19 April 2024, Friday

ഇന്ത്യയുടെ ദാരിദ്ര്യവും കേരളത്തിന്റെ മുന്നേറ്റവും

സത്യന്‍ മൊകേരി
വിശകലനം
January 5, 2022 6:00 am

സമ്പത്തിന്റെ കാര്യത്തിലുള്ള അനീതിയും അസമത്വവും ലോകത്തിന്റെ വിവിധ രാജ്യങ്ങളിലും ഇന്ത്യയിലും വളരെ പ്രകടമായി വര്‍ധിക്കുകയാണ്. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വെെരുധ്യം വളരെ പ്രകടമായി മൂര്‍ച്ഛിച്ചുവരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വേള്‍ഡ് ഇന്‍ഇക്വാലിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ അതു ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് പിക്കറ്റിയുടെ നേതൃത്വത്തില്‍ തയാറാക്കി പ്രസിദ്ധീകരിച്ച വേള്‍ഡ് ഇന്‍ഇക്വാലിറ്റി റിപ്പോര്‍ട്ട് ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ഏതാനും വ്യക്തികളുടെ കയ്യില്‍ സമ്പത്ത് അനുദിനം കുമിഞ്ഞുകൂടുന്നു. സാമ്പത്തികരംഗത്തെ എല്ലാ മേഖലകളും അവര്‍ കെെവശപ്പെടുത്തുന്നു. മഹാഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്ക് ജീവിക്കുന്നതിന് ആവശ്യമായ പരിമിതമായ വരുമാനംപോലും ഇന്ന് ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെയാണ് അസമത്വം ഭീതിജനകമായ തലത്തില്‍ വര്‍ധിച്ചുവരുന്നത്. ഇതു സംബന്ധമായി എല്ലായിടത്തും വിശദമായ ചര്‍ച്ചകള്‍ നടക്കുന്നു. സാമ്പത്തികശാസ്ത്ര മേഖലയില്‍ വലിയ സംഭാവനകള്‍ നല്കിയ, ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ 100 സാമ്പത്തിക വിദഗ്ധരാണ് വേള്‍ഡ് ഇന്‍ഇക്വാലിറ്റി റിപ്പോര്‍ട്ട് തയാറാക്കുന്നതിനായി പ്രവര്‍ത്തിച്ചത്. പ്രസ്തുത റിപ്പോര്‍ട്ടിനെ വിസ്മരിച്ച് ഒരു ഗവണ്‍മെന്റിനും മുന്നോട്ടു പോകാന്‍ കഴിയില്ല. ലോകസമ്പത്തിന്റെ 50 ശതമാനവും കയ്യടക്കി വച്ചിരിക്കുന്നത് ഏറ്റവും സമ്പന്നരായ 10 ശതമാനം വരുന്നവരാണ്. ദരിദ്രരായ 50 ശതമാനം ജനങ്ങളുടെ കയ്യില്‍ ലോകസമ്പത്തിന്റെ എട്ട് ശതമാനം സമ്പത്ത് പോലും ഇല്ല. വേള്‍ഡ് ഇന്‍ഇക്വാലിറ്റി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്ന വസ്തുതകളാണിത്. ഓരോ വര്‍ഷം കഴിയുന്തോറും അസമത്വം വര്‍ധിക്കുകയാണ്. ലോകത്തില്‍ ഏറ്റവും അസമത്വം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. നരേന്ദ്രമോഡി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ അസമത്വവും ദാരിദ്ര്യവും അനുദിനം വര്‍ധിക്കുകയാണ്. കോര്‍പറേറ്റ് താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന സാമ്പത്തികനയങ്ങളാണ് ഈ പ്രതിസന്ധി രൂക്ഷമാക്കിയത്. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 85ല്‍ നിന്ന് ഇപ്പോള്‍ 126 ആയി വര്‍ധിച്ചു. ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തി 35.3 ലക്ഷം കോടി രൂപയില്‍ നിന്ന് 54.6 ലക്ഷം കോടി രൂപയായിട്ടാണ് ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിക്കാലത്ത് രാജ്യം നടുങ്ങുമ്പോഴാണ് ഈ വളര്‍ച്ച കോടീശ്വരന്മാര്‍ കെെവരിച്ചത്. മറുഭാഗത്ത് സാധാരണ ജനങ്ങള്‍ക്ക് ജീവിക്കുവാന്‍ കഴിയാത്ത സാഹചര്യമാണ്. മഹാഭൂരിപക്ഷം ജനങ്ങളും പോഷകാഹാരത്തിന്റെ ലഭ്യതക്കുറവ് കാരണം ദുരിതം അനുഭവിക്കുകയാണ്. കുഞ്ഞുങ്ങളും സ്ത്രീകളുമാണ് അതിന്റെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. ഇന്ത്യാ ഗവണ്മെന്റിന്റെ സ്ഥാപനമായ നിതി ആയോഗിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം (മള്‍ട്ടി ഡയമന്‍ഷനല്‍ പോവര്‍ട്ടി ഇന്‍ഡക്സ്) ദരിദ്രരുടെ എണ്ണം വര്‍ധിച്ചുവരുന്നു. ബിഹാറില്‍ ദരിദ്രരായവര്‍ 51 ശതമാനം, ഝാര്‍ഖണ്ഡ് 41.16, ഉത്തര്‍പ്രദേശ് 37.79, മധ്യപ്രദേശ് 36.53, മേഘാലയ 32.67 ശതമാനം പേര്‍ ദാരിദ്ര്യത്തിലാണ് എന്നാണ് നിതി ആയോഗ് പഠനത്തില്‍ വ്യക്തമാക്കിയത്. കേരളത്തില്‍ 0.71 ശതമാനം മാത്രമാണ് ദരിദ്രര്‍ ഉള്ളത്. 2020ലെ ആഗോള പട്ടിണി സൂചിക പ്രകാരം ഇന്ത്യയുടെ സ്ഥാനം 101 ആയിരുന്നു. പാകിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും പിറകിലാണ് ഇന്ത്യ. ഇപ്പോള്‍ ഏറ്റവുമൊടുവില്‍ പുറത്തുവന്ന പഠന റിപ്പോര്‍ട്ട് പ്രകാരം 116 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 101 ആണ്. കൂടുതല്‍ പട്ടിണിക്കാരുള്ള രാജ്യമായി ഇന്ത്യ മാറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തിക നയങ്ങളാണ് രാജ്യത്തിലെ ദരിദ്രരുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. ഗവണ്‍മെന്റ് ആവിഷ്കരിക്കുന്ന പദ്ധതികള്‍ എല്ലാം സമ്പന്നവര്‍ഗത്തിന്റെ താല്പര്യ സംരക്ഷണത്തിനു മാത്രമാണ്. ദുരിതം അനുഭവിക്കുന്ന ജനവിഭാഗങ്ങളെ കേന്ദ്രഗവണ്‍മെന്റ് പൂര്‍ണമായും വിസ്മരിക്കുന്നു. ഏറ്റവും ഒടുവിലത്തെ ഇന്ത്യയിലെ ജനസംഖ്യ 138 കോടിയില്‍ അധികമാണ്. ഇന്ത്യയിലെ 130 കോടി ജനങ്ങളെ മാത്രമാണ് നിതി ആയോഗിന്റെയും പ്രധാനമന്ത്രിയുടെയും കണക്കില്‍പ്പെടുത്തിയത്. എട്ട് കോടി ജനങ്ങളെ പദ്ധതികളില്‍ നിന്നും മാറ്റിനിര്‍ത്തിയിരിക്കുകയാണ്. അവര്‍ക്ക് ഒരു ആനുകൂല്യങ്ങളും നല്കുന്നില്ല. അവരെ ഇന്ത്യയിലെ പൗരന്മാരായി കാണാന്‍പോലും കേന്ദ്രഗവണ്‍മെന്റ് തയാറാകു­ന്നില്ല. കേരളത്തില്‍ ദരിദ്രരുടെ എണ്ണം 0.71 ശതമാനമായി കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞത് എങ്ങനെയാണ്. സംസ്ഥാനത്ത് നടപ്പിലാക്കിയ ആസൂത്രിതമായ ജനാധിപത്യ പരിഷ്കാരത്തിലൂടെയാണ് ഈ നേട്ടങ്ങള്‍ കെെവരിക്കാന്‍ കഴിഞ്ഞത്.‍ കേരളത്തിന്റെ നേട്ടങ്ങളെക്കുറിച്ച് പഠിക്കുന്നതിന്‌‍ കേന്ദ്രഗവണ്‍മെന്റ് തയാറാകുന്നില്ല, നിതി ആയോഗ് അതിനുവേണ്ടി ശ്രമിക്കുന്നില്ല. കേരളത്തിന്റെ വികസനപദ്ധതികളെ തടസപ്പെടുത്തുന്നതിലാണ് അവര്‍ക്ക് താല്പര്യം. രാഷ്ട്രീയ ദൃഷ്ടിയിലൂടെ കേരളത്തെ കാണാനാണ് കേന്ദ്രഗവണ്‍മെന്റ് ശ്രമിക്കുന്നത്. കേരളത്തിന് ലഭിക്കേണ്ടുന്ന പദ്ധതി ആനുകൂല്യങ്ങള്‍ എല്ലാം തടസപ്പെടുത്തുന്നതിലാണ് അവര്‍ക്ക് താല്പര്യം. കേരളത്തിന് നേട്ടങ്ങള്‍ കെെവരിക്കാന്‍ കഴിഞ്ഞത് സംസ്ഥാനത്തിന്റെ സമ്പത്ത് പാവപ്പെട്ട ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞതിനാലാണ്. അതിനുള്ള വിപ്ലവകരമായ പദ്ധതികളാണ് 1957 ലെ ഒന്നാം കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് മുതല്‍ കേരളത്തില്‍ നടപ്പിലാക്കിയത്. ഭൂപരിഷ്കരണം നിയമത്തിലൂടെ ഭൂമിയുടെ കേന്ദ്രീകരണത്തിന് വിരാമമാക്കി കര്‍ഷകന് ഭൂമി കെെമാറി. അതിലൂടെ സമ്പത്ത് ഗ്രാമങ്ങളില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞു. ഭൂപരിഷ്കരണനിയമം നടപ്പിലാക്കിയതോടെ കേരളത്തില്‍ അതിവേഗതയില്‍ സാമൂഹ്യവിപ്ലവം നടക്കുകയായിരുന്നു. 1969ല്‍ അധികാരത്തില്‍ വന്ന സി അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ആയിരുന്ന ഭൂപരിഷ്കരണ നിയമത്തിലെ എല്ലാ വകുപ്പുകളും ഒരു പ്രഖ്യാപനത്തിലൂടെ ഒറ്റ ദിവസം നടപ്പില്‍വരുത്തിയത്. ജനാധിപത്യപരമായ വിദ്യാഭ്യാസ പരിഷ്കാരത്തിലൂടെ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടായി.

 


ഇതുകൂടി വായിക്കാം; ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രതിസന്ധി


ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗ്രാമങ്ങളിലും ഉയര്‍ന്നുവന്നു. ഇതിന്റെയെല്ലാം ഫലമായി കേരളത്തില്‍ പുതിയ മനുഷ്യനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞു. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിന് വിദ്യാഭ്യാസം ലഭിച്ചു. അവരില്‍ നിരവധി പേര്‍ക്ക് ഉന്നതവിദ്യാഭ്യാസവും ലഭിക്കുന്ന സാഹചര്യം കേരളത്തില്‍ ഉണ്ടായി. വിദ്യാഭ്യാസപരമായി വളരെ മുന്നില്‍ നില്‍ക്കുന്ന ഒരു സമൂഹമായി കേരളസമൂഹം വികസിക്കുകയായിരുന്നു. കേരളത്തിലെ നാട്ടിന്‍പുറങ്ങളിലുള്ള കൃഷിക്കാരുടെയും കര്‍ഷകതൊഴിലാളികളുടെയും വ്യവസായ തൊഴിലാളികളുടെയും ദുരിതം അനുഭവിക്കുന്നവരുടെയും പുതിയ തലമുറ വിദ്യാഭ്യാസപരമായി മുന്നോട്ടുവന്നു. ആ ജനവിഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് സാങ്കേതികവിദഗ്ധരും ആരോഗ്യവിദഗ്ധരും ഗവേഷകരും അഭിഭാഷകരും പത്രപ്രവര്‍ത്തകരും വിവിധ തുറകളിലുള്ള ബുദ്ധിജീവികളും കലാകാരന്മാരും ഉയര്‍ന്നുവന്നു. അതിലൂടെ കേരളം ഏറെ വികാസം പ്രാപിച്ച പുതിയ സമൂഹമായി രൂപംപ്രാപിക്കുകയായിരുന്നു. ഇതിനെല്ലാം നേതൃത്വം നല്കിയത് 1957ല്‍ അധികാരത്തില്‍ വന്ന ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റും 1967ല്‍ വീണ്ടും അധികാരത്തില്‍ വന്ന ഇഎംഎസ് മുഖ്യമന്ത്രിയായ മുന്നണി ഗവണ്‍മെന്റും 1969ലെ അച്യുതമേനോന്‍ ഗവണ്‍മെന്റും പിന്നീട് വിവിധ ഘട്ടങ്ങളിലായി അധികാരത്തില്‍ വന്ന പികെവി, ഇ കെ നായനാര്‍, വി എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകളുമാണ്. ആ ഗവണ്‍മെന്റുകളെല്ലാം കേരളത്തില്‍ വിപ്ലവാത്മകമായ മാറ്റത്തിനുതകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. ദുരിതം അനുഭവിക്കുന്ന ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും സമ്പത്തിന്റെ വിതരണത്തില്‍ ഇടതുപക്ഷത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ കാഴ്ചപ്പാടിന് അനുസൃതമായി നടപ്പിലാക്കിയ പദ്ധതികളാണ് കേരളത്തില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ ഉണ്ടാക്കിയത്. ഇതെല്ലാം വിസ്മരിപ്പിക്കാനുള്ള ശ്രമങ്ങളാണ് കോര്‍പറേറ്റ് മാധ്യമങ്ങളും അവരുടെ പിന്നിലുള്ള ശക്തികളും നടത്തുന്നത്. നവലിബറല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കോര്‍പ്പറേറ്റുകളുടെയും മൂലധനശക്തികളുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന നയങ്ങളാണ് കോണ്‍ഗ്രസും ബിജെപിയും അധികാരത്തില്‍ വന്നപ്പോള്‍ രാജ്യത്ത് നടപ്പിലാക്കിയതും ഇപ്പോള്‍ തുടരുന്നതും. തങ്ങളുടെ സാമ്പത്തിക നയത്തിന്റെ ഗുണഭോക്താക്കള്‍ കോര്‍പറേറ്റുകളും വന്‍കിട മൂലധനശക്തികളുമാണ്. രണ്ടാം നരേന്ദ്രമോഡി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ നവലിബറല്‍ സാമ്പത്തികനയങ്ങള്‍ അതിവേഗതയില്‍ രാജ്യത്ത് നടപ്പിലാക്കുകയാണ്. അതില്‍നിന്നും വ്യത്യസ്തമായ സാമ്പത്തിക വികസന നയമാണ് കേരളത്തില്‍ നടപ്പിലാക്കിയത്. അതുകൊണ്ടാണ് കേരളത്തില്‍ ലോകം ശ്രദ്ധിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിഞ്ഞത്. കോര്‍പറേറ്റുകള്‍ അതിവേഗതയില്‍ കെെവരിക്കുന്ന വളര്‍ച്ച ഇന്ത്യന്‍ ജനാധിപത്യ സമ്പ്രദായത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നു. പാര്‍ലമെന്റിനെയും ജുഡീഷ്യറിയെയും എക്സിക്യൂട്ടീവിനെയും നാലാം തൂണായ മാധ്യമങ്ങളെയും എല്ലാം നിയന്ത്രിക്കുന്ന ശക്തികളായി മൂലധന ശക്തികള്‍ മാറുകയാണ്. അവരുടെ സാമ്പത്തിക താല്പര്യം സംരക്ഷിക്കുന്നതിനായി ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ തകര്‍ത്ത് ഫാസിസ്റ്റ് സ്റ്റേറ്റ് ആക്കി മാറ്റാനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് നടത്തുന്നത്. ഈ ഭീഷണിയെ നേരിടുക എന്നതാണ് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ കടമ. രാജ്യത്തിന്റെ മുമ്പില്‍ ഉയര്‍ന്നുവന്ന പ്രധാനപ്പെട്ട ഈ രാഷ്ട്രീയ കടമ നിര്‍വഹിക്കുവാനുള്ള ശ്രമങ്ങളാണ് സിപിഐ നടത്തുന്നത്. ‘മതേതര ജനാധിപത്യ ഇടതുപക്ഷ ശക്തികളെ ഒരുമിച്ച് അണിനിരത്തികൊണ്ട് മാത്രമെ ഫാസിസ്റ്റ് ശക്തികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ കഴിയുകയുള്ളു. സിപിഐയുടെ കൊല്ലത്തുചേര്‍ന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കി. “ഇന്നത്തെ സാഹചര്യത്തില്‍ മോഡിസര്‍ക്കാരിന്റെയും ആര്‍എസ്‌എസിന്റെയും ഫാസിസ്റ്റ് കടന്നുകയറ്റത്തിനെതിരെ വിശാലമായ എല്ലാ മതനിരപേക്ഷ രാഷ്ട്രീയ ബഹുജനപ്രസ്ഥാനങ്ങളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ആവശ്യമായി വന്നിരിക്കുന്നത്. അത് ഒരു രാഷ്ട്രീയ ബദലായോ, തെരഞ്ഞെടുപ്പ് സഖ്യമായോ കാണേണ്ടതില്ല. ആര്‍എസ്എസിന്റെ ഫാസിസ്റ്റ് കടന്നുകയറ്റത്തിനെതിരെ യോജിക്കാന്‍ സന്നദ്ധതയുള്ള എല്ലാവരേയും യോജിപ്പിക്കുവാന്‍ നമ്മള്‍ മുന്‍കയ്യെടുക്കണം. ഒരു ബഹുജന പ്രതിരോധമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. എല്ലാ മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെയും ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുക എന്നതാണ് ഫാസിസ്റ്റ് കടന്നുകയറ്റം ചെറുക്കാന്‍ ആവശ്യമായി വന്നിരിക്കുന്നത്.’’ പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാഴ്പ്പാടിനനുസൃതമായാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ബഹുജന പ്രസ്ഥാനങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്നത്. ജനങ്ങളെയാകെ അണിനിരത്തി ശക്തമായ ജനകീയ പ്രതിഷേധം വളര്‍ത്തിയെടുക്കുവാനുള്ള വലിയ പരിശ്രമമാണ് രാജ്യത്തുടനീളം നടന്നുവരുന്നത്. ആ കടമകള്‍ കൂടുതല്‍ ശക്തമായി നിര്‍വഹിക്കുകയാണ് വേണ്ടത്. വിജയവാഡയില്‍ 2022 ഒക്ടോബര്‍ 14 മുതല്‍ 18 വരെ ചേരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 24-ാം പാര്‍ട്ടി കോണ്‍ഗ്രസ്, ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ കൂടുതല്‍ ശക്തമായ ജനകീയ പ്രതിരോധത്തിന് രൂപം നല്കും. മതേതര ജനാധിപത്യ ഇടതുപക്ഷ ശക്തികളെ യോജിപ്പിച്ച് അണിനിരത്താനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് ഭാവിപരിപാടികള്‍ക്ക് രൂപം നല്കും. ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികളുടെയുടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുപോകാനുള്ള പ്രവര്‍ത്തനങ്ങളും പാര്‍ട്ടി കോണ്‍ഗ്രസ് ഏറ്റെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.