രാജ്യവ്യാപകമായി തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

Web Desk
Posted on May 19, 2018, 10:35 pm

കൊല്ലം: മെയ് 22 മുതല്‍ രാജ്യവ്യാപകമായി തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ജിഡിഎസ് ജീവനക്കാരുടെ വേതന പരിഷ്‌ക്കരണ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ ദുരൂഹമായ അവധാനത തുടരുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തിനെതിരേയാണ് വകുപ്പിലെ മുഴുവന്‍ യൂണിയനുകളും പണിമുടക്കുന്നത്. ജീവനക്കാരുടെ കാലങ്ങളായുള്ള ആവശ്യങ്ങള്‍ക്കു ശേഷം നിയമിക്കപ്പെട്ട കമലേഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഒരു വര്‍ഷക്കാലയളവ് കൊണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ട്, പഠിക്കാനെന്ന പേരില്‍ ഗവണ്മെന്റ് പൂഴ്ത്തിവെച്ചിട്ട് തന്നെ ഒന്നര വര്‍ഷമാകുന്നു. തുച്ഛവേതനം പറ്റുന്ന,തപാല്‍ വകുപ്പിന്റെ നട്ടെല്ലായ ലക്ഷക്കണക്കിന് വരുന്ന ജിഡിഎസ് ജീവനക്കാരോട് പുലര്‍ത്തുന്ന സമീപനം മുഴുവന്‍ തൊഴിലാളികളോടുമുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നയത്തിന്റെ സൂചകമാണ്. ഇതില്‍ പ്രതിഷേധിച്ചാണ് സംഘടനാ ഭേദമില്ലാതെ ജീവനക്കാര്‍ പണിമുടക്കുന്നത്.
ജില്ലയിലെ നാല് ഹെഡ് പോസ്റ്റ് ഓഫീസുകളുള്‍പ്പെടെ ഇരുനൂറ്റമ്പതോളം പോസ്റ്റ് ഓഫീസുകള്‍, ആര്‍എംഎസ്- ഡിവിഷണല്‍ ഓഫീസുകള്‍ എന്നിവ നിശ്ചലമാകും. പണിമുടക്കിനു മുന്നോടിയായുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി.