4 November 2024, Monday
KSFE Galaxy Chits Banner 2

അമ്മമാരില്‍ പ്രസവാനന്തര വിഷാദരോഗം വര്‍ധിക്കുന്നതായി പഠനം

Janayugom Webdesk
ന്യൂഡല്‍ഹി
May 13, 2024 9:18 pm

അഞ്ച് അമ്മമാരില്‍ ഒരാളെങ്കിലും പ്രസവാനന്തര വിഷാദം (പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ) അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്. 20 ശതമാനം സ്ത്രീകളും പ്രസവശേഷമാണ് ഈ അവസ്ഥ അഭിമുഖീകരിക്കുന്നതെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. സങ്കടം, ഉൽക്കണ്ഠ, ക്ഷീണം തുടങ്ങിയവയാണ് ഈ അവസ്ഥയുടെ ചില ലക്ഷണങ്ങൾ. ചിലരില്‍ ഹോർമോൺ തകരാറുകളും ഉറക്കക്കുറവും ക്ഷീണവും അമ്മയാകാനുള്ള സമ്മർദ്ദവും പ്രശ്നങ്ങളിലേക്ക് വഴിവയ്ക്കുന്നു. എന്നാല്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനിലേക്ക് നയിക്കുന്ന കാരണങ്ങള്‍ കണ്ടെത്താനായിട്ടില്ല.

പ്രസവശേഷം രണ്ടാഴ്ചക്കുള്ളിൽ 22 ശതമാനം അമ്മമാർക്കും പ്രസവാനന്തര വിഷാദം അനുഭവപ്പെടുന്നു​ണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുവത്വത്തില്‍നിന്ന് മാതൃത്വത്തിലേക്കുള്ള യാത്ര ദമ്പതികള്‍ക്ക് മനോവിഷമം സൃഷ്ടിക്കുന്നുണ്ട്. വൈകിയുള്ള ഗർഭധാരണം, അതിനെ കുറിച്ചുള്ള ആശങ്കകൾ, ഐവിഎഫ് പോലുള്ള ചികിത്സകളിലൂടെയുള്ള ഗർഭധാരണം, മാസം തികയാതെയുള്ള പ്രസവം എന്നിവയാണ് അമ്മയുടെ മാനസികാരോഗ്യത്തെ കൂടുതലായി ബാധിക്കുന്നതെന്ന് ഗുരുഗ്രാമിലെ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ന്യൂറോ സയൻസിലെ സൈക്യാട്രി അസോസിയേറ്റ് ഡയറക്ടർ ഡോ. സൗരഭ് മെഹ്റോത്ര പറയുന്നു. 

70 മുതല്‍ 80 ശതമാനം അമ്മമാര്‍ക്കും പോസ്റ്റ്പാര്‍ട്ടം വിഷമതകള്‍ ഉള്ളതായും പ്രസവ കാലയളവില്‍ കിട്ടുന്ന ശ്രൂശുഷയാണ് ഇത് മറികടക്കാനുള്ള മാര്‍ഗമെന്നും സൗരഭ് പറഞ്ഞു. ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, കടുത്ത ദേഷ്യം, കുഞ്ഞിനോടുള്ള ദേഷ്യം എന്നിവയും പ്രസവാനന്തര വിഷാദത്തിന്റെ മറ്റ് ലക്ഷണങ്ങളാണ്. മതിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഈ അവസ്ഥ മാസങ്ങളോളം നീണ്ടുനിൽക്കാമെന്ന് ബംഗളൂരുവിലെ മദർഹുഡ് ഹോസ്പിറ്റലിലെ സീനിയർ ഗൈനക്കോളജിസ്റ്റും ഒബ്സ്റ്റിട്രിഷ്യനുമായ ഡോ. തേജി ദവാനെ പറയുന്നു. കൗൺസലിങ്, തെറാപി എന്നിവ വഴി വിഷാദത്തിന് ചികിത്സ തേടാം. എന്നാല്‍ എല്ലാത്തിനും പ്രധാനം കുടുംബത്തിന്റെ പിന്തുണയാണെന്നും തേജി ദവാനെ ചൂണ്ടിക്കാട്ടി.
അതേസമയം ചികിത്സിക്കാവുന്ന ഒരു രോഗാവസ്ഥയാണ് പ്രസവാനന്തര വിഷാദം. ശരിയായ പിന്തുണ ലഭിച്ചില്ലെങ്കില്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ തന്നെ ഗുരുതരമായി ബാധിക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. 

Eng­lish Sum­ma­ry: Post­par­tum depres­sion is on the rise among moth­ers, study finds

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.