Web Desk

കൊച്ചി:

October 30, 2020, 5:07 pm

കൊച്ചി നഗരത്തിൽ മുള്ളൻ പന്നിയുടെ ഓട്ടപ്രദീക്ഷണം

Janayugom Online

നഗരമധ്യത്തിൽ രാവിലെ ഇറങ്ങിയ അതിഥിയെ കണ്ട് നാട്ടുകാർ അമ്പരന്നു. കൊച്ചി പോലൊരു പട്ടണത്തിൽ ഒരിക്കൽപോലും പ്രതീക്ഷിക്കാനാകാത്ത ഒന്നാന്തരമൊരു മുള്ളൻ പന്നി. എറണാകുളത്തെ ഏറെ തിരക്കുള്ള കോൺവന്റ് ജംഗ്ഷനിൽ വെള്ളിയാഴ്ച്ച രാവിലെയാണ് മുള്ളൻ പന്നി പ്രത്യക്ഷപ്പെട്ടത്. മാർക്കറ്റിനുള്ളിൽ നിന്ന് എങ്ങനെയോ പുറതെത്തി കോൺവന്റ് ജംഗ്ഷനിലുടെ ഓടി ടിഡി റോഡിലെത്തിയപ്പോഴാണ് ആളുകളുടെ കണ്ണിൽപ്പെട്ടത്. രാവിലെ ആയതിനാൽ തിരക്ക് ഏറിവരുന്നതേയുണ്ടായിരുന്നുള്ളു. ഓട്ടോറിക്ഷ തൊഴിലാളികൾ ബഹളംവച്ചതോടെ അടുത്തുള്ള പെട്ടിക്കടയോട് ചേർന്നുള്ള മതിലിന്റെ വശത്ത് കക്ഷി പതുങ്ങി. ആളുകളുടെ ബഹളം ഏറിയതോടെ വീണ്ടും ടിഡി റോഡിലൂടെ ജനറൽ ആശുപത്രിഭാഗത്തേയ്ക്കായി മുള്ളൻപന്നിയുടെ ഓട്ടം.

റോഡിലൂടെ എതിരെ വന്ന മറ്റ് വാഹനയാത്രകാർക്കോ കാൽനടയാത്രികർക്കോ ആദ്യംകാര്യം പിടികിട്ടിയില്ല. മുള്ളൻ പന്നിയാണെന്നും മുള്ള് ഏയ്ത്വിട്ടാൽ പരിക്ക് ഏൽക്കുമെന്നും ചിലർ വിളിച്ചുപറയുന്നത് കേട്ട് പലരും കടകൾക്കുളളിലേയ്ക്കും മറ്റ് സ്ഥലങ്ങളിലേയ്ക്കും വേഗത്തിൽ കയറിപറ്റി. ഇതിനിടയിൽ ആരോ വനംവകുപ്പ് അധികൃതർക്കും വിവരം കൈമാറി. വൈകാതെ തന്നെ മുള്ളൻപന്നിയെ പിടികൂടാൻ സന്നാഹങ്ങളുമായി വനംവകുപ്പ അധികൃതരും രംഗതെത്തി.

വേഗത്തിൽ ഓടിയ മുള്ളൻ പന്നി ടിഡി റോഡിലെ സ്വകാര്യ ലോഡ്ജിന്റെ കോംപൗണ്ടിലേയ്ക്ക് ഓടി കയറി. പിന്നാലെ വനംവകുപ്പും ചിലനഗരവാസികളും. ആദ്യം വലവിരിച്ച് ഓടിച്ച് അതിലേയ്ക്ക് കയറ്റുവാനായിരുന്നു പദ്ധതി. എന്നാൽ പന്നിയുടെ വേഗതയ്ക്ക് മുന്നിൽ പദ്ധതി പാളി. പിന്നീട് മറ്റൊരുകെട്ടിടത്തിന്റെ മതിലിനോട് ചേർന്ന പതുങ്ങിയ മുള്ളൻപന്നിയെ വനംവകുപ്പ് അധികൃതർ വലയെറിഞ്ഞ് കുടുക്കുകയായിരുന്നു. പിന്നീട് വാഹനത്തിൽ കയറ്റി പെരുമ്പാവൂർ കോടനാടുള്ള വനത്തിൽ തുറന്നുവിട്ടു. ഏകദേശം നാല് കിലോയോളം ഭാരം മുള്ളൻ പന്നിക്കുണ്ടായിരുന്നു. പച്ചക്കറിയുമായി ഉൾപ്രദേശങ്ങളിൽ നിന്നെത്തിയ ലോറിയിൽ അറിയാതെ പെട്ടുപോയതാവാം പന്നിയെന്നാണ് വനംവകുപ്പിന്റെ നിഗമനം.

ENGLISH SUMMARY: por­cu­pine in kochi

YOU MAY ALSO LIKE THIS VIDEO