അധികാരത്തര്‍ക്കം: അസം റൈഫിള്‍സ് ഐടിബിപിയില്‍ ലയിപ്പിച്ചേക്കും

Web Desk
Posted on September 15, 2019, 10:29 pm

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏറ്റവും പഴക്കമേറിയ പാരാമിലിട്ടറി സേനയായ അസം റൈഫിള്‍സിനെ സൈനികാധികാരത്തില്‍ നിന്നും നീക്കി ഐടിബിപിയുമായി ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍.

മ്യാന്‍മര്‍ അതിര്‍ത്തി സംരക്ഷിക്കുന്ന അസം റൈഫിള്‍സ് ചൈനാ അതിര്‍ത്തി കാക്കുന്ന ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലേക്കാണ് ലയിപ്പിക്കുക. സുരക്ഷാ ക്യാബിനറ്റ് കമ്മിറ്റിക്കു മുന്‍പില്‍ ഇക്കാര്യം അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

അസംറൈഫിള്‍സില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പ്രതിരോധമന്ത്രാലയവും വിവിധ ചുമതലകള്‍ വഹിക്കുന്നതിനാല്‍ അധികാരത്തര്‍ക്കം പലപ്പോഴും ഉടലെടുത്തിട്ടുണ്ട്. സേനാംഗങ്ങളുടെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍വരെ കടുത്ത വിവേചനമാണ് നേരിടുന്നതെന്ന് അസം റൈഫിള്‍സ് എക്‌സ് സര്‍വ്വീസ്‌മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

1835 ല്‍ രൂപീകരിച്ച അര്‍ധസൈനിക വിഭാഗമാണ് അസം റൈഫിള്‍സ്. 1917 ലാണ് അസംറൈഫിള്‍സ് എന്ന പേരില്‍ സേന അറിയപ്പെടാന്‍ തുടങ്ങിയത്. ചട്ടങ്ങള്‍ പ്രകാരം 1965 മുതല്‍ അസാം റൈഫിള്‍സിന്റെ ബജറ്റ് അലോക്കേഷനും മറ്റും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ്. എന്നാല്‍ സേനാ ഓപ്പറേഷറന്റെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് പ്രതിരോധമന്ത്രാലയമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തി സംരക്ഷണചുമതലയാണ് പ്രധാനമായും അസം റൈഫിള്‍സിനുള്ളത്.

ഐടിബിപിയില്‍ ലയിപ്പിക്കുന്നതോടെ രണ്ട് മന്ത്രാലയങ്ങള്‍ തമ്മിലുള്ള അധികാരത്തര്‍ക്കത്തിന് പരിഹാരമാകുമെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലം പ്രകാരം മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ പറയുന്നു.