24 April 2024, Wednesday

Related news

March 27, 2024
March 21, 2024
March 21, 2024
March 21, 2024
March 18, 2024
March 14, 2024
March 13, 2024
March 13, 2024
March 8, 2024
March 7, 2024

വൈദ്യുതി പ്രതിസന്ധി; കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഫലം

Janayugom Webdesk
ന്യൂഡൽഹി
May 12, 2022 10:10 pm

രാജ്യം നേരിടുന്ന അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധി കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഫലമാണെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. കൽക്കരി വിവിധ പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിനായി കോൾ ഇന്ത്യക്ക് ഇന്ത്യൻ റയിൽവേ അനുവദിക്കുന്ന തീവണ്ടികളുടെ എണ്ണം കഴിഞ്ഞ ഒരു വർഷക്കാലമായി കുറവായിരുന്നുവെന്നാണ് സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 

റെക്കോഡ് നിലവാരത്തിലേക്ക് ഉയർന്ന വൈദ്യുതി ആവശ്യം നേരിടുന്നതിന് കൽക്കരി ലഭ്യമാക്കുന്നതിനായി സ്ഥാപനങ്ങള്‍ നെട്ടോട്ടമോടുമ്പോൾ ആവശ്യത്തിന് ട്രെയിനുകൾ അനുവദിക്കാന്‍ ഇന്ത്യൻ റയിൽവേക്ക് സാധിക്കാത്തത് കൽക്കരി സ്റ്റോക്ക് വർധിപ്പിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് ഓൺലൈൻ വാർത്താ മാധ്യമമായ മിന്റ് റിപ്പോർട്ട് ചെയ്തത്. വിവിധ വൈദ്യുതി ഉല്പാദന കേന്ദ്രങ്ങളിലെ കൽക്കരി സ്റ്റോക്ക് ഇപ്പോൾ വർഷങ്ങളായുള്ളതിൽ ഏറ്റവും താഴ്ന്ന നിലയിലാണ്.
കോൾ ഇന്ത്യയുടെ ഉല്പാദനത്തിൽ 27.6 ശതമാനം വളർച്ചയുണ്ടായിട്ടും പവർ പ്ലാന്റുകളിലെ കൽക്കരിയുടെ സ്റ്റോക്ക് ഏപ്രിലിൽ 13 ശതമാനം ഇടിയുകയാണുണ്ടായത്. 

ഏപ്രിൽ മാസത്തിൽ, കല്‍ക്കരി വിതരണ ആവശ്യത്തിലേക്കായി ഇന്ത്യൻ റയിൽവേ പ്രതിദിനം 261 ട്രെയിനുകളാണ് അനുവദിച്ചത്. ഇത് മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍, പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി കൽക്കരി കൊണ്ടുപോകാന്‍ കൂടുതൽ തീവണ്ടികള്‍ അനുവദിച്ചുകൊണ്ട് റയില്‍വേ തീരുമാനമെടുത്തത് ഏപ്രില്‍ അവസാനത്തിലായിരുന്നു. ഇന്ത്യൻ റയിൽവേയുടെ ചരക്കുഗതാഗത വരുമാനത്തിന്റെ പകുതിയിലധികമാണ് കല്‍ക്കരി വിതരണത്തിലൂടെ ലഭിക്കുന്നത്. 

വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത്, ഊര്‍ജ ഉല്പാദന സ്ഥാപനങ്ങള്‍ക്കുള്ള കല്‍ക്കരി വിതരണത്തിനാണ് കോള്‍ ഇന്ത്യ മുൻഗണന നൽകിയത്. ഇതോടെ, കഴിഞ്ഞ മാസത്തില്‍ വൈദ്യുതി ഇതര വ്യവസായ മേഖലയിലേക്കുള്ള വിതരണം ആറ് മാസത്തെ ഏറ്റവും താഴ്ന്ന പ്രതിദിന നിരക്കായ 3,04,933 ടണ്ണായി കുറഞ്ഞു. ഇത് മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 21.3 ശതമാനം കുറവാണ്. അലൂമിനിയം ഉരുക്കുശാലകള്‍, സ്റ്റീല്‍ മില്ലുകള്‍ ഉള്‍പ്പെടെയുള്ള വൈദ്യുതി ഇതര വ്യവസായ സ്ഥാപനങ്ങളെ റയില്‍വേയുടെ ഈ നിലപാട് ദോഷകരമായി ബാധിച്ചു. കൽക്കരി വിതരണം വഴിതിരിച്ചുവിട്ടതിന്റെയും ട്രെയിനുകളുടെ കുറവിന്റെയും ഫലമായി കൽക്കരി വിതരണത്തിലുണ്ടായ കുറവിനെ സംബന്ധിച്ച് പൊതുമേഖലാ അലൂമിനിയം നിർമ്മാണ സ്ഥാപനമായ നാല്‍കോ കഴിഞ്ഞ മാസം കോടതിയിൽ ഹര്‍ജി നല്‍കിയിരുന്നു. കൽക്കരി വിതരണത്തിലെ കുറവ് കാരണം ദേശീയ ഗ്രിഡിൽ നിന്ന് കൂടുതൽ ചെലവേറിയ വൈദ്യുതി എടുക്കേണ്ടിവരുന്നതായാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതോടെ വൈദ്യുതി പ്രതിസന്ധിക്കും കല്‍ക്കരി ലഭ്യമല്ലാത്തതിനാല്‍ വൈദ്യുതി ഇതര വ്യവസായ മേഖലകളില്‍ നേരിടേണ്ടിവന്ന പ്രശ്നങ്ങള്‍ക്കും കാരണമായത് റയില്‍വേയുടെ നടപടികളിലുണ്ടായ പാളിച്ചകളാണെന്ന് വ്യക്തമാകുന്നു. 

Eng­lish Summary:Power cri­sis; The result of the mis­man­age­ment of the Cen­tral Government
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.