24 April 2024, Wednesday

Related news

April 18, 2024
March 2, 2024
January 17, 2024
December 30, 2023
July 4, 2023
June 2, 2023
April 19, 2023
April 2, 2023
January 23, 2023
December 21, 2022

ജനസംഖ്യാവര്‍ധനവും വികസനത്തിലെ പ്രതിസന്ധികളും

പ്രൊഫ. കെ അരവിന്ദാക്ഷൻ
December 21, 2022 4:45 am

2022 നവംബര്‍ 15ന് ആഗോള ജനസംഖ്യ 800 കോടി കടന്നിരിക്കുകയാണ്. ഇന്ത്യയാണെങ്കില്‍ 2023 ജൂലെെ മാസത്തോടെ ഒന്നാം സ്ഥാനത്തെത്തുമെന്നാണ് പ്രവചനം. ചെെന രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്യും. ഐക്യരാഷ്ട്രസഭ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടിരിക്കുന്നത്. 2022ലെ യുഎന്‍ ആഗോള ജനസംഖ്യാ സാധ്യതകള്‍ സംബന്ധമായ റിപ്പോര്‍ട്ട് അനുസരിച്ച് 2023 ജൂലെെ ഒന്നിന് ഇന്ത്യയുടെ ജനസംഖ്യ 142.8 കോടിയും തൊട്ടുപിന്നില്‍ ചെെനയുടേത് 142.5 കോടിയുമാകും. അതേ അവസരത്തില്‍ ഇന്ത്യയുടെ മൊത്തം ജനനനിരക്ക്- ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ്- രണ്ട് ആയി തുടരുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ ഈ നിരക്ക് 2.1 ആയിരിക്കേണ്ടതാണ്. 2023 ആകുമ്പോഴേക്ക് യുഎന്‍ കണക്കുകൂട്ടിയിരിക്കുന്നത് ഇന്ത്യയുടെ മൊത്തം ജനനനിരക്ക് രണ്ടില്‍ താഴെയാകുമെങ്കിലും ആഗോളതലത്തിലേത് 2.31ല്‍ എത്തുമെന്നാണ്. മാത്രമല്ല, 2063 ആകുമ്പോഴേക്ക്, അതായത് 40 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയുടെ ജനസംഖ്യ മൂര്‍ധന്യാവസ്ഥയിലേക്കുയര്‍ന്ന് 169 കോടി വരെ ആകുമെന്നും കണക്കാക്കപ്പെടുന്നു. എന്നാല്‍, ആഗോള ജനസംഖ്യ ഇത്തരമൊരു നിലവാരത്തിലെത്തണമെങ്കില്‍ 2086 എങ്കിലും ആകേണ്ടിവരും. അപ്പോഴേക്ക് ലോക ജനസംഖ്യ 1040 കോടിയിലെത്തുകയും ചെയ്യും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒട്ടും ആശ്വാസത്തിന് ഇടം നല്കാത്തൊരു കാര്യം, മനുഷ്യ വിഭവശേഷി വേണ്ടുവോളമോ, അതിലേറെയോ ഉണ്ടെങ്കിലും അതിന്റെ വിനിയോഗം ഒട്ടും തൃപ്തികരമല്ല എന്നതാണ്. മറ്റ് വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് മനുഷ്യ വിഭവ വിനിയോഗത്തില്‍ മൂലധന നിക്ഷേപം നന്നേ കുറവാണ്. ജനസംഖ്യാ വര്‍ധനവിന്റെ ഗുണഫലം കിട്ടുന്നതിന് മനുഷ്യാധ്വാന ശക്തിയുടെ വിനിയോഗവും അതിനാനുപാതികമായി ഉറപ്പാക്കേണ്ടതാണ്.

ജനശക്തിക്ക് അര്‍ഹമായ തൊഴിലവസരങ്ങളോ, സ്വയം സംരംഭകത്വമോ വേണമെങ്കില്‍ യുവാക്കള്‍ക്ക് തൊഴില്‍ വെെദഗ്ധ്യവും ഉറപ്പാക്കേണ്ടതുണ്ട്. തൊഴില്‍ ചെയ്യാനുള്ള ഇടം അവര്‍ക്കുണ്ടായിരിക്കുകയും വേണം. ഐക്യരാഷ്ട്ര സഭയുടെ വിവിധ ഏജന്‍സികള്‍ പലകുറി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത് ഇന്ത്യയിലെ യുവാക്കള്‍ തൊഴില്‍-സംരംഭകത്വ മേഖലകളില്‍ ഉയര്‍ന്നുവരുന്ന ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ളവരാണെന്നാണ്. അല്പംകൂടി ഗുണമേന്മയേറിയ വിദ്യാഭ്യാസ, പരിശീലന സൗകര്യങ്ങളും പ്രോത്സാഹനങ്ങളും ലഭ്യമാക്കാന്‍ കഴിയുമെങ്കില്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും ലോകബാങ്ക് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം പ്രസ്താവിച്ചിട്ടുണ്ട്. ഈ നിഗമനത്തെ ശക്തമായി പിന്‍താങ്ങുകയാണ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പോപ്പുലേഷന്‍ സയന്‍സസ് എന്ന സ്ഥാപനത്തിലെ പൊതു ആരോഗ്യ, ജനസംഖ്യാ പഠനവകുപ്പിലെ പ്രൊഫസറായ നന്ദിന സെെക്കിയ എന്ന ധനശാസ്ത്രവിദഗ്ധ. പ്രൊഫ. സെെക്കിയ നടത്തിയ ഗവേഷണങ്ങള്‍ കണ്ടെത്തിയത് ഇന്ത്യയുടെ വികസന സംബന്ധമായി ലോകബാങ്കിന്റേതിന് സമാനമായ നിഗമനങ്ങളായിരുന്നു. ലോകബാങ്കിന്റെ റിപ്പോര്‍ട്ട് നല്കുന്ന സൂചന 2036 വരെയുള്ള 15 വര്‍ഷക്കാലത്തേക്ക് ജിഡിപിയുടെ 1.78 ശതമാനം നഗരമേഖലാ ആന്തരഘടനാ വികസന നിക്ഷേപമാണ് ആവശ്യമായി വരുക എന്നാണ്. അതായത് 84,000 കോടി ഡോളര്‍. ലോക ബാങ്ക് റിപ്പോര്‍ട്ടിന് നല്കപ്പെട്ടിരിക്കുന്ന പേര് തന്നെ -“ഫിനാന്‍സിങ് ഇന്ത്യാസ് ഇന്‍ഫ്രാസ്ട്രക്ചര്‍ നീഡ്സ് കണ്‍സ്ടെയ്ന്റ്സ് ടു കമേര്‍ഷ്യല്‍ ഫെെനാന്‍സിങ് ആന്റ് പ്രോസ്പെക്ട്സ് ഫോര്‍ പോളിസി ആക്ഷന്‍’.


ഇതുകൂടി വായിക്കൂ: ജസ്റ്റിസ് തഹിൽ രമണിയെ വീണ്ടുമോർക്കണം


അതായത് ആവശ്യമായ ആന്തരഘടനാ വികസനത്തിന് ധനസഹായവും വാണിജ്യാടിസ്ഥാനത്തില്‍ ധനകാര്യ സ്രോതസുകള്‍ കിട്ടാനുള്ള പ്രതിബന്ധങ്ങളും നയപരമായ നടപടികള്‍ക്കുള്ള സാധ്യതകളും അതിനാവശ്യമായ നടപടികളും അടങ്ങിയ വിശദവും വസ്തുതാപരവുമായ പരാമര്‍ശങ്ങള്‍ അടങ്ങിയ ഒരു രേഖയാണ് ലോകബാങ്ക് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ നഗരമേഖലാ ആന്തരഘടനയ്ക്കായുള്ള മൂലധന ചെലവ് ഒട്ടുംതന്നെ ആവശ്യാധിഷ്ഠിതമല്ല എന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് ഈ ഇനത്തിലുള്ള ചെലവ് 2011–18 കാലയളവില്‍ ജിഡിപിയുടെ വെറും 0.63 ശതമാനം മാത്രമേ വരുന്നുള്ളു എന്നാണ്. അധികാര വികേന്ദ്രീകരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ഭരണഘടനയിലെ 74-ാം ഭേദഗതിയിലൂടെ നഗരമേഖലയില്‍ അധിവസിക്കുന്നവര്‍ക്കാവശ്യമായ അടിസ്ഥാന ആന്തരഘടനാ സേവനങ്ങള്‍ ഒരുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം ഏല്പിച്ചു നല്കിയിട്ടുണ്ട്. ‘ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്’ ദിനപത്രം ഇതുസംബന്ധമായി നടത്തിയ ഒരു പഠനം വെളിവാക്കിയത്, ഈ സ്ഥാപനങ്ങളുടെ മൂലധന നിക്ഷേപ ചെലവില്‍ 2019–20ല്‍ തൊട്ടു മുമ്പത്തെ വര്‍ഷത്തേതുമായി തുലനം ചെയ്യുമ്പോള്‍ 16.13 ശതമാനം ഇടിവുണ്ടായി എന്നാണ്. അതായത് 2,281.04 കോടി രൂപ. മനുഷ്യ വിഭവശേഷി വിനിയോഗത്തിന്റെ ചെലവ്, മൊത്തം ചെലവിന്റെ 47.04 ശതമാനമായിരുന്നു. വികസനാവശ്യങ്ങള്‍ക്കായുള്ള ചെലവാണെങ്കില്‍, മൊത്തം ചെലവിന്റെ 31.42 ശതമാനവുമായിരുന്നു. നഗര വികസനാവശ്യങ്ങള്‍ക്കായുള്ള വിവിധയിനം ചെലവുകളുടെ സ്ഥിതിവിശേഷം ഈ നിലയിലായിരിക്കെ, അതിവേഗം നഗരവല്‍ക്കരണത്തിലേക്ക് കുതിക്കുകയാണ് നമ്മുടെ രാജ്യം എന്ന് വീമ്പിളക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയും കൂട്ടരും ഇതിന്റെ യാഥാര്‍ത്ഥ്യമെന്താണെന്ന് തിരിച്ചറിയുന്നില്ല എന്നത് വിചിത്രമാണ്. നഗരമേഖലയുടെ വികസനാവശ്യങ്ങള്‍ അനുനിമിഷമെന്നോണം ഉയര്‍ന്നുവരുന്നു. മാത്രമല്ല, 2030 ആകുമ്പോഴേക്ക് ഇന്ത്യയിലെ 60 കോടി ജനങ്ങളെങ്കിലും നഗരവാസികളായി മാറുമെന്നാണ് പഠനങ്ങള്‍ വെളിവാക്കുന്നതെന്നും നാം തിരിച്ചറിയാതിരുന്നുകൂടാ. ഈ കണക്കനുസരിച്ച് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 40 ശതമാനമെങ്കിലും നഗരമേഖലയിലായിരിക്കും അധിവസിക്കുക.

ലോകബാങ്ക് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്ന മറ്റൊരു പ്രധാന വിവരം, നഗരവികസന പദ്ധതികള്‍ക്കാവശ്യമായ മൂലധന ചെലവിന്റെ സിംഹഭാഗവും സംസ്ഥാന സര്‍ക്കാരുകളാണ് കണ്ടെത്തേണ്ടി വരുന്നതെന്നാണ്. സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശാനുസരണം ആന്തരഘടനാ വികസന പദ്ധതികള്‍ക്കായുള്ള മൂലധന നിക്ഷേപത്തില്‍ 15 ശതമാനത്തോളം പ്രാദേശിക ഭരണസമിതികള്‍ തനത് ഫണ്ടില്‍ നിന്നായിരിക്കും ചെലവിടേണ്ടതായി വരുക. ശേഷിക്കുന്ന തുകയുടെ 75 ശതമാനത്തിലേറെ തുകയും കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ ബാധ്യതയായിരിക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യം 2017, 2018 ധനകാര്യ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതു വരുമാനം ജിഡിപിയുടെ ഒരു ശതമാനത്തോളം മാത്രമായിരുന്നു എന്നതാണ്. ഇതിന്റെ അര്‍ത്ഥം അവ പ്രധാനമായും ആശ്രയിക്കേണ്ടിവരുന്നത് കാലാകാലങ്ങളില്‍ അധികാരത്തിലെത്തുന്ന കേന്ദ്ര സര്‍ക്കാരുകളുടെ ദയാദാക്ഷിണ്യങ്ങളെയായിരിക്കും എന്നാണ്. 2015 മുതല്‍ 20 വരെയുള്ള കാലയളവില്‍ ഈ ആശ്രയത്വം 50.22 ശതമാനമായിരുന്നു. തനതു വരുമാനം 30.04 ശതമാനത്തില്‍ പരിമിതപ്പെട്ടുപോവുകയും ചെയ്തിരുന്നു. കോവിഡുകാല ദുരന്തത്തെ തുടര്‍ന്ന് തനത് വരുമാനത്തിന്റെ തോത് 47.24 ശതമാനമായി ഇടിഞ്ഞ് 876.36 കോടി രൂപയിലെത്തുകയും ചെയ്തു. 2019–20 ആയതോടെ ഇത് 688 കോടി രൂപയിലേക്കും ഇടിവ് രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര നാണയനിധി ഈയിടെ ‘പര്‍ചേസിങ് മാനേജര്‍ സര്‍വെ’ എന്ന പേരിലുള്ളൊരു സര്‍വെ നടത്തിയിരുന്നു. ക്രയശേഷിയുമായി ബന്ധപ്പെട്ട അവലോകനം. ജി-20 ഗ്രൂപ്പില്‍പ്പെടുന്ന മുഴുവന്‍ വന്‍കിട രാജ്യങ്ങളുടെയും സാമ്പത്തിക മേഖലാ പ്രവര്‍ത്തനങ്ങള്‍ നന്നേ ചുരുങ്ങിപ്പോവുകയായിരുന്നു എന്ന നിഗമനത്തിലാണ് എത്തിയത്. അതേ അവസരത്തില്‍, നിര്‍മ്മാണ‑സേവനമേഖലകള്‍ മൊത്തത്തില്‍ പണപ്പെരുപ്പത്തിന്റെ കെടുതിയില്‍ അകപ്പെടുകയും ചെയ്തു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ അനുഭവം നമുക്കറിവുള്ളതുമാണ്. സാമ്പത്തിക വികസനത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ക്കു പകരം, സാമ്പത്തിക ഞെരുക്കത്തിലേക്കുള്ള സാഹചര്യങ്ങളാണ് നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ വളര്‍ന്ന് ശക്തിപ്രാപിച്ചിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: അഗ്നിവീര്‍ പദ്ധതി മറ്റൊരു യുവജന വഞ്ചന 


തൊഴില്‍ ഇതിനുപുറമെ ഓരോ രാജ്യവും പ്രത്യേക ഭൗമ, സാമ്പത്തിക, കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങള്‍ക്കനുസൃതമായ പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടിവരുന്നു. ഇതെല്ലാം അന്തിമ വിശകലനത്തില്‍ ചെന്നെത്തുക ദേശീയ, ആഗോള അപകടസാധ്യതകളുടെ കൂടിച്ചേര്‍ന്നുള്ള ഒരു കുത്തൊഴുക്കിലേക്കായിരിക്കുകയും ചെയ്യും. വികസിത മുതലാളിത്ത രാജ്യമായ അമേരിക്കയുടെ പണനയത്തെ സംബന്ധിച്ച് അവിടത്തെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്കു വര്‍ധന എത്രനാള്‍ തുടരുമെന്നതില്‍ ഉറപ്പുപറയുക അസാധ്യമാണെന്നാണ് സ്ഥാപനത്തിന്റെ ഗവര്‍ണര്‍ ക്രിസ്റ്റഫര്‍ വാല്ലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. അതേ അവസരത്തില്‍ മോര്‍ഗന്‍ സ്റ്റാന്‍ലി എന്ന പ്രമുഖ ആഗോള നിക്ഷേപ ബാങ്കിന്റെ നിഗമനം അമേരിക്കന്‍ സമ്പദ് വ്യവസ്ഥ 2023 ധനകാര്യ വര്‍ഷത്തില്‍ മാന്ദ്യത്തില്‍ നിന്നും രക്ഷപ്പെടുമെന്നാണ്. യൂറോപ്യന്‍ രാജ്യങ്ങളുടെ കാര്യത്തില്‍, ഈ വിഷയത്തില്‍ സമാനമായൊരു പ്രതീക്ഷക്ക് വിദൂര സാധ്യത മാത്രമേ കാണുന്നുമുള്ളു എന്നും പറയുന്നു. അമേരിക്കയ്ക്ക് ആശ്വാസമായിരിക്കുന്ന ഘടകം ഇന്നും സജീവമായി തുടരുന്ന തൊഴില്‍ വിപണി തന്നെയാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ കാര്യമെടുത്താല്‍, ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളും നിക്ഷേപ ബാങ്ക് വക്താക്കളും മാക്രോ ഇക്കണോമിക്ക് തലത്തില്‍ നിന്നും നിരീക്ഷിക്കുമ്പോള്‍ ഒട്ടും തന്നെ ശുഭാപ്തിവിശ്വാസമല്ല പ്രകടമാക്കുന്നത്. ചരക്കുകളുടെയും സേവനങ്ങളുടെയും ഡിമാന്‍ഡ് ജനസംഖ്യാ വര്‍ധനവിനെത്തുടര്‍ന്ന് ഉയര്‍ന്നുതന്നെ ഇരിക്കുമ്പോള്‍ അവയുടെ ലഭ്യതയില്‍ വര്‍ധനവിന് പകരം ഇടിവാണ് കാണപ്പെടുന്നത്. തന്മൂലം പ്രതിസന്ധിയുടെ ബഹുത്വസ്വഭാവവും കൂടുതല്‍ വര്‍ധിക്കും. ചുരുക്കത്തില്‍ കയറ്റുമതികള്‍ കുത്തനെ ഇടിയുകയും ഇറക്കുമതി അതിവേഗം വര്‍ധിക്കുകയും ചെയ്യുമെന്നതിനാല്‍ വിദേശ വിനിമയ കമ്മി ഉയര്‍ന്നുതന്നെ തുടരും. ജിഡിപി വളര്‍ച്ചാനിരക്ക് 2023ല്‍ കേവലം അഞ്ച് ശതമാനത്തിലെത്തിയാല്‍ പോലും അത്ഭുതപ്പെടേണ്ടിവരില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.