May 28, 2023 Sunday

ദാരിദ്ര്യംകൂടിയെന്ന് ദേശീയ സ്ഥിതിവിവര കമ്മിഷൻ: റിപ്പോർട്ട് കേന്ദ്രം പൂഴ്‌ത്തി

Janayugom Webdesk
ന്യൂഡൽഹി
February 18, 2020 11:07 pm

നാല്പത് കൊല്ലത്തിനിടെ ഉപഭോഗ ചെലവിൽ ഇടിവുണ്ടായെന്ന ദേശീയ സ്ഥിതിവിവര കമ്മിഷൻ റിപ്പോർട്ട് പുറത്തുവിട്ടില്ല. ഒരുമാസം മുമ്പ് തയ്യാറാക്കിയ റിപ്പോർട്ടാണിത്. ഉപഭോഗചെലവ് 2012–2018 സാമ്പത്തിക വർഷത്തിൽ 3.7ശതമാനം കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാന സർക്കാരുകളുടെ റിപ്പോർട്ടുകൾക്കൊപ്പം ഉദ്യോഗസ്ഥർ വിവരശേഖരണം നടത്തി തയ്യാറാക്കിയതാണെങ്കിലും സർക്കാരിന് ദോഷം ചെയ്യുന്നതായതിനാൽ കമ്മിഷനിലെ ചിലരുന്നയിച്ച വിയോജിപ്പിനെ തുടർന്നാണ് പുറത്തുവിടാത്തത്. ഉപഭോഗ ചെലവ് കുറഞ്ഞു എന്നതിന് അർത്ഥം ദാരിദ്ര്യം ഗണ്യമായി ഉയർന്നു എന്നാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് നിലനില്ക്കുന്ന സാമ്പത്തികമാന്ദ്യം ഇതിന് കാരണമായെന്ന പ്രചരണം ഇല്ലാതാക്കുന്നതിനാണ് റിപ്പോർട്ട് തന്നെ പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിന് പിന്നിലെന്നും കരുതപ്പെടുന്നു. അതിനിടെ റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള വിവരശേഖരണത്തിന് പോയവർക്ക് നേരെ പൗരത്വം നിശ്ചയിക്കുന്നതിന് എത്തിയ ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിച്ച് ചില സംസ്ഥാനങ്ങളിൽ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുണ്ടായിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തൊഴിലില്ലായ്മ ഏറ്റവുമധികം ഉയർന്നുവെന്ന കമ്മിഷൻ റിപ്പോർട്ട് സർക്കാർ സമ്മർദ്ദത്തെതുടർന്ന് പ്രസിദ്ധീകരണം വേണ്ടെന്നുവച്ചിരുന്നു. ഇത് കമ്മിഷൻ ആക്ടിങ് ചെയർമാൻ ഉൾപ്പെടെ രണ്ടുപേരുടെ രാജിയിലേയ്ക്ക് നയിച്ച സംഭവം വിവാദമാകുകയും ചെയ്തിരുന്നു. ഉപഭോഗ ചെലവ് സംബന്ധിച്ച് ദേശീയ സ്ഥിതിവിവര കമ്മിഷന്റെ ഔദ്യോഗിക സർവെ റിപ്പോർട്ട് ഒരുമാസം മുമ്പ് തന്നെ തയാറാക്കിയതായി കമ്മിഷൻ അധ്യക്ഷൻ ബിമൽ കുമാർ റോയ് സ്ഥിരീകരിച്ചിട്ടുണ്ട്. റിപ്പോർട്ട് പുറത്ത് വിടണമെന്ന് കഴിഞ്ഞമാസം പതിനഞ്ചിന് നടന്ന കമ്മിഷൻ യോഗത്തിൽ താൻ നിർദശിച്ചിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ആരും ഈ നിർദേശത്തെ പിന്തുണച്ചില്ല. ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കമ്മിഷനിലെ മുഖ്യ ഉദ്യോഗസ്ഥൻ പ്രവീൺ ശ്രീവാസ്തവയാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് എതിർത്തത് എന്നാണ് സൂചന. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്ന ഉപഭോഗചെലവ് ഇടിയാനുണ്ടായ കാരണങ്ങളെക്കുറിച്ചാണ് അഭിപ്രായ വ്യത്യാസമുള്ളത്. കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ ഒരു സർവെ കൂടി നടത്തണമെന്ന നിർദേശവും ഉയർന്നു. സർക്കാർ കഴിഞ്ഞാഴ്ച ഇതിനായി ഒരു പുതിയ സമിതി രൂപീകരിച്ചിട്ടുണ്ട്. മുൻ മുഖ്യ സ്ഥിതിവിവര കണക്ക് വിദഗ്ദ്ധൻ പ്രണോബ് സെന്നാണ് സമിതിയുടെ അധ്യക്ഷൻ. ദാരിദ്ര്യം, അസമത്വം തുടങ്ങിയവ സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ മാത്രം എടുത്താൽ മതിയെന്നും നിർദേശമുണ്ട്. ആദ്യമായാണ് റിപ്പോർട്ട് തയാറായിട്ടും പുറത്ത് വിടേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: pover­ty rate increas­es com­mis­sion report is con­cealed by the Center

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.