സംസ്ഥാനത്ത് വൈദ്യുതോപഭോഗം വീണ്ടും റെക്കോഡിലേക്ക് കുതിക്കുന്നു. ഇന്നലെ 77.9224 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇതിൽ 60. 5765 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറത്ത് നിന്ന് എത്തിച്ചതാണ്. 17.3495 ദശലക്ഷം യൂണിറ്റ് വൈദ്യുതിയായിരുന്നു സംസ്ഥാനത്തെ ആഭ്യന്തര ഉൽപ്പാദനം. ഈ വർഷം ജനുവരി 2നാണ് വൈദ്യുതോപഭോഗം ആദ്യമായി 75 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തുന്നത്. തുടർന്ന് വൈദ്യുതോപഭോഗം 75ന് താഴെ പിടിച്ച് നിർത്താനായെങ്കിലും ജനുവരി 26ന് വീണ്ടും 76.016 ദശലക്ഷം യൂണിറ്റിലേക്കെത്തിയിരുന്നു.
കഴിഞ്ഞദിവസം ഇത് ഈ വർഷത്തെ റെക്കോർഡ് ഉപഭോഗത്തിലേക്കെത്തി. 77.9646 ദശലക്ഷം യൂണിറ്റായിരുന്നു കഴിഞ്ഞദിവസത്തെ വൈദ്യുത ഉപഭോഗം. സംസ്ഥാനത്ത് അന്തരീക്ഷ താപനില സർവ്വകാല റെക്കോർഡിലേക്ക് ഉയർന്നതും വൈദ്യുതോപഭോഗം വർധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ അടുത്തതും വൈദ്യുതോപഭോഗം അതിന്റെ സർവ്വകാല റെക്കോർഡും മറികടക്കുമെന്ന സൂചനയാണ് നൽകുന്നത്. കഴിഞ്ഞവർഷം മാർച്ച് 29ന് 84.215 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതാണ് നിലവിലെ റെക്കോർഡ്.
2018 ഏപ്രിൽ 30ന് 80 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് വൈദ്യുതോപഭോഗം എത്തിയിരുന്നു. അതേസമയം ജലാശയങ്ങളിലേക്കുള്ള നീരൊഴുക്ക് നിലച്ചത് കെഎസ്ഇബിക്ക് ഇരുട്ടടിയായേക്കും. ജനുവരി 1ന് സംസ്ഥാനത്തെ ഡാമുകളിലാകെ 3120. 161 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവശ്യമായ ജലമുണ്ടായിരുന്നു. അതായത് സംസ്ഥാനത്തെ ഡാമുകളിലാകെ 75 ശതമാനത്തോളം ജലമുണ്ടായിരുന്നത് ഫെബ്രുവരി മാസം പകുതിയോടെ 64 ശതമാനമായി കുറഞ്ഞു.
ഇപ്പോൾ ഡാമുകളിൽ 2665.891 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവശ്യമായ ജലമാണ് അവശേഷിക്കുന്നത്. വേനൽ കടുത്തതിനാൽ ജലാശയങ്ങളിലേക്കുള്ള നീരൊഴുക്ക് നിലച്ചമട്ടാണ്. ഇടുക്കി ഡാമിൽ 65 ശതമാനവും പമ്പ 58, ഷോലയാർ 81, ഇടമലയാർ 57, കുണ്ടള96, മാട്ടുപ്പെട്ടി 75, കുറ്റ്യാടി 85, ആനയിറങ്കൽ 99, പൊന്മുടി94, നേര്യമംഗലം 42, ലോവർ പെരിയാർ 42 ശതമാനം എന്നിങ്ങനെയാണ് മറ്റ് ജലാശയങ്ങളിലെ ജലനിരപ്പ്. വൈദ്യുതോപഭോഗം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ അളവിൽ വൈദ്യുതി പുറത്ത് നിന്ന് എത്തിക്കേണ്ടി വരും. നിലവിൽ പുറത്ത് നിന്ന് എത്തിക്കുന്ന വൈദ്യുതിയുടെ ശരാശരി അളവ് 59.0709 ദശലക്ഷം യൂണിറ്റാണ്.
English summary: power consumption hit record high in state
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.