ശാസ്ത്രീയമായ കോഴിവളര്‍ത്തല്‍

Web Desk
Posted on December 03, 2017, 10:51 pm
ഡോ.ബിനു എം
വെറ്ററിനറി സര്‍ജന്‍
വെറ്ററിനറി ഡിസ്‌പെന്‍സറി
കൊറ്റംങ്കര, കൊല്ലം.
ഫോണ്‍: 9447590753

കേരളത്തിലെ കാര്‍ഷിക മേഖലയും അനുബന്ധ മേഖലകളായ കാലിവളര്‍ത്തല്‍, കോഴി വളര്‍ത്തല്‍ എന്നിവയും വളരെയധികം പിന്നോട്ടു പോയിരിക്കുന്നു. ഈയൊരു കാലഘട്ടത്തിലാണ് കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കാര്‍ഷിക വിഭവങ്ങള്‍, മുട്ട, പാല്‍ എന്നിവയുടെ വരവും വന്‍തോതില്‍ വര്‍ദ്ധിച്ചത്. പിന്നീട് ഇതുവരെ നമുക്ക് ഈ മേഖലകളില്‍ വേണ്ടത്ര മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. കോഴിമുട്ടയുടെ കാര്യത്തില്‍ പാകിസ്ഥാന്‍, ശ്രീലങ്ക, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലേക്ക് മുട്ട കയറ്റുമതി ചെയ്തിരുന്ന സ്ഥാനത്ത് നിന്നും ഇന്ന് ഒരുകോടിയോളം മുട്ട ദിവസവും അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു.

ഈ സാഹചര്യത്തില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളായ കൃഷി, മൃഗസംരക്ഷണം തുടങ്ങിയവ സ്‌കൂള്‍ തലത്തില്‍ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്.
ഈ ലക്ഷ്യം മുന്‍നിര്‍ത്തി മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ തലത്തില്‍ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് സ്‌കൂള്‍ പൗള്‍ട്രി ക്ലബ്ബ്. സ്‌കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട 50 കുട്ടികള്‍ക്ക് അഞ്ച് കോഴിക്കുഞ്ഞുങ്ങളും, തീറ്റയും, മരുന്നും പൂര്‍ണ്ണമായും സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. അതോടൊപ്പം കോഴിവളര്‍ത്തലില്‍ പ്രാഥമിക പരിശീലനവും നല്‍കുന്നു. പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന കോഴിക്കുഞ്ഞുങ്ങളെ കുട്ടികള്‍ തങ്ങളുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വളര്‍ത്തുകയും, പരിരക്ഷിക്കുകയും ചെയ്യുന്നു. കുട്ടികള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന കോഴിക്കുഞ്ഞുങ്ങളെ സ്‌നേഹവും, ലാളനയും നല്‍കി വളര്‍ത്തുന്നത് കുട്ടികള്‍ക്ക് മാനസികമായി വളരെയധികം സന്തോഷം പകരുന്നു. നായ്ക്കളുടെയും, മറ്റു ഹിംസജീവികളുടെയും ആക്രമണത്തില്‍ അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ഗ്രാമീണ മേഖലയിലെ അടുക്കളമുറ്റത്തെ മുട്ടക്കോഴി വളര്‍ത്തല്‍ പരിപോഷിപ്പിക്കുന്നതിനും അതോടൊപ്പം മുട്ട ഉല്പാദനത്തില്‍ സ്വയം പര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കുന്നതിനും ഇത്തരം പദ്ധതികള്‍ ഉപയോഗപ്പെടുത്താം.
കോഴികളുടെ പരിപാലനം
അഞ്ച് മുതല്‍ 10 കോഴികളെ വീട്ടുവളപ്പില്‍ തുറന്നുവിട്ട് യഥേഷ്ടം മേയാന്‍ അനുവദിച്ച് വളര്‍ത്തുന്ന സമ്പ്രദായമാണ് അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍ അഥവാ ബാക്ക് യാര്‍ഡ് സമ്പ്രദായം. പഴയ കാലഘട്ടത്തില്‍ ഗ്രാമീണ മേഖലയില്‍ പ്രധാനമായും കോഴികളെ വളര്‍ത്തിയിരുന്നത് ഈ സമ്പ്രദായത്തിലാണ്. രാത്രി കാലങ്ങളില്‍ കോഴികളെ തടികൊണ്ടുള്ള കൂടുകളില്‍ അടച്ചിടും. പകല്‍സമയം മുഴുവന്‍ നേരവും തുറന്നു വിട്ടിരിക്കുന്നതിനാല്‍ ഇവയ്ക്ക് പ്രത്യേക തീറ്റകള്‍ നല്‍കാറില്ല. വീട്ടുവളപ്പില്‍ നിന്നും ലഭിക്കുന്ന വണ്ട്, പൂച്ചികള്‍, മണ്ണിര, കൃമികീടങ്ങള്‍, പുല്ല്, വീട്ടിലെ ആഹാരാവശിഷ്ടങ്ങള്‍ എന്നിവ ഇവ സ്വമേധയാ ആഹാരമാക്കുന്നു. കിണര്‍, പൈപ്പ്, ചാലുകള്‍ എന്നിവിടങ്ങളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം കുടിച്ചാണ് ഈ കോഴികള്‍ ജീവിക്കുന്നത്. അതിനാല്‍ പ്രത്യേകമായി വെള്ളവും കൂട്ടില്‍ നല്‍കേണ്ട ആവശ്യമില്ല. പ്രത്യേക രോഗപ്രതിരോധ നടപടികളും സ്വീകരിക്കാറില്ല. തീരെ ചെലവില്ലാത്ത ഈ സമ്പ്രദായം പ്രഥമദൃഷ്ട്യാ ലാഭമാണെങ്കിലും കുറഞ്ഞ ഉല്‍പ്പാദനക്ഷമത, വലിപ്പം കുറഞ്ഞ മുട്ടകള്‍, കോഴികളിലെ കൂടിയ മരണനിരക്ക് എന്നിവ ഈ സമ്പ്രദായത്തിന്റെ പ്രധാന ന്യൂനതകളാണ്. ഈ ന്യൂനതകളെ ചില ശാസ്ത്രീയ പരിപാലന മുറകളിലൂടെ അതിജീവിക്കാനും അതുവഴി മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാനും കഴിയും.
കോഴികളുടെ മുട്ട ഉല്പാദന ക്ഷമത, മുട്ടയുടെ വലിപ്പം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് കോഴികള്‍ക്ക് നല്‍കുന്ന തീറ്റയുടെ പകുതിഭാഗം സമീകൃത കോഴിത്തീറ്റ നല്‍കുക എന്ന രീതി അനുവര്‍ത്തിക്കാവുന്നതാണ്. അതായത് ഉല്പാദന ക്ഷമതയേറിയ, പ്രായമെത്തിയ കോഴികള്‍ ദിനംപ്രതി 100 മുതല്‍ 120 ഗ്രാം വരെ തീറ്റ കഴിക്കുന്നതില്‍ 50 ഗ്രാം സമീകൃത കോഴിത്തീറ്റയായി ഉള്‍പ്പെടുത്താവുന്നതാണ്. ഇതിനായി മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന കോഴിത്തീറ്റ വാങ്ങുകയോ അല്ലെങ്കില്‍ നമ്മള്‍ സ്വന്തമായി തീറ്റമിശ്രിതം ഉണ്ടാക്കി നല്‍കുകയോ ചെയ്യാവുന്നതാണ്. അതോടൊപ്പം മുന്തിയ ഇനത്തില്‍പ്പെട്ട സങ്കരയിനം കോഴികളെ വളര്‍ത്തുന്നതും മുട്ടയുല്‍പ്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിന് സഹായകരമാണ്.
ഇതിനെല്ലാം പുറമേ കോഴികള്‍ക്കും, കോഴിക്കുഞ്ഞുങ്ങള്‍ക്കും കൃത്യമായ ഇടവേളകളില്‍ വിരമരുന്നും, രോഗപ്രതിരോധ കുത്തിവയ്പ്പും നല്‍കി ശുദ്ധവായുവും, വെളിച്ചവും ലഭ്യമാകുന്ന തരത്തില്‍ കൂട് സജ്ജമാക്കുക കൂടി ചെയ്താല്‍ രോഗം മൂലമുള്ള മരണനിരക്ക് വളരെ കുറയ്ക്കാന്‍ കഴിയും. 120 സെ.മീ ഃ 90 സെ.മീ ഃ 60 സെ.മീ അളവുള്ള കൂടുകളില്‍ 10 കോഴികളെ വളര്‍ത്താവുന്നതാണ്.
ഡീപ്പ്‌ലിറ്റര്‍ സമ്പ്രദായം
കോഴികളെ നിലത്തു വിരിച്ച ലിറ്ററില്‍ വളര്‍ത്തുന്ന രീതിയാണിത്. ഈ രീതിയില്‍ വളര്‍ത്തുന്നതിന് കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ ശുദ്ധമായ വായുവും, വെളിച്ചവും ലഭിക്കത്തക്ക രീതിയില്‍ പാര്‍ശ്വഭിത്തികള്‍ രണ്ട് അടി ഉയരത്തില്‍ കെട്ടി മുകളിലോട്ട് ബാക്കി ഭാഗങ്ങള്‍ കമ്പിവല ഉപയോഗിച്ച് മറയ്ക്കാവുന്നതാണ്. കൂടിന്റെ തറയില്‍ അറക്കപ്പൊടി, ചിന്തേര്, ഉമി, നുറുക്കിയ വൈക്കോല്‍ എന്നിവ ലഭ്യതയ്ക്കനുസരിച്ച് വിരിയായി ഉപയോഗിക്കും. കോഴികള്‍ക്ക് തീറ്റ, വെള്ളം എന്നിവ കൊടുക്കുന്നതിന് ആവശ്യമായ തീറ്റപ്പാത്രം, വെള്ളപ്പാത്രം എന്നിവ ആവശ്യാനുസരണം കൂടില്‍ സജ്ജമാക്കണം.
കേജ് സമ്പ്രദായം
കമ്പികള്‍ കൊണ്ടുള്ള കേജുകളില്‍ കോഴികളെ വളര്‍ത്തുന്ന രീതിയാണിത്. കൂടുതല്‍ ഉല്‍പ്പാദനക്ഷമത, മെച്ചപ്പെട്ട തീറ്റ പരിവര്‍ത്തനശേഷി, ചുരുങ്ങിയ സ്ഥലത്ത് കൂടുതല്‍ കോഴികളെ വളര്‍ത്തുന്നതിനുള്ള സൗകര്യം എന്നീ പ്രയോജനങ്ങള്‍ മൂലം ഈ സമ്പ്രദായം ഇന്ന് കോഴിവളര്‍ത്തുകാര്‍ക്കിടയില്‍ വ്യാപകമാണ്. വികസിത പാശ്ചാത്യരാജ്യങ്ങളില്‍ വളര്‍ത്തുന്ന കോഴികളില്‍ 90 ശതമാനവും കേജ് സമ്പ്രദായത്തില്‍ വളര്‍ത്തുന്നവയാണ്. ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തില്‍ വളര്‍ച്ചയെത്തിയ ഒരു കോഴിക്ക് രണ്ട് മുതല്‍ 2.5 ച.അടി സ്ഥലം ആവശ്യമെന്നിരിക്കെ കേജ് സമ്പ്രദായത്തില്‍ 0.5–0.75 ച.അടി സ്ഥലം മാത്രമേ ആവശ്യമുള്ളു. അതുകൊണ്ട് തന്നെ ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തില്‍ വളര്‍ത്തുന്നതിനേക്കാള്‍ മൂന്നോ നാലോ ഇരട്ടി കോഴികളെ ഒരു നിശ്ചിത സ്ഥലത്ത് വളര്‍ത്താം. രോഗം പകരാനും വിരബാധയ്ക്കുമുള്ള കുറഞ്ഞസാധ്യത, ഓരോ കോഴിയുടെയും ഉല്‍പ്പാദനക്ഷമത വിലയിരുത്തുന്നതിനുള്ള എളുപ്പം, തിരഞ്ഞു മാറ്റുന്നതിനുള്ള എളുപ്പം, ശുചിയായ മുട്ടയുല്‍പ്പാദനം എന്നിവ ഈ സമ്പ്രദായത്തിന്റെ മേന്മകളാണ്.
ഈ സമ്പ്രദായത്തിന്റെ ഒരു ദൂഷ്യവശമായി കാണുന്നത് ഇതിനുവേണ്ടി വരുന്ന കൂടിയ പ്രാരംഭ മുതല്‍മുടക്കാണ്. കേജ് സമ്പ്രദായത്തില്‍ കോഴികള്‍ക്ക് തീറ്റയും, വെള്ളവും നല്‍കുന്നതിന് പാത്തി രൂപത്തിലുള്ള പാത്രങ്ങള്‍ കേജിന്റെ മുന്‍വശത്തെ കമ്പിവലയില്‍ ഘടിപ്പിച്ചിരിക്കും. അഞ്ച് മുതല്‍ 10 കോഴികളെ വളര്‍ത്തുന്ന കേജ് മുതല്‍ ആയിരക്കണക്കിന് കോഴികളെ വളര്‍ത്തുന്ന കേജുകള്‍ വരെ ലഭ്യമാണ്.
ഏത് പ്രായത്തിലുള്ള കോഴികളെയും കേജ് സമ്പ്രദായത്തിലും ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തിലും വളര്‍ത്തുമെങ്കിലും മുട്ടയിടുന്നതുവരെ ഡീപ്പ് ലിറ്റര്‍ രീതിയിലും, മുട്ടയിടീല്‍ തുടങ്ങുമ്പോള്‍ കേജ് സമ്പ്രദായത്തിലേക്ക് മാറ്റുന്നതുമാണ് പൊതുവായ രീതി.
രോഗപ്രതിരോധം
കേരളത്തില്‍ കോഴികളില്‍ സാധാരണ കണ്ടുവരുന്ന രോഗങ്ങള്‍ പ്രധാനമായും നാല് തരത്തില്‍ ഉണ്ടാകുന്നവയാണ്.
1) പരിപാലനത്തിലെ പോരായ്മ കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍
ശാസ്ത്രീയ പരിപാലന മാര്‍ഗ്ഗങ്ങള്‍ അഭ്യസിച്ചാല്‍ രോഗങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാം.
2) പോഷകാഹാര കുറവുമൂലമുള്ള രോഗങ്ങള്‍
സമീകൃത കോഴിത്തീറ്റയോടൊപ്പം ജീവകങ്ങള്‍, ധാതുലവണങ്ങള്‍ എന്നിവ നല്‍കി ഇത്തരം രോഗങ്ങള്‍ ഇല്ലാതാക്കാം.
3) വിരബാധയും, ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നീ അണുബാധ മൂലമുണ്ടാകുന്ന രോഗങ്ങളും
കൃത്യമായ ഇടവേളകളില്‍ വിരമരുന്ന് നല്‍കിയും, യഥാസമയം പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കുകയും ചെയ്താല്‍ ഇത്തരം രോഗങ്ങള്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിയും.
4) ബാഹ്യ പരാദബാധ
കൂടും പരിസരവും വൃത്തിയായി സൂക്ഷിച്ചാല്‍ ഒരു പരിധിവരെ ഇവയെ നിയന്ത്രിക്കാം. അത്യാവശ്യ ഘട്ടത്തില്‍ കോഴിക്കൂട് ധൂമീകരിച്ചോ, മാലത്തിയോണ്‍ തുടങ്ങിയ സ്‌പ്രേ ഉപയോഗിച്ചോ ബാഹ്യപരാദബാധ നിയന്ത്രിക്കാന്‍ കഴിയും