സബിന പത്മൻ

January 05, 2020, 9:44 pm

കേന്ദ്രസർക്കാരിനെ പരസ്യമായി വിമർശിച്ച് തപാൽ ജീവനക്കാരുടെ കലണ്ടർ

Janayugom Online

കണ്ണൂർ: കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ ചൂണ്ടികാട്ടിയും സർക്കാരിനെ പരസ്യമായി വിമർശിച്ചുകൊണ്ടും തപാൽജീവനക്കാരുടെ കലണ്ടർ. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ കേരള ചീഫ് പോസ്റ്റല്‍ മാസ്റ്റര്‍ ജനറല്‍ ഓഫീസ് കലണ്ടര്‍ നിരോധിക്കാന്‍ വെള്ളിയാഴ്ച ഉത്തരവിട്ടു.
തപാല്‍ ജീവനക്കാരുടെ സംഘനയായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസ് കേരള ഈ വര്‍ഷം പുറത്തിറക്കിയ കലണ്ടറിനാണ് നിരോധനം. പക്ഷെ തപാൽ ഓഫീസുകളിൽ നിരോധനം ഏർപ്പെടുത്തിയെങ്കിലും വിവരമറിഞ്ഞ് ഇതിനോടകം തന്നെ കേരളത്തിലെ നിരവധി സ്ഥലങ്ങളിൽ നിന്നും കലണ്ടറിന് വൻ സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

കലണ്ടറിന്റെ ഏറ്റവും മുകളിലായി കോട്ടും കാവി ടൈയ്യുമിട്ട പശുവിനു പുറമേ അമിത് ഷായുടെ കാര്‍ട്ടൂണും ഉള്‍പ്പെട്ടിട്ടുണ്ട്. എൻ എഫ് പി ഇയുടെ കേരള ഡിവിഷനാണ് ആറ് ലക്ഷത്തോളം രൂപ ചെലവഴിച്ച് കലണ്ടര്‍ അച്ചടിച്ച് പുറത്തിറക്കിയത്. കേരളത്തിലെ 23 പോസ്റ്റല്‍ ഡിവിഷനുകളിലേക്കായി 60,000 കലണ്ടറാണ് അച്ചടിച്ചത്.

you may also like this video;

ഈ മാസം ഡിസംബര്‍ അവസാനത്തോടെ കേരളത്തിലെ പോസ്‌റ്റോഫീസുകളില്‍ ഇവ എത്തിക്കുകയും ചെയ്തു. മിക്ക പോസ്‌റ്റോഫീസുകളിലും ഇത് ഭിത്തിയില്‍ തൂക്കിയിടുകയും ചെയ്തിരുന്നു. എല്ലാ ഡിവിഷനിലും എത്തിച്ചതോടെയാണ് കലണ്ടറില്‍ ഉള്‍പ്പെടുത്തിയ ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രിയായ രവി ശങ്കര്‍ പ്രസാദിനെ ബിജെപി അനുകൂല സംഘടന നേതാക്കള്‍ നേരില്‍ക്കണ്ട് കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു.

സംഭവം ഗൗരവമുള്ളതാണെന്ന് അറിയിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രിയുടെ ഓഫീസ് ഇടപെടുകയായിരുന്നു. ഇതോടെ കേരള ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശാരദ സമ്പത്ത് പോസ്‌റ്റോഫീസുകളില്‍ നിന്നും കലണ്ടര്‍ നീക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കുലര്‍ പുറത്തിറക്കുകയായിരുന്നു. പശുവിനെ കാവി കോട്ടിടീച്ചതിനു പുറമേ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ തകര്‍ക്കുന്നത് എണ്ണിപ്പറയുന്നുമുണ്ട് കലണ്ടര്‍. ബിഎസ്എൻഎല്‍ തകര്‍ച്ച, ഭാരത് പെട്രോളിയം വില്‍പ്പന, വ്യവസായ തകര്‍ച്ച, ജെഎൻയുവിനെ തകര്‍ക്കാനുള്ള ശ്രമം, എസ് ബിഐയുടെ തകര്‍ച്ച തുടങ്ങിയവയൊക്കെ കലണ്ടറിന്റെ ഉള്‍പേജുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യപേജില്‍ തപാല്‍ വകുപ്പിനെ സംരക്ഷിക്കണമെന്നും ആവശ്യപ്പെടുന്ന കാരിക്കേച്ചറുമുണ്ട്.