പൊട്ടുന്ന ചിനപ്പ്

Web Desk
Posted on June 23, 2019, 8:06 am

ഷൈന്‍ ഷൗക്കത്തലി

പ്രണയകവിതകള്‍ക്ക്
വൃത്തവും താളവും
മെഴുകിയുറപ്പിക്കാന്‍
നിന്നെ വിളിച്ചപ്പോള്‍
ഞാനോര്‍ത്തു
ഞെട്ടറ്റ പുഷ്പത്തെ
തിരികെയൊട്ടിക്കാന്‍ നോക്കുന്ന
പൂന്തോട്ടത്തിലെ പെണ്‍കുട്ടിയെ.

പ്രണയശൈലമായി
പന്തീരാണ്ട് നീ
ഉരുകിയൊഴുകുമ്പോള്‍
പ്രണയകവികള്‍ക്ക്
നിന്റെ
ചുവടുകള്‍ വൃത്തം
പുഞ്ചിരി താളം.

നീ ചിനപ്പായി
പൊട്ടി വരുന്നതും
കാത്ത് കിടപ്പാണ്
നിരൂപക കേസരികള്‍
അവര്‍ക്കറിയാം
നീയില്ലെങ്കില്‍
ജീവനില്ല
കവിതയില്ല.