Wednesday
24 Jul 2019

ഓയോക്കെതിരെ സമാന്തര ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങും: കേരള ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍

By: Web Desk | Wednesday 26 June 2019 6:54 PM IST


ഓണ്‍ലൈന്‍ ഹോട്ടല്‍ ഭീമന്‍ തങ്ങളെ വഞ്ചിച്ചതില്‍ പ്രതിഷേധിച്ച് ഹോട്ടലുടമകള്‍ നടത്തിയ പ്രതിഷേധത്തില്‍ ഓയോ ടാബുകള്‍ ചവിട്ടി തകര്‍ക്കുന്നു

കൊച്ചി: ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിംഗ് രംഗത്തെ ഭീമനായ ഓയോക്ക് സമാന്തരമായി ബുക്കിംഗ് പോര്‍ട്ടല്‍ ആരംഭിക്കുമെന്ന് കേരളാ ഹോട്ടല്‍ ആന്റ് റസ്റ്റോറ്റോറന്റ് അസോസിയേഷന്‍ സെക്രട്ടറി ടി ജെ മനോഹരന്‍ പറഞ്ഞു. ഓയോക്കെതിരെ ഇടപ്പള്ളിയിലെ ഓഫീസിന് മുന്നില്‍ ചെറുകിട ഹോട്ടലുടമകള്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിഷേധ ധര്‍ണയില്‍ നൂറോളം ഉടമകള്‍ പങ്കെടുത്തു

ആദ്യം വലിയ ഓഫറുകള്‍ തന്ന് കരാറൊപ്പിട്ട ഓയോ പിന്നീട് ഹോട്ടലുകളുടെ വയറ്റത്തടിക്കുകയാണ്. ചെറുകിട ഹോട്ടലുടമകളുടെ ഉപജീവനത്തെയാണ് ഓയോ തകര്‍ക്കുന്നത്. ഇതിനെ ക്രിയാത്മകമായി നേരിടാനാണ് സമാന്തര പോര്‍ട്ടല്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. നിലവില്‍ ഓയോ ഹോട്ടലുകളില്‍ നിന്ന് ഈടാക്കുന്ന കമ്മീഷന്‍ ഒഴിവാക്കിയാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന നിരക്കിന് റൂമുകള്‍ വില്‍ക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈന്‍ ഹോട്ടല്‍ ഭീമനായ ഓയോക്ക് എതിരെ ചെറുകിട ഹോട്ടലുടമകള്‍ നടത്തിയ പ്രതിഷേധത്തില്‍ ഓയോയുടെ കോലത്തില്‍ ചവിട്ടി പ്രതിഷേധിക്കുന്നവര്‍

നേരത്തെ പത്തടിപ്പാലം മെട്രോ സ്‌റ്റേഷന് മുന്നില്‍ നിന്ന് തുടങ്ങിയ പ്രതിഷേധ പ്രകടനത്തില്‍ നൂറോളം ഹോട്ടലുടമകള്‍ പങ്കെടുത്തു. നിരവധി ഹോട്ടലുടമകള്‍ ഓയോയുമായുള്ള കരാറില്‍ നിന്ന് പിന്‍വാങ്ങാനുള്ള കത്തുമായാണ് വന്നത്. എന്നാല്‍, കത്ത് സ്വീകരിക്കാന്‍ ഓയോ അധികൃതര്‍ തയ്യാറായില്ല. ശേഷം പ്രതിഷേധക്കാര്‍ ഓയോ ടാബുകള്‍ പ്രതീകാത്മകമായി തകര്‍ത്തു. ഓയോ അധികൃതര്‍ സമരക്കാരുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ വെള്ളിയാഴ്ച മുതല്‍ തങ്ങളുടെ മിനിമം നിരക്കിനേ റൂമുകള്‍ അനുവദിക്കൂ എന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കെഎച്ച്ആര്‍എ പ്രസിഡന്റ് അസീസ് മുസ യോഗത്തില്‍ അദ്ധ്യക്ഷനായി. സമര സമിതി ചെയര്‍മാന്‍ മുഹമ്മദ് റമീസ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷിയാസ് എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ ഏരിയാ പ്രസിഡന്റ് അലിയാര്‍ നന്ദി പറഞ്ഞു.

Related News