May 28, 2023 Sunday

സത്യാനന്തരകാലത്തെ പട്ടാളവും പൊലീസും

Janayugom Webdesk
December 27, 2019 10:31 pm

യഥാർഥത്തിൽ ജീവിച്ചിരുന്ന ഗീബൽസുമാർ തോറ്റുപോകുന്ന നുണകളുടെ പെരുങ്കോട്ടകളുയരുന്ന കെട്ടകാലത്തിലൂടെയാണ് നമ്മുടെ പോക്ക്. അസത്യങ്ങളും അവാസ്തവവുമായ കാര്യങ്ങൾക്കുമാത്രം മേൽക്കൈ കിട്ടുകയും വൈകാരികത ആധിപത്യം നേടുകയും ചെയ്യുന്ന ഇക്കാലത്തെ സത്യാനന്തരകാലമെന്ന പുതിയ കാലഗണനയിലൂടെ വേർതിരിക്കുന്നുമുണ്ട്. അത്തരമൊരു പരിസരത്തിലാണ് പൗരത്വ നിയമഭേദഗതിക്കെതിരായ സമരങ്ങളോടുളള കേന്ദ്ര സർക്കാരിന്റെ നിലപാടുകളെ നമുക്ക് നിരീക്ഷിക്കേണ്ടത്. ഏത് കാലത്തായാലും ഭരണാധികാരികളുടെ നിലപാടെന്തായാലും അത് നടപ്പിലാക്കുന്നതിനുള്ള ഉപകരണങ്ങൾ മാത്രമാണ് പൊലീസും പട്ടാളവുമെന്ന പരമ്പരാഗത സങ്കല്പത്തിന് മാറ്റമുണ്ടാവണമെന്നില്ല. പക്ഷേ ഇന്ത്യയെന്ന പ്രവിശാല മതേതര — ജനാധിപത്യ രാജ്യത്തിന്റെ പൂർവ്വകാല ചരിത്രത്തിൽ ഇല്ലാതിരുന്നത്രയും കെട്ടുപോയ നിറംമാറ്റങ്ങളെയോ നയവ്യതിയാനങ്ങളെയോ ചട്ടലംഘനങ്ങളെയോ ഒക്കെയാണ് ഇപ്പോഴത്തെ നമ്മുടെ സൈന്യത്തിലെയും പൊലീസിലെയും ഒരു വിഭാഗം അടയാളപ്പെടുത്തുന്നത്. അവർ ന്യൂനപക്ഷമാകാമെങ്കിലും അവർക്കാണ് മേധാവിത്തമെന്നതുകൊണ്ടാണ് സൈന്യത്തിന്റെ രാഷ്ട്രീയത്തെ കുറിച്ച് ഇത്തരത്തിലൊരു കോളത്തിൽ ഇതുപോലൊരു കുറിപ്പ് അനിവാര്യമാക്കുന്നത്.

പൗരത്വ നിയമഭേദഗതിക്കെതിരെ അനിതരസാധാരണമായ പ്രതിഷേധങ്ങളാണ് രാജ്യത്ത് കൊടുമ്പിരിക്കൊള്ളുന്നത്. കക്ഷിരാഷ്ട്രീയത്തിന്റെയോ മതജാതികളുടെയോ വ്യത്യാസങ്ങളില്ലാത്ത പ്രസ്തുത പ്രതിഷേധത്തിന് ഒരു പ്രത്യേകതയുണ്ട്. ഏതെങ്കിലും നേതാവിനാൽ നയിക്കപ്പെടുകയല്ല, എല്ലാവരും നേതാക്കളായി മുന്നേറുന്നവയാണ് അവയെല്ലാം എന്നതാണ് ആ പ്രത്യേകത. അത്തരം പ്രതിഷേധങ്ങളെ നിഷ്ഠൂരമായാണ് ചില സംസ്ഥാനങ്ങളിൽ നേരിടുന്നത്. അതിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പൊലീസിനാണ് ആക്രമണോത്സുകത കൂടുതലെന്നത് പരിശോധിച്ചാൽ ബോധ്യപ്പെടാവുന്നതുമാണ്. ബിജെപിയുടെ കേന്ദ്ര സർക്കാരിന് കീഴിലുള്ള പൊലീസ് ക്രമസമാധാനപാലനം കൈകാര്യം ചെയ്യുന്ന ഡൽഹി, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, കർണ്ണാടക എന്നിവിടങ്ങളിലെ പൊലീസിനാണ് ഇക്കാര്യത്തിൽ തീവ്രത കൂടുതലുള്ളത്. യുപിയിൽ 21 പേരെയാണ് ഇതുവരെയായി ഔദ്യോഗിക കണക്കുപ്രകാരം പൊലീസ് വെടിവച്ചുകൊന്നത്. കർണ്ണാടകയിൽ രണ്ടുപേരെയും.

വലിയ പ്രതിഷേധങ്ങളുണ്ടാകുമ്പോൾ സംഘർഷങ്ങളും മരണങ്ങളും സംഭവിച്ചേക്കാമെങ്കിലും മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ ഭരണകൂടത്തിന്റെ മർദനോപാധികൾ ഇത്രയും ആക്രമണോത്സുകമാവുന്നതിന്റെ കാരണങ്ങൾ തേടുമ്പോൾ അത് പച്ചയായ രാഷ്ട്രീവൽക്കരണവും വർഗ്ഗീയവൽക്കരണവും നടക്കുന്നതുകൊണ്ടാണെന്ന് വ്യക്തമാണ്. എന്നുമാത്രമല്ല അതിക്രമങ്ങളെ ന്യായീകരിക്കാൻ രാഷ്ട്രീയ നേതൃത്വം പോലും ഉന്നയിക്കാത്ത നുണകളാണ് പൊലീസ് പടച്ചുവിടുന്നതെന്നും മനസിലാക്കാവുന്നതാണ്. വ്യാജ സിഡികളും ഏറ്റുമുട്ടൽ കഥകളും മെനഞ്ഞ് തങ്ങളുടെ ഭാഗം ന്യായീകരിക്കാനുള്ള ശ്രമങ്ങളാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. വൃത്തികെട്ട രാഷ്ട്രീയവൽക്കരണവും വർഗ്ഗീയവൽക്കരണവുമാണ് നമ്മുടെ പൊലീസിൽ ഈ ഭരണങ്ങൾക്കു കീഴിൽ നടന്നിരിക്കുന്നതെന്ന് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്.
അതാതുകാലത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചുള്ള നടപടികൾ ഉണ്ടാകാറുണ്ടെങ്കിലും നമ്മുടെ സൈനികശക്തികൾ എക്കാലവും രാജ്യതാൽപര്യത്തിന് മാത്രമാണ് മുൻഗണന നൽകാറുണ്ടായിരുന്നത്.

ബിജെപി ഭരിക്കുന്ന പുതിയകാലത്ത് അതിലും ഭംഗം വരുന്നുവെന്നാണ് ഉന്നത സൈനിക മേധാവികളുടെ പ്രസ്താവനകളും നടപടികളും തെളിയിക്കുന്നത്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ആർമി ചീഫ് ജനറൽ ബിപിൻ റാവത്ത് കഴിഞ്ഞ ദിവസം നടത്തിയ പരാമർശങ്ങൾ. രാജ്യം ഭരിക്കുന്ന ബിജെപി പ്രതിരോധത്തിലാവുന്ന ചില ഘട്ടങ്ങളിൽ അതിൽ നിന്ന് കരകയറുന്നതിനെന്ന് തോന്നിക്കുന്ന ചില നടപടികൾ റാവത്തിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്നുവെങ്കിലും ഇത്രയും പച്ചയായി രാഷ്ട്രീയം സംസാരിക്കുന്ന നടപടി ഇതാദ്യമാണ്. പൗരത്വ നിയമഭേദഗതിയും അതിനെതിരായ പ്രക്ഷോഭങ്ങളും തികച്ചും രാഷ്ട്രീമായ വിഷയമാണ്. അത് മതേതരത്വം, ജനാധിപത്യം, സ്വാതന്ത്ര്യസങ്കല്പം, വൈജാത്യം തുടങ്ങിയ നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളും അതിന് വിഘാതമായ നടപടികളുമായി ബന്ധപ്പെട്ട വിഷയമാണത്. അക്കാര്യത്തിൽ വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകാമെങ്കിലും സൈനിക മേധാവിക്ക് ആ സ്ഥാനത്തിരുന്നുകൊണ്ട് അവയൊന്നും പറഞ്ഞുകൂടെന്നത് നമ്മുടെ സൈനിക നിയമത്തിൽ അടിവരയിട്ടു പറഞ്ഞിട്ടുള്ളതാണ്.

നഗരങ്ങളിലും പട്ടണങ്ങളിലും തീവയ്പും അക്രമവും നടത്തുവാൻ ജനങ്ങളെ നയിക്കുന്നവരാകരുത് നേതാക്കളെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നുണ്ട്. രണ്ടുവിധത്തിലാണ് റാവത്തിന്റെ പ്രസ്താവന തെറ്റാകുന്നത്. ഒന്ന് അത് തികച്ചും രാഷ്ട്രീയ പ്രസ്താവനയെന്നതുകൊണ്ട് സൈനിക നിയമത്തിന് വിരുദ്ധമാകുന്നു. രണ്ട് കൊള്ളിവയ്പും അക്രമവും നടന്നതിൽ പ്രതിഷേധക്കാർക്കുമാത്രമല്ല അതിനെ നേരിടാനിറങ്ങിയ പൊലീസിനും സുരക്ഷാ സംവിധാനങ്ങൾക്കും പങ്കുണ്ട്. അതുകൊണ്ടുതന്നെ സൈനിക മേധാവിയുടെ അഭിപ്രായം വസ്തുതകൾക്ക് നിരക്കാത്തതുമാണ്. ബിജെപിയുടെ കീഴിൽ എല്ലാ ഭരണകൂട സ്ഥാപനങ്ങളും രാഷ്ട്രീയവൽക്കരിക്കപ്പെടുമ്പോൾ സൈന്യവും ആ വഴിക്കുനീങ്ങുന്നത് ഉണ്ടാക്കുവാൻ പോകുന്ന അപകടം അതീവഗുരുതരമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.