നീണ്ട ഇടവേളക്ക് ശേഷം ഇടുക്കിയിലെ ടൂറിസം വീണ്ടും പഴയ പ്രതാപത്തിലേക്ക്. ഓണാവധിയും കോവിഡ് ഇളവുകളും ഇടുക്കിയുടെ ടൂറിസം മേഖലക്ക് വീണ്ടും നവജീവൻ നൽകി. ഇടുക്കിയിലെ ഡിറ്റിപിസിക്ക് കീഴിലുള്ള മൂന്നാർ‑മാട്ടുപ്പെട്ടി യൂണിറ്റ്, പാഞ്ചാലിമേട്, രാമക്കൽമേട്, എസ് എൻ പുരം, അരുവിക്കുഴി വ്യൂ പോയിന്റ്, ഇടുക്കി ഹിൽ വ്യൂ പാർക്ക്, ആമപ്പാറ, വാഗമൺ മൊട്ടക്കുന്ന്, മലങ്കര ടൂറിസം ഹബ്ബ് എന്നിവിടങ്ങളിലെല്ലാം സഞ്ചാരികൾ ഒഴുകിയെത്തി.
കഴിഞ്ഞ നാല് ദിവസത്തിനിടെ പാഞ്ചാലിമേട് ടൂറിസം കേന്ദ്രത്തിൽ 5218 പേർ സന്ദർശനം നടത്തിയതായാണ് ഡിറ്റിപിസിയുടെ കണക്ക്. അരുവിക്കുഴി വ്യൂ പോയിന്റിൽ 2604പേരും, ഇടുക്കി ഹിൽവ്യൂ പാർക്കിൽ 2500 ഉം, ആമപ്പാറ, എസ്എൻപുരം, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ ആയിരത്തിലധികം സഞ്ചാരികളും സന്ദർശനം നടത്തി.
നിലവിൽ കോവിഡ് മാനദണ്ഢങ്ങൾക്ക് വിധേയമായിട്ടാണ് ജില്ലയിലെ ഡിറ്റിപിസിക്ക് കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. കോവിഡ് വാക്സിൻ സ്വീകരിച്ചവർ, 72 മണിക്കൂറിനകം എടുത്ത ആർറ്റിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർ, കോവിഡ് വന്ന് നെഗറ്റീവായി ഒരു മാസം കഴിഞ്ഞവർ എന്നിവർക്ക് പ്രവേശനാനുമതി ഉണ്ട്. കുട്ടികൾക്ക് പ്രവേശനത്തിന് നിലവിൽ മറ്റു മാനദണ്ഢങ്ങളില്ല.
ഓണവും തുടർന്നുള്ള അവധി ദിനങ്ങളിലും ജില്ലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ കടന്നുവരവ് കോവിഡ് രഹിത വർഷങ്ങളിലേതിന് സമാനമാണെന്ന് ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി എച്ച് ഗീരീഷ് ജനയുഗത്തോട് പറഞ്ഞു. സാധാരണയായി ഇടുക്കിയിലെ ടൂറിസം കേന്ദ്രങ്ങളിൽ കോവിഡിന് മുമ്പ് എത്തിയിരുന്ന സഞ്ചാരികളുടെ നേർ പകുതി മാത്രമായിരുന്നു ഓണത്തിന് തൊട്ടുമുമ്പ് വരെ എത്തിക്കൊണ്ടിരുന്നത്.
English summary: Post-covid Tourism in Idukki
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.