സംസ്ഥാനത്ത് വൈദ്യുതോപഭോഗം കുതിച്ചുയർന്നു. ഇന്ന് രാവിലെ ഏഴ് വരെ സംസ്ഥാനത്ത് വൈദ്യുതോപഭോഗം 85.1269 ദശലക്ഷം യൂണിറ്റായിരുന്നു. ഈ വർഷത്തെ റെക്കോർഡ് ഉപഭോഗമാണ് ഇത്. 2019 മെയ് 23ന് 88.3386 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതാണ് നിലവിലെ റെക്കോർഡ്.
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് സാധാരണ അനുഭവപ്പെടുന്നതിനെക്കാൾ ചൂട് കൂടുതലായിരുന്നു. മിക്ക ജില്ലകളിലും മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില കൂടുതലായിരുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴ പെയ്തതൊഴിച്ചാൽ സംസ്ഥാനത്ത് പൊതുവെ വരണ്ട കാലാവസ്ഥയായിരുന്നു. ഹൈസ്കൂൾ, ഹയർസെക്കൻഡറി പരീക്ഷകളും കൂടിയായപ്പോൾ വൈദ്യുതോപഭോഗം 85 ദശലക്ഷം യൂണിറ്റിന് മുകളിലേക്കെത്തി.
63.5536 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തു നിന്ന് എത്തിച്ചെങ്കിലും ഉപഭോഗം കൂടിയതിനാൽ സംസ്ഥാനത്തെ ആഭ്യന്തര ഉൽപ്പാദനം 21.5733 ദശലക്ഷം യൂണിറ്റ് ആയി ഉയർത്തേണ്ടിയും വന്നു. ഇടുക്കി, ശബരിഗിരി ജലവൈദ്യുതി പദ്ധതികളിൽ നിന്ന് മാത്രമായി യഥാക്രമം 7.256, 4.6133 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിച്ചു. ഉപഭോഗത്തിന് അനുസൃതമായി ആഭ്യന്തര ഉൽപ്പാദനം ഉയർത്തുന്നതിന് കെഎസ്ഇബിക്ക് നിലവിൽ പരിമിതികളുണ്ട്.
സംസ്ഥാനത്തെ വൈദ്യുതോൽപ്പാദന കേന്ദ്രങ്ങളിൽ ഒന്നായ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് കേടു സംഭവിച്ച ജനറേറ്ററുകളുടെ പണി പൂർത്തീയാക്കാനാവത്തതും സംസ്ഥാനത്തെ വൈദ്യുതോൽപ്പാദനത്തെ സാരമായി ബാധിക്കുന്നുണ്ട്. മൂലമറ്റത്തെ ആറു ജനറേറ്ററുകളിൽ 3, 4, 5 ജനറേറ്ററുകൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. മറ്റുള്ളവയുടെ അറ്റകുറ്റപ്പണികൾ നീണ്ടു പോകുകയാണ്. ഇതിന് പുറമേ കടുത്ത വേനലിൽ ഡാമുകളിലെ ബാഷ്പീകരണത്തിന്റെ തോത് ഉയർന്നതും ജലവൈദ്യുത പദ്ധതികൾക്ക് തിരിച്ചടിയാണ്. നിലവിൽ സംസ്ഥാനത്ത് ജലാശയങ്ങളിലാകെ 54 ശതമാനം ജലമാണുള്ളത്. 2223.92 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവശ്യമായ ജലമാണ് ഡാമുകളിൽ അവശേഷിക്കുന്നത്.
ഇടുക്കി ഡാമിൽ ജലനിരപ്പ് 2362.76 അടിയാണ്. ഇത് സംഭരണശേഷിയുടെ 56.94 ശതമാനം വരും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇടുക്കി ഡാമിൽ ജലനിരപ്പ് കൂടുതലുണ്ട്. കഴിഞ്ഞ വർഷം ഇതേസമയം ഇടുക്കിയിൽ 2355.46 അടിയായിരുന്നു ജലനിരപ്പ്. ഇത് സംഭരണശേഷിയുടെ 50. 451 ശതമാനമായിരുന്നു. നിലവിൽ ഇടുക്കി ഡാമിൽ 1223 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ ജലമാണുളളത്. പമ്പ 47, ഷോലയാർ59, ഇടമലയാർ 45, കുണ്ടള 97, മാട്ടുപ്പെട്ടി 56, കുറ്റ്യാടി 72, ആനയിറങ്കൽ 95, പൊന്മുടി 49, നേര്യമംഗലം 45, ലോവർ പെരിയാർ 73 ശതമാനം എന്നിങ്ങനെയാണ് മറ്റ് ജലാശയങ്ങളിലെ ജലനിരപ്പ്.
English Summary; power consumption hit record high in state
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.