May 27, 2023 Saturday

പോയകാലത്തെ വാര്‍ത്ത ചിത്രങ്ങള്‍ കോര്‍ത്തിണക്കി ‘പോര്‍ട്ട്‌ ഫോളിയോ’ കൊച്ചിയിൽ

R Gopakumar
December 28, 2019 5:27 pm

കൊച്ചി: പുതുവര്‍ഷം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പോയകാലത്തെ വാര്‍ത്ത ചിത്രങ്ങള്‍ കോര്‍ത്തിണക്കി എറണാകുളത്തെ പത്രമാധ്യമ സ്ഥാപനങ്ങളിലെ ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മ്മയായ ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറം ഒരുക്കുന്ന വാര്‍ത്തചിത്ര പ്രദര്‍ശനം പോര്‍ട്ട്‌ഫോളിയോ 2020ന് എറണാകുളം ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ തുടക്കമായി.

തുടര്‍ച്ചയായ 15-ാം വര്‍ഷമാണ് ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വാര്‍ത്തചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഹൈബി ഈഡന്‍ എംപി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. നാല് ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ കൊച്ചിയിലെ വിവിധ മാധ്യമ സ്ഥാപനങ്ങളിലെ 40 ഓളം ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ 90 ല്‍പരം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വിടപറയാനൊരുങ്ങുന്ന 2019 സാക്ഷ്യം വഹിച്ച വാര്‍ത്തകളിലൂടെയുള്ള സഞ്ചാരങ്ങളാണ് ഓരോ ചിത്രങ്ങളും. പ്രളയവും ഋതുഭേദങ്ങളുടെ മാറ്റവുമെല്ലാം പലതും പ്രത്യേകതകള്‍കൊണ്ട് വാര്‍ത്തകളായപ്പോള്‍ പത്രങ്ങളിലൂടെ വായനക്കാരോട് സംവദിച്ച ചിത്രങ്ങളില്‍ ശ്രദ്ധിക്കെപ്പെട്ടവയെല്ലാം പ്രദര്‍ശനത്തിനുണ്ട്.

കലാ കായിക സാംസ്‌കാരിക രംഗവുമായി ബന്ധപ്പെട്ട് കേരളത്തിലങ്ങോളമിങ്ങോളം 2019 സാക്ഷ്യം വഹിച്ച പ്രധാന സംഭവങ്ങളുടെയെല്ലാം വാര്‍ത്ത ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് വെളിയില്‍ നടന്ന സുപ്രധാന സംഭവങ്ങളില്‍ ചിലതും വാര്‍ത്തചിത്രങ്ങളായി പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുണ്ട്. ജീവന്‍ തുടിക്കുന്ന ചിത്രങ്ങളാണ് കാണുവാന്‍ സാധിച്ചതെന്നും പല ചിത്രങ്ങളുടെയും അടിക്കുറിപ്പുകള്‍ ഏറെ രസകരമായിരുന്നുവെന്നും ഹൈബി ഈഡന്‍ എംപി അഭിപ്രായപ്പെട്ടു.

ടിജെ വിനോദ് എംഎല്‍എ, മുന്‍മന്ത്രി കെ ബാബു, സി ജി രാജഗോപാല്‍, എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍, മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല , എറണാകുളം പ്രസ്‌ക്ലബ്ബ് വൈസ് പ്രസിഡന്റ് ജിപ്‌സണ്‍ സീക്കേര, ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറം കണ്‍വീനര്‍ പ്രകാശ് എളമക്കര, ജോ. കണ്‍വീനര്‍മാരായ മഹേഷ്പ്രഭു, ഷിയാമി തൊടുപുഴ , മനു ഷെല്ലി എന്നിവര്‍ പങ്കെടുത്തു. രാവിലെ പതിനൊന്ന് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് പ്രദര്‍ശനം. പ്രവേശം സൗജന്യം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.