സംസ്ഥാനത്ത് വൈദ്യുതോപഭോഗം സർവ്വകാല റെക്കോർഡിലേക്ക്. ഇന്ന് രാവിലെ 7ന് അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്തെ വൈദ്യുതോപഭോഗം 80. 2099 ദശലക്ഷം യൂണിറ്റ് പിന്നിട്ടു. ഇതോടെ വൈദ്യുതോപഭോഗം അധികം വൈകാതെ നിലവിലെ റെക്കോർഡ് മറികടക്കുമെന്ന സൂചനയാണ് നൽകുന്നത്.
സംസ്ഥാനത്ത് ചൂട് 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നത് നിലവിൽ വൈദ്യുതോപഭോഗം ഇരട്ടിയാക്കിയിട്ടുണ്ട്. 2019 മെയ് 23ലെ 88.3386 ദശലക്ഷം യൂണിറ്റാണ് നിലവിലെ ഉയർന്ന വൈദ്യുതോപഭോഗം. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളും മറ്റ് സ്കൂൾ പരീക്ഷകളും അടുത്തതിനാൽ വൈദ്യുതോപഭോഗം ഇനിയും ഉയരാൻ ഇടയാക്കും. ഈ വർഷം ഇതാദ്യമായാണ് വൈദ്യുതോപഭോഗം 80 ദശലക്ഷം യൂണിറ്റിലേക്കെത്തുന്നത്. ഇന്ന് പുറമെ നിന്ന് 63.2728 ദശലക്ഷം യൂണിറ്റ് വൈദ്യുതിയെത്തിച്ചപ്പോൾ ആഭ്യന്തര ഉൽപ്പാദനം 16.9371 ആയിരുന്നു.
നിലവിൽ സംസ്ഥാനത്തെ ഡാമുകളിലാകെ 61 ശതമാനം ജലമാണുള്ളത്. 2509.514 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ ജലം ഡാമുകളിലുണ്ട്. ഇടുക്കിയിൽ 62, പമ്പ 54, ഷോലയാർ 73, ഇടമലയാർ 52, കുണ്ടള 98, മാട്ടുപ്പെട്ടി 67, കുറ്റ്യാടി 84, ആനയിറങ്കൽ 97,പൊന്മുടി 84, നേര്യമംഗലം 55, ലോവർ പെരിയാർ 65 ശതമാനം എന്നിങ്ങനെയാണ് മറ്റ് ജലാശയങ്ങളിലെ ജലനിരപ്പ്.
വേനൽ കടുത്തതോടെ ജലാശയങ്ങളിലേക്കുള്ള നീരൊഴുക്ക് നിലച്ചതും കാലവർഷത്തിലേക്ക് കടക്കാൻ താമസിക്കുന്നതും കെഎസ്ഇബിക്ക് ആശങ്ക സൃഷ്ടിക്കുന്നതിനിടെയാണ് വൈദ്യുതോപഭോഗം റെക്കോർഡിലേക്ക് കുതിക്കുന്നത്. ഉപഭോഗം കൂടുതലുള്ള പീക്ക് സമയങ്ങളിൽ പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നുണ്ടെങ്കിലും ഉപഭോഗം വലിയ തോതിൽ വർധിക്കുന്നത് കെഎസ്ഇബിക്ക് തെല്ല് പ്രതിസന്ധി സൃഷ്ടിച്ചേക്കും.
English Summary; Power consumption crossed 80 million units
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.