ഫാനി വരുന്നു; 29നും 30നും ശക്തമായ മഴയ്ക്ക് സാധ്യത

Web Desk
Posted on April 27, 2019, 11:08 pm

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ‘ഫാനി’ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് തമിഴ്‌നാട്, ആന്ധ്ര തീരത്തെ ലക്ഷ്യമാക്കി ബംഗാള്‍ ഉള്‍ക്കടലിലൂടെ മുന്നേറും. 24 മണിക്കൂറില്‍ ഒരു തീവ്രചുഴലിക്കാറ്റായും പിന്നീട് അതിതീവ്ര ചുഴലിക്കാറ്റായി മാറി 30 ന് തമിഴ്‌നാട്-ആന്ധ്ര തീരത്തോട് അടുത്ത് എത്താനുമുള്ള സാധ്യതയുമാണ് പ്രവചിക്കുന്നത്.
ട്രോപിക്കല്‍ സ്റ്റോം ഇനത്തില്‍ ഇന്ത്യന്‍ സമുദ്രത്തില്‍ 2019 ലെ ആദ്യ കാറ്റാണ് ഫാനി. തീവ്ര ഇനത്തിലേക്ക് ഫാനി രൂപംമാറിയാല്‍ 1891 ന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടാകുന്ന രണ്ടാമത്തെ തീവ്ര ചുഴലിക്കാറ്റുമാകും. 2006 ഏപ്രിലില്‍ ഉണ്ടായ മാലയാണ് ഇതിന് മുമ്പ് ഉണ്ടായ തീവ്ര ചുഴലിക്കാറ്റ്.
നിലവില്‍ ശ്രീലങ്കയിലെ ട്രിങ്കോമാലിയില്‍ നിന്നും 880 കിലോമീറ്റര്‍ കിഴക്ക്-തെക്കുകിഴക്കും ചെന്നൈയില്‍ നിന്നും 1250 കിലോമീറ്റര്‍ തെക്കുകിഴക്കും അകലെയാണ് കാറ്റിന്റെ സ്ഥാനം. അതേസമയം മൊസാംബിക് ലക്ഷ്യമാക്കി നീങ്ങുന്ന ലോര്‍ന ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചാല്‍ ഫാനി ദുര്‍ബലമാകാനുള്ള വിദൂരസാധ്യതയും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നില്ല.
29,30 ദിവസങ്ങളില്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. 29ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും ഏപ്രില്‍ 30 ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ ഇന്ന് രാവിലെ മുതല്‍ മണിക്കൂറില്‍ 30–40 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും 29, 30 തീയതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയിലും ചിലപ്പോള്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം മത്സ്യത്തൊഴിലാളികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കേരളതീരത്തും ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകരുത്. ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ ഇന്ന് തീരത്ത് തിരിച്ചെത്തണമെന്ന് കര്‍ശന നിര്‍ദേശവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്. കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ പ്രത്യേകം ജാഗ്രത പാലിക്കണം. രാത്രിയില്‍ മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.