ശിശുക്ഷേമ സമിതിയെ ഏൽപ്പിച്ച കുഞ്ഞുങ്ങൾ ഇന്ന് മുതൽ സ്കൂളിലേക്ക്

Web Desk
Posted on December 04, 2019, 8:37 am

തിരുവനന്തപുരം: പട്ടിണി മൂലം അമ്മ ശിശുക്ഷേമസമിതിയെ ഏൽപിച്ച കുഞ്ഞുങ്ങൾ ഇന്നുമുതൽ സ്കൂളിൽ പോകും. അതേസമയം സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും ശിശുക്ഷേമ സമിതിയും തമ്മിലുള്ള ഭിന്നത രൂക്ഷമാവുകയാണ്. കൈതമുക്കിൽ അതിദാരുണമായ സാഹചര്യത്തിൽ കഴിഞ്ഞ കുടുംബത്തിലെ കുട്ടികൾ പട്ടിണി മാറ്റാൻ മണ്ണ് തിന്നിരുന്നു എന്ന കണ്ടെത്തലിൽ ഉറച്ചുനിൽക്കുകയാണ് ശിശുക്ഷേമ സമിതി. എന്നാൽ മണ്ണ് തിന്നിരുന്നു എന്നത് കേട്ടുകേൾവി മാത്രമാണെന്നും സംഭവത്തിൽ ഗൂഡാലോചനയുണ്ടെന്നും ബാലാവകാശ കമ്മീഷൻ പ്രതികരിച്ചു. ശിശുക്ഷേമ സമിതി

you may also like this video

തെറ്റായ മൊഴിയുണ്ടാക്കിയെന്നാണ് ബാലാവകാശ കമ്മീഷന്റെ ആരോപണം. കുടുംബം പട്ടിണിയിൽ ആയിരുന്നില്ലെന്നും ഇക്കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ടെന്നും കമ്മീഷൻ ചെയർമാൻ സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതേസമയം കുട്ടികൾ മണ്ണ് കഴിച്ചിരുന്നു എന്ന് പരാതയിൽ എഴുതിച്ചേർത്ത് അമ്മയുടെ ഒപ്പിട്ട് വാങ്ങിയിട്ടുണ്ട്. അമ്മയ്ക്ക് നഗരസഭ ശുചീകരണ വിഭാഗത്തിൽ താൽക്കാലികമായി ജോലി നൽകിയുള്ള കത്തും റേഷൻകാർഡും ഇന്നലെ കൈമാറിയിരുന്നു.

അച്ഛന്‍ ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നെന്ന കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസെടുക്കാൻ ശിശുക്ഷേമ സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യ പരിശോധന പൂർത്തിയായിട്ടുണ്ട്. രണ്ട് കുട്ടികൾ അണുബാധിതരാണ്. കുട്ടികളുടെ സ്ഥിതി മെച്ചപ്പെട്ടാൽ കുട്ടികൾ ഇന്ന് സ്കൂളിൽ പോകും.