Web Desk

February 26, 2021, 5:15 am

തെരഞ്ഞെടുപ്പാനന്തര രാഷ്ട്രീയം: ബിജെപി നല്‍കുന്ന മുന്നറിയിപ്പ്

Janayugom Online

ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് എന്താണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ഇന്നലെ കോഴിക്കോട്ട് നടത്തിയ പത്രസമ്മേളനത്തില്‍ അസന്ദിഗ്ധമായി വ്യക്തമാക്കി. ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ഭൂരിപക്ഷം കരസ്ഥമാക്കി അധികാരത്തില്‍ വരുകയോ അല്ലെങ്കില്‍ കാര്യക്ഷമമായ ഒരു രാഷ്ട്രീയ മുന്നണി രൂപീകരിച്ച് ആ ലക്ഷ്യം നേടുകയോ അല്ല തങ്ങളുടെ പദ്ധതി എന്നാണ് അദ്ദേഹം പറഞ്ഞുവച്ചത്. മുപ്പത്-നാല്പത് സീറ്റുകള്‍ കരസ്ഥമാക്കി കോണ്‍ഗ്രസ് അടക്കം ഇതര പാര്‍ട്ടികളില്‍ നിന്ന് കാലുമാറ്റം സംഘടിപ്പിച്ച് രാഷ്ട്രീയ അട്ടിമറിയിലൂടെ അധികാരം കൈയാളുന്നതിനെപ്പറ്റിയുള്ള ബൃഹത്തായ സ്വപ്നപദ്ധതിയാണ് ബിജെപിയുടേത്. കേരളത്തില്‍ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിക്ക് നിയമസഭയില്‍ ഉണ്ടായിരുന്ന ഒരു സീറ്റുപോലും നിലനിര്‍ത്താന്‍ ആവില്ലെന്നിരിക്കെ, മുപ്പത്-നാല്പത് സീറ്റെന്ന ആഗ്രഹത്തിന് മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്നത്തിന് അപ്പുറം ഒരു പ്രസക്തിയുമില്ല. എന്നാല്‍ അധികാരത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ബിജെപിയുടെ രാഷ്ട്രീയ കുടിലതയാണ് തുറന്നുകാട്ടപ്പെടുന്നത്.

രാജ്യത്ത് നിലനില്ക്കുന്ന തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ പരിമിതികളെയും ദൗര്‍ബല്യങ്ങളെയും മുതലെടുത്താണ് നരേന്ദ്രമോഡി കേന്ദ്രഭരണം കയ്യാളുന്നത്. 2014 ല്‍ കേവലം 31 ഉം 2019 ല്‍ 35ഉം ശതമാനം വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. വോട്ടര്‍മാരില്‍ 65 ശതമാനവും എതിര്‍ക്കുന്ന ബിജെപി സംസ്ഥാനങ്ങളില്‍ അധികാരം ഉറപ്പിക്കുന്നത് രാഷ്ട്രീയ അട്ടിമറിയിലൂടെയാണ്. ഗോവയിലും മണിപ്പൂരിലും അസമിലും മധ്യപ്രദേശിലും അവസാനമായി കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും എംഎല്‍എമാരെ വിലക്കെടുത്തും സ്ഥാനമാനങ്ങള്‍ നല്കിയും അധികാരം ഉറപ്പിച്ചതും രാഷ്ട്രീയ അട്ടിമറികള്‍ സംഘടിപ്പിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന പശ്ചിമ ബംഗാളില്‍ അക്രമത്തിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും പണക്കൊഴുപ്പിന്റെയും അകമ്പടിയോടെ നടക്കുന്ന അട്ടിമറിക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ പയറ്റി വിജയിച്ച അധാര്‍മ്മിക അട്ടിമറി രാഷ്ട്രീയം കേരളത്തിലും പ്രയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് ത­ങ്ങള്‍ എന്ന സൂചനയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കോഴിക്കോട് പത്രസമ്മേളനത്തിലൂടെ നല്കുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് നടത്തിയ പരാമര്‍ശത്തെ അനുസ്മരിപ്പിക്കുന്നതാണ് അത്. ഹൈ­ന്ദവ ക്ഷേത്രങ്ങളില്‍ സ്ത്രീ­കളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് ആര്‍­എസ്എസും ഇ­പ്പോഴത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് അടക്കം സ്വീകരിച്ചിരുന്ന നിലപാടുകളില്‍ നിന്നും രാഷ്ട്രീയ നേട്ടത്തിനുവേണ്ടി അവര്‍ എങ്ങനെയാണ് മലക്കം മറിഞ്ഞതെന്ന് ഓര്‍ക്കുക. അധികാരത്തിനു വേ­ണ്ടി എന്തു വൃത്തികെട്ട കളികള്‍ക്കും തയ്യാറായി നില്ക്കുന്ന, യാതൊരു തത്വദീക്ഷയുമില്ലാത്ത, രാഷ്ട്രീയ ഉദരാംഭോഗികളുടെ പാളയമായി ബിജെപി അധപ്പതിച്ചിരിക്കുന്നു. അവര്‍ ലക്ഷ്യം വയ്ക്കുന്നത് കോണ്‍ഗ്രസിനെയാണ്. ആശയപരമായും സംഘടനാപരമായും പാപ്പരായ കോണ്‍ഗ്രസിനെ തങ്ങളുടെ അട്ടിമറി രാഷ്ട്രീയത്തിനുള്ള വളക്കൂറുള്ള മണ്ണായി അവര്‍ കാണുന്നു. ഇപ്പോഴത്തെ ലോക്‌സഭയിലുള്ള ബിജെപി അംഗങ്ങളില്‍ ഏതാണ്ട് നൂറോളം പേര്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ അവസരവാദികളും അഴിമതിക്കാരും ഭാഗ്യാന്വേഷികളുമാണെന്നത്, കേരളത്തിലും അത്തരമൊരു അട്ടിമറിക്കുള്ള സാധ്യതയായി കാണുന്നതില്‍ ബിജെപിയെ കുറ്റപ്പെടുത്താനാവില്ല.

ബിജെപിയുടെ വിജയയാത്രയുടെ ആരംഭത്തില്‍ തന്നെ അവര്‍ നല്കിയ സൂചന രാഷ്ട്രീയ പ്രബുദ്ധമായ കേരള ജനതയ്ക്കുള്ള മുന്നറിയിപ്പാണ്. കേരള ജനതയുടെ രാഷ്ട്രീയ നിശ്ചയദാര്‍ഢ്യം എന്തുതന്നെ ആയാലും തെരഞ്ഞെടുക്കപ്പെട്ടുവരുന്ന അധികാര, അര്‍ത്ഥമോഹികളെ വിലക്കെടുത്ത് ജനവിധിയെ അട്ടിമറിക്കാന്‍ മടിക്കില്ലെന്നതാണ് അത്. ബിജെപിയുടെ ആ മുന്നറിയിപ്പ് കേരളത്തിലെ ജനങ്ങള്‍ക്ക് നല്കുന്ന താക്കീത് ഈ തെരഞ്ഞെടുപ്പില്‍ വിവേകപൂര്‍വം വോട്ടു രേഖപ്പെടുത്താന്‍ സമ്മതിദായകര്‍ തയ്യാറാവണമെന്ന് തന്നെയാണ്. വില്ക്കപ്പെടാനും വിലക്കെടുക്കപ്പെടാനും തയ്യാറുള്ള, ആശയ ദാര്‍ഢ്യവും ജനങ്ങളോട് പ്രതിബദ്ധതയുമില്ലാത്ത, രാഷട്രീയത്തെയും രാഷ്ട്രീയക്കാരെയും തിരസ്കരിക്കാന്‍ സമ്മതിദായകര്‍ തയ്യാറാവണമെന്ന മുന്നറിയിപ്പാണ് ബിജെപി കേരളത്തിന് നല്കുന്നത്.