ഡോ. കെ പി വിപിൻ ചന്ദ്രൻ

മാനവീയം

July 13, 2021, 3:10 am

ജനസംഖ്യാനുപാതികമായ ലാഭവിഹിതം

Janayugom Online

കോവിഡ് 19 സൃഷ്ടിച്ച സാമൂഹിക, സാമ്പത്തിക പ്രതിസന്ധികളെയും അതിനൊപ്പം 2021 വർഷത്തെ ദേശീയതലത്തിലുള്ള ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) മുടങ്ങുകയും ചെയ്ത കാലയളവിലാണ് ഈ മാസം പതിനൊന്നിന് ലോക ജനസംഖ്യാദിനം ആചരിച്ചത്. ഐക്യരാഷ്ട്ര സംഘടനയുടെ ഡാറ്റ പ്രകാരം ചൈനയുടെ നിലവിലുള്ള ജനസംഖ്യ 144 കോടി (ആധാരമാക്കിയത് ഒമ്പത് ജൂലൈ 2021 ഡാറ്റ)യും ലോക ജനസംഖ്യയുടെ 18.47 ശതമാനവുമാണ്. എന്നാൽ ഇന്ത്യയിലേത് ജനസംഖ്യ 139 കോടിയും ലോക ജനസംഖ്യയുടെ 17.7 ശതമാനവുമാണ്. ഈ രണ്ടു രാജ്യങ്ങൾക്കൊപ്പം യുഎസ്എ (33 കോടി), ഇന്തോനേഷ്യ (27 കോടി), പാകിസ്ഥാൻ (22 കോടി) എന്നിങ്ങനെയാണ് ജനസംഖ്യയിലെ ആദ്യ അഞ്ചു സ്ഥാനക്കാർ. ഇന്ത്യൻസംസ്ഥാനമായ ഉത്തർപ്രദേശ് (24 കോടി) ഒരു രാജ്യമായിസങ്കല്പിച്ചാൽ ആഗോളതലത്തിൽ പാകിസ്ഥാന് മുന്നിൽ അഞ്ചാമതെത്തും.

യുഎൻ സാമ്പത്തിക സാമൂഹ്യകാര്യ വകുപ്പിന്റെ കണക്കുപ്രകാരം 2030 ഓടു കൂടി ഇന്ത്യയിലെ ജനസംഖ്യ 150 കോടിയിലേയ്ക്കും 2050 ൽ 164 കോടിയിലേയ്ക്കുമെത്തും. അങ്ങനെ ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായി മാറും. ചൈന സാമ്പത്തികമായി വൻശക്തിയായി മാറിയെങ്കിൽ ഇന്ത്യ നിലവിൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. വർധിച്ചു വരുന്ന ജനസംഖ്യ, കൂടിയ നിരക്കിലുള്ള തൊഴിലില്ലായ്മ, ഉയർന്നനിരക്കിലുള്ള ദാരിദ്ര്യവും പട്ടിണിയും പോലുള്ള അടിസ്ഥാന പ്രശ്നങ്ങൾപോലും പരിഹാരം കാണാതെയാണ് ഇന്ത്യ ഇന്ന് മുന്നോട്ട് പോകുന്നത്. അതിനൊപ്പം അടിക്കടിയുള്ള ഇന്ധന വിലവർധനവും കോവിഡ് സൃഷ്ടിച്ച മറ്റു പ്രതിസന്ധികളും ഇന്ത്യയിലെ സാമൂഹികസാമ്പത്തികാന്തരീക്ഷം കൂടുതൽ കലുഷിതമാക്കി.
1987 ജൂലൈ പതിനൊന്നാം തീയതി ലോക ജനസംഖ്യ 500 കോടിയിലേക്ക് എത്തിയതിന്റെ ഭാഗമായാണ് യുഎന്നിന്റെ നേതൃത്വത്തിൽ ജനസംഖ്യാ പ്രശ്നങ്ങളുടെ അടിയന്തര പ്രാധാന്യം മുൻനിർത്തി എല്ലാ വർഷവും ജൂലൈ 11 ലോകജനസംഖ്യാ ദിനമായി ആചരിക്കുന്നത്. നിലവിലിലെ ആഗോള ജനസംഖ്യ 770 കോടിയിൽ നിന്നും 2050 ൽ 900 കോടിയിലേക്ക് വർധിക്കുമെന്നാണ് വിലയിരുത്തുന്നത്.

2021ലെ ലോക ജനസംഖ്യാ ദിനത്തിന്റെ വിഷയമായി പരിഗണിക്കുന്നത് “അവകാശങ്ങളും തിരഞ്ഞെടുക്കലുകളുമാണ് കുഞ്ഞ് വേണോ വേണ്ടയോ എന്നതിനുള്ള ഉത്തരം: എല്ലാ ആളുകളുടെയും പ്രത്യുല്പാദന ആരോഗ്യത്തിനും അവകാശങ്ങൾക്കും മുൻഗണന നല്കുന്നതാണ് പ്രത്യുല്പാദന നിരക്കിൽ മാറ്റം വരുത്തുന്നതിനുള്ള പരിഹാരം”. ജനസംഖ്യാ വർധനവ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ജനസംഖ്യാ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. യുഎൻ സെക്രട്ടറി അന്റോണിയോ ഗുട്ടെറസിന്റെ അഭിപ്രായത്തിൽ ആരോഗ്യകരമായ ഒരു ഗ്രഹത്തിലെ എല്ലാവർക്കും മികച്ച ഭാവിയ്ക്കായുള്ള ലോകത്തിന്റെ ബ്ലൂപ്രിന്റായാണ് 2030 ലെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ പരിഗണിക്കുന്നത്. ജനസംഖ്യാ വർധനവ്, വാർധക്യം, നഗരവൽക്കരണം, കുടിയേറ്റം തുടങ്ങിയ വികസന വെല്ലുവിളികൾ എങ്ങനെ സമൂഹത്തെ ബാധിക്കുന്നുവെന്ന് ലോകജനസംഖ്യാദിനത്തിൽ വിവിധങ്ങളായ വിഷയങ്ങളിൽ ചർച്ചകൾക്ക് വഴി തുറക്കണം.

ലോകത്ത് ഏറ്റവും കൂടുതൽ യുവജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ ശരാശരി പ്രായം തന്നെ 28.4 ആണ്. ഈ യുവജനങ്ങളുടെ സാധ്യതകളെ ‘ജനസംഖ്യാനുപാതികമായ ലാഭവിഹിതം’ (ഡെമോഗ്രാഫിക് ഡിവിഡന്റ്) എന്നു വിളിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ ഡാറ്റ പ്രകാരം ചൈനയിലെ ജനസംഖ്യയുടെ ശരാശരി പ്രായം 38.4 വയസാണ്. എന്നാൽ യുഎസ്എ (38.3 വയസ്), യുകെ (40.5 വയസ്), റഷ്യ (39.6 വയസ്), ഓസ്ട്രേലിയ (37.9 വയസ്), ഫ്രാൻസ് (42.3 വയസ്), ജർമനി (45.7 വയസ്), കാനഡ (41.1 വയസ്) എന്നിങ്ങനെയാണ് ജനസംഖ്യയുടെ ശരാശരി പ്രായം. അതുപോലെ തന്നെ സ്കാൻഡനേവിയൻ രാജ്യങ്ങളെ പരിഗണിച്ചാൽ സ്വീഡൻ (41.1 വയസ്), ഫിൻലാൻഡ് (43.1വയസ്), ഡെൻമാർക്ക് (42.3 വയസ്), നോർവേ (39.8 വയസ്) എന്നിങ്ങനെയാണ് പ്രായം. ആഗോളതലത്തിലെ ഒട്ടുമിക്ക രാജ്യങ്ങളുടെ ജനസംഖ്യ പരിശോധിച്ചാൽ ഇന്ത്യയാണ് ഏറ്റവും വലിയ യുവജനശക്തിയുള്ള രാജ്യം. ഇന്ത്യയിലെ ജനസംഖ്യയുടെ ശരാശരി പ്രായംപോലും 29 വയസിൽ താഴെയാണ്. എന്നാൽ അയൽ രാജ്യങ്ങളായ പാകിസ്ഥാൻ (22.8 വയസ്), അഫ്ഗാനിസ്ഥാൻ (18.4 വയസ്), ഭൂട്ടാൻ (28.1 വയസ്), മ്യാൻമർ (29 വയസ്), ബംഗ്ലാദേശ് (27.6 വയസ്), ശ്രീലങ്ക (34 വയസ്) എന്നിങ്ങനെയാണ് ശരാശരി പ്രായം. ലോകത്തിലെ ഭാവി ഭാഗധേയം തീരുമാനിക്കാൻ ശക്തിയുള്ള യുവ ജനതയുള്ള പ്രദേശമാണ് സൗത്ത് ഏഷ്യൻ രാജ്യങ്ങൾ. എന്നിരുന്നാലും സബ് സഹാറൻ ആഫ്രിക്കയിലേക്കാളും ദാരിദ്ര്യം, പട്ടിണി, പോഷകാഹാരക്കുറവ് എന്നിവമൂലം ദുരിതം അനുഭവിക്കുന്ന ജനതയുള്ള പ്രദേശം കൂടിയാണ് ഈ സൗത്ത് ഏഷ്യൻ രാജ്യങ്ങൾ. ശ്രദ്ധേയമായ ദാരിദ്ര്യ ലഘൂകരണവും മികച്ച സാമ്പത്തികവളർച്ചയും ഉണ്ടായിരുന്നിട്ടും ഈ സൗത്ത് ഏഷ്യൻ രാജ്യങ്ങൾക്ക് മികച്ച നിലയിലേക്ക് എത്താൻ സാധിച്ചിട്ടില്ല. വർധിച്ചു വരുന്ന അസമത്വവും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഇന്ത്യ ഉൾപ്പെടെയുള്ള സൗത്ത് ഏഷ്യൻ രാജ്യങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് നയിക്കുന്നു.

ഇന്ത്യയുടെ ജനസംഖ്യയുടെ പകുതിയും 29 വയസിനു താഴെയുളളവരാണ്. ഇന്ത്യയ്ക്ക് ഇന്ന് ലഭിക്കുന്ന ഈ ‘ജനസംഖ്യാനുപാതികമായ ലാഭവിഹിതം’ (ഡെമോഗ്രാഫിക് ഡിവിഡന്റ്) ഗുണകരമായി മാറ്റാൻ നൈപുണി വികസനത്തിന് പ്രാധാന്യം നൽകുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യേണ്ടതുണ്ട്. നമ്മുടെ ഭരണകർത്താക്കൾ ‘ജനസംഖ്യാനുപാതികമായ ഈ മെച്ച’ത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ട കാലഘട്ടമാണിത്. ഇന്ത്യയിലെ യുവാക്കൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും അനുയോജ്യമായ നൈപുണ്യ പരിശീലനവും ലഭിച്ചിരുന്നുവെങ്കിൽ അവർക്ക് മെച്ചപ്പെട്ട തൊഴിൽ ലഭിക്കുകയും അതിലൂടെ രാജ്യത്തെ സാമ്പത്തിക വികസനത്തിന് ഗണ്യമായ സംഭാവന ചെയ്യുവാനും സാധിക്കുമായിരുന്നു. എന്നാൽ നിലവിലുള്ള ഇന്ത്യയുടെ അവസ്ഥ തികച്ചും വിഭിന്നമാണ്. നോട്ട് നിരോധനവും തുടർന്ന് അസംഘടിത മേഖലയിലെ പ്രതിസന്ധിയും, വിദ്യാഭ്യാസ അവസരങ്ങളുടെ കുറവ്, ദാരിദ്ര്യം, പട്ടിണി, പോഷകാഹാര കുറവ്, ഉയർന്നനിരക്കിലുള്ള തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ ഒരു വശത്ത്, മറുവശത്ത് കോവിഡ് വ്യാപനംമൂലം സർക്കാരുകൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾമൂലം താളം തെറ്റിയ സാമൂഹികസാമ്പത്തിക അവസ്ഥ. ഇത്തരം പ്രവർത്തിയിലൂടെ ഇന്ത്യയിലെ ഡെമോഗ്രാഫിക് ഡിവിഡന്റ് ഒരു ജനസംഖ്യാപരമായ ദുരന്തമായി മാറുന്ന അവസ്ഥയിലാണ്.

ഇന്ത്യയിലെ ജനസംഖ്യ വളരുകയാണെങ്കിലും വളർച്ചാനിരക്ക് കുറയുന്നതായിട്ടാണ് കാണുന്നത്. ഇന്ത്യയുടെ മൊത്തം ഫെർട്ടിലിറ്റി നിരക്ക് 2.2 ആണ്. കേരളം, തമിഴ്‌നാട്, കർണാടകം, ആന്ധ്രാപ്രദേശ്, പഞ്ചാബ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഫെർട്ടിലിറ്റി നിരക്ക് 2.1 ൽ താഴെയാണ്. മതപരമായ കാര്യങ്ങളല്ല, പകരം വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, കുടുംബാസൂത്രണത്തെക്കുറിച്ചുള്ള അറിവ് എന്നിവയാണ് ജനസംഖ്യാ നിയന്ത്രണത്തിൽ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നത്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്.

1952 ൽ കുടുംബാസൂത്രണത്തിനായി ലോകത്താദ്യമായി ഇന്ത്യയാണ് ഒരു ദേശീയപരിപാടി ആരംഭിച്ചത്. ദേശീയ കുടുംബാസൂത്രണ പദ്ധതി ആരംഭിച്ച് 69 വർഷങ്ങൾ പിന്നിട്ടിട്ടും ഇന്ത്യയിലെ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ കുടുംബാസൂത്രണ രീതിയിൽ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 44 ശതമാനത്തോളം വരുന്ന ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, ജാർഖണ്ഡ്, അസം എന്നീ സംസ്ഥാനങ്ങളിലെ ഫെർട്ടിലിറ്റി നിരക്ക് മൂന്നിലോ അതിലധികമോ ഉള്ള 146 ജില്ലകളിൽ കുടുംബാസൂത്രണത്തിന്റെ വിവിധ സേവനങ്ങൾ ഗണ്യമായി വർധിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ ‘മിഷൻ പരിവാർ വികാസ്’ എന്ന പദ്ധതി 2017 ജൂലൈ 11 ന് ആരംഭിച്ചിരുന്നു. ഇന്ത്യയിലെ ജനസംഖ്യ സുസ്ഥിരമായി തുടരുന്നതിന് മൊത്തം ഫെർട്ടിലിറ്റി നിരക്ക് 2.1 ആണ്. ഈ നിരക്കിനെ ഫെർട്ടിലിറ്റിയുടെ റിപ്ലേസിംഗ് നിരക്കായാണ് പരിഗണിക്കുന്നത്. 2016ൽ മൊത്തം ഫെർട്ടിലിറ്റി നിരക്ക് 2.3ലെത്തിയെങ്കിലും ക്രമാനുഗതമായ ഇടിവിന് പിന്നീട് ഇന്ത്യ സാക്ഷ്യം വഹിച്ചെങ്കിലും വിവിധ സംസ്ഥാനങ്ങൾക്കിടയിലും ജനങ്ങളുടെ സാമ്പത്തിക നിലവാരത്തിലും വലിയ അന്തരമാണ് പ്രകടമാകുന്നത്.
ഭാവിലോകം ഇന്ത്യയുടേതാണെങ്കിലും മറ്റൊരു മൂന്ന് ദശകത്തിനുള്ളിൽ (2051 നു ശേഷം) ഇന്ത്യയിലെ ഇന്നത്തെ യുവതലമുറയ്ക്ക് അറുപതു വയസ് പിന്നിടുമ്പോൾ ഇന്ത്യയിൽ മുതിർന്ന പൗരൻമാരുടെ ഉയർന്ന ജനസംഖ്യയായിരിക്കും. ജനസംഖ്യയുടെ നിലനിൽപ്പിനെ പോലും ചോദ്യം ചെയ്യുന്ന നിരവധി പ്രശ്നങ്ങളും ഇക്കാലയളവിൽ ഉയർന്നുവന്നിട്ടുണ്ട്. കോവിഡ് 19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾ, ഭാവിയിലും ആവർത്തിക്കാൻ സാധ്യതയുള്ള ആരോഗ്യ പ്രതിസന്ധികൾ, വൻതോതിൽ വളരുന്ന നഗരവൽക്കരണം, കാലാവസ്ഥാ വ്യതിയാനങ്ങൾ, ജൈവ വൈവിധ്യത്തിന്റെ നഷ്ടം തുടങ്ങിയ നിരവധി പ്രശ്നങ്ങളെയും ലോകജനത ഭാവിയിൽ അഭിമുഖീകരിക്കേണ്ടിവരും. ഇത്തരം സന്ദർഭങ്ങളിൽ ഉയർന്ന ജനസംഖ്യയുള്ള ഇന്ത്യയ്ക്കും പ്രതിസന്ധികളെ നേരിടാൻ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവരും. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കോവിഡ് മഹാമാരിക്കെതിരെയുള്ള വാക്സിനേഷന്റെ ലഭ്യത കുറവ്. ആഗോളതലത്തിൽ ഒട്ടുമിക്ക രാജ്യങ്ങളിലും വാക്സിനേഷൻ 60 ശതമാനത്തിനു മേൽ പൂർത്തിയാക്കിയെങ്കിൽ ഇന്ത്യയിൽ വാക്സിനേഷൻ ഏകദേശം 26 ശതമാനത്തിൽ താഴെ മാത്രമാണ്. കോവിഡ് പോലെയുളള മഹാമാരികളെ എളുപ്പത്തിൽ തടയാൻ താരതമ്യേന ജനസംഖ്യ കുറവുള്ള രാജ്യങ്ങൾക്ക് എളുപ്പത്തിൽ സാധിക്കുന്നു. എന്നാൽ ഇന്ത്യയിൽ കോവിഡ് പ്രതിരോധവും ചികിത്സയും താളം തെറ്റുന്നതിന് പ്രധാന കാരണം ഇന്ത്യയിലെ ഉയർന്ന ജനസംഖ്യയാണ്.

കോവിഡ് 19 മഹാമാരിയിൽ നിന്നും നാം പഠിച്ച പ്രധാനപ്പെട്ട പാഠം കോവിഡ് എന്നത് ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മാത്രമല്ല അതിനോടൊപ്പം അമിത ജനസംഖ്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കൂടിയുണ്ടെന്ന് ബോധ്യമായി. അതുപോലെ ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള വൈറസ് വ്യാപനം രൂക്ഷമായ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നും ഭരണകൂടങ്ങൾക്ക് ബോധ്യമായി. ഇതിനൊരു പ്രതിവിധി ജനസംഖ്യാനുപാതികമായി ആരോഗ്യമേഖലയ്ക്ക് ഉയർന്ന മാനവവിഭവ നിക്ഷേപം വർധിപ്പിച്ചാൽ മാത്രമേ ഭാവിയിൽ നേരിടുന്ന വെല്ലുവിളികളെ ചെറുക്കാൻ സാധിക്കുകയുള്ളു. അതുപോലെ ഭക്ഷണം, വായു, ജലം എന്നിവയുടെ മലിനീകരണത്തിന് പ്രധാനപ്പെട്ട കാരണം അമിത ജനസംഖ്യയാണ്. അമിത ജനസംഖ്യ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാവുകയും ആത്യന്തികമായി മനുഷ്യന്റെ നിലനിൽപ്പിനെ മാത്രമല്ല ഭൂമിയിലെ സർവ ചരാചരങ്ങളുടെയും നിലനിൽപ്പും അപകടപ്പെടുത്തുന്നു.

ഒരു രാജ്യത്തിന്റെയും സമൂഹത്തിന്റെയും പരമാവധി സാമ്പത്തിക നേട്ടത്തിനായി ജനസംഖ്യാ വളർച്ചയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിന് കൃത്യമായ ഒരു ആസൂത്രണം ഇന്ത്യയ്ക്ക് ആവശ്യമുണ്ട്. യുവജനതയ്ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും പരിശീലനവും നൽകി അവർ ഉല്പാദനക്ഷമതയുള്ളതും ഫലപ്രദവുമായ കഴിവുകൾ ഉള്ളവരാണെന്ന് ഉറപ്പാക്കിയാൽ ഇന്ത്യയുടെ സാമ്പത്തികവളർച്ചയ്ക്ക് മുതൽകൂട്ടായി മാറ്റാൻ സാധിക്കും. അമിത ജനസംഖ്യാ പ്രശ്നം ഒരു ആഗോള പ്രശ്നമായി സമീപിക്കുകയും മറ്റു ജീവജാലങ്ങളുടെ അവകാശങ്ങൾപോലും ലംഘിക്കാതെ ഭൂമിയിൽ സുസ്ഥിരമായ ജീവിതം നയിക്കാൻ എല്ലാ രാജ്യങ്ങളും ജനസംഖ്യ നിയന്ത്രിക്കേണ്ട സമയമാണിത്. ഇന്ത്യയെ പോലുള്ള ‘ഡെമോഗ്രാഫിക് ഡിവിഡന്റ്’ ലഭിക്കുന്ന രാജ്യങ്ങളാണ് ഇതിൽ മുന്നിൽ നിന്ന് നയിക്കേണ്ടത്. അതിനോടൊപ്പം വർധിച്ചുവരുന്ന ജനസംഖ്യ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആഘാതം സൃഷ്ടിക്കുമെങ്കിലും അതിനെ ഗുണപരമായ രീതിയിൽ മാറ്റിയെടുത്തുകൊണ്ട് ഇന്ത്യയിലെ യുവജനതയുടെ മാനവവിഭവശേഷി വർധിപ്പിച്ചാൽ ഭാവിലോകം ഇന്ത്യയുടേതായി മാറ്റാനും സാധിക്കുമെന്ന് പ്രത്യാശിക്കാം.