങ്കാളിത്ത നിരക്കും വികസന പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്. കൂടാതെ കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നു. കൗമാര പ്രായത്തിന്റെ തുടക്കത്തിലുള്ള വിവാഹവും തുടര്‍ന്ന് അമ്മയാവുകയും ചെയ്യുന്നതിലൂടെ പെണ്‍കുട്ടികളുടെ തുടര്‍വിദ്യാഭ്യാസത്തിനും മെച്ചപ്പെട്ട ആരോഗ്യ ലഭ്യതയ്ക്കും തടസമാകുന്നു. കൂടാതെ ദാരിദ്ര്യവും സ്വയം തീരുമാനമെടുക്കാനുള്ള അവകാശമില്ലായ്മയും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തക്കുറവിന് കാരണമാകുന്നു. സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട സാമൂഹിക അവസ്ഥ സംജാതമാകുന്നതിനുവേണ്ടി അവരുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് ഉയര്‍ത്തണം. കൂടാതെ സ്ത്രീകളുടെ തൊഴില്‍ ശക്തിവളര്‍ച്ചയ്ക്കുവേണ്ടി സര്‍ക്കാറുകള്‍ നയപരിപാടികള്‍ വിഭാവനം ചെയ്യുന്നത് പുതിയ സാമ്പത്തിക അവസരങ്ങള്‍ക്ക് അനുയോജ്യമായി സാര്‍വത്രികവും ഉയര്‍ന്ന നിലവാരമുള്ളതുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിലൂടെയും, സുരക്ഷിതമായ തൊഴിലവസരങ്ങള്‍ വികസിപ്പിക്കുന്നതിലൂടെയുമായിരിക്കണം.

ഇന്ത്യയിലെ തൊഴില്‍ മേഖലയില്‍ വലിയൊരു ശതമാനവും അവിദഗ്ധ തൊഴിലാളികളുടെ വിഭാഗത്തിലാണ്. നാഷണല്‍ സ്‌കില്‍ ഡെവലപമെന്റ് കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഓരോ മാസവും തൊഴില്‍ ശക്തിയിലേക്ക് പ്രവേശിക്കുന്ന ജനങ്ങളുടെ പ്രധാന പങ്കും അവിദഗ്ധ തൊഴിലാളികളുടെ വിഭാഗത്തിലാണ്. രാജ്യത്തിന്റെ വലിപ്പത്തെ അപേക്ഷിച്ച് ഇന്ത്യയുടെ വിജ്ഞാനസമ്പദ്‌വ്യവസ്ഥയുടെ വലിപ്പം വളരെ കുറവാണെന്നതുകൊണ്ടുതന്നെ വിദ്യാഭ്യസത്തിന്റെ ഗുണങ്ങള്‍ ഇതുവരെ വിദൂര പ്രദേശങ്ങളില്‍ എത്തിക്കാന്‍ സാധിച്ചിട്ടില്ല. എങ്കിലും ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന തൊഴില്‍ ശക്തിയുടെ വിതരണകേന്ദ്രമാണ് ഇന്ത്യ. ഇന്ത്യയിലെ നിലവിലുള്ള സാഹചര്യങ്ങളില്‍ നിന്നും പാഠം പഠിക്കുകയും പ്രാഥമിക വിദ്യാഭ്യാസം, മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങള്‍, ഉന്നത വിദ്യാഭ്യാസ രംഗത്ത് വന്‍തോതിലുള്ള നിക്ഷേപം, സ്ത്രീസൗഹൃദ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുക, നൈപുണി വികസനത്തിന് പ്രാമുഖ്യം നല്‍കുക തുടങ്ങിയ പരിശ്രമത്തിലൂടെ ഇന്ത്യയിലെ മാനവിക മൂലധനത്തെ ശക്തിപ്പെടുത്തേണ്ടതാണ്. കൂടാതെ ഈ വര്‍ഷത്തെ ലോക ജനസംഖ്യാദിനാചരണത്തിന്റെ ആശയമായ കുടുംബാസൂത്രണം ഒരു മനുഷ്യാവകാശമായി തിരിച്ചറിയുകയും വ്യക്തികള്‍ക്ക് പ്രാഥമികാവശ്യങ്ങളും സേവനങ്ങളും നല്‍കി അവരെ പ്രാപ്തരാക്കാന്‍ ജനാധിപത്യ സര്‍ക്കാറുകള്‍ക്ക് കടമയുണ്ട്. കൂടാതെ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും, സ്ത്രീകളുടെയും, യുവാക്കളുടെയും ക്ഷേമത്തിലൂന്നിയ വികസന നയപരിപാടികള്‍ വിഭാവനം ചെയ്യുകയാണെങ്കില്‍ ഇന്ത്യയ്ക്ക് ജനസംഖ്യ മൂല്യവത്തായ മനുഷ്യമൂലധനമാക്കി മാറ്റാനും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയിലേക്ക് പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കും.