പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഞായറാഴ്ച രാത്രി ഒമ്പത് മിനിറ്റില്‍ രാജ്യത്തൊട്ടാകെ വൈദ്യുതി വിളക്കുകള്‍ അണച്ചപ്പോള്‍ 20 മിനിറ്റില്‍ വൈദ്യുത ഉപഭോഗത്തില്‍ ഉണ്ടായത് 32 ഗിഗാവാട്ടിന്റെ കുറവ്. എന്നാൽ ഫ്രീക്വൻസി ഇതിന് അനുസൃതമായി ക്രമീകരിച്ചതിലൂടെ വൈദ്യുതി ഗ്രിഡ് തകരാറുണ്ടാകാനുള്ള സാധ്യതകൾ ഒഴിവാക്കാൻ പവർ സിസ്റ്റം ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡിലെ സാങ്കേതിക വിദഗ്ധർക്ക് സാധിച്ചു. രാത്രി 8.49 മുതല്‍ 9.09 വരെയുള്ള സമയത്തിനുള്ളില്‍ 1,17,300 മെഗാവാട്ടില്‍ നിന്ന് വൈദ്യുതി ഉപഭോഗം 85,000 മെഗാവാട്ടായി കുറഞ്ഞു. 32000 മെഗാവാട്ട് കുറവ് രേഖപ്പെടുത്തി. ഈ സമയത്തിന് ശേഷം ഉപഭോഗം പിന്നീട് വര്‍ദ്ധിക്കുകയും ചെയ്തു. 49.7 മുതല്‍ 50.26 ഹെര്‍ട്സ് വരെയുള്ള ബാന്ഡിനുള്ളിലെ ഇതിന്റെ ആവൃത്തി ക്രമീകരിച്ചതിലൂടെ ഭയന്നിരുന്ന അപകടങ്ങള്‍ എല്ലാം വിജയകരമായി തരണം ചെയ്യാൻ സാധിച്ചു. നേരത്തെ 13 ഗിഗാവാട്ട് വരെ വൈദ്യുതി ഉപയോഗം കുറയുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. എന്നാൽ ഉപഭോഗം പ്രതീക്ഷയിലധികം കുറഞ്ഞിട്ടും ഇത് തരണംചെയ്യാൻ സാധിച്ചു. പാകിസ്ഥാന് ഒരുദിവസം ആകെ ആവശ്യമായിവരുന്ന വൈദ്യുതിയാണ് 32 ഗിഗാവാട്ട്. മുന്‍കരുതല്‍ നടപടികളെടുത്തതിനും പ്രവര്‍ത്തിച്ചതിനും കേന്ദ്ര ഊര്‍ജ്ജ മന്ത്രി രാജ്കുമാർ സിങ് വൈദ്യുതി ബോര്‍ഡുകളെ അഭിനന്ദിച്ചു. ദേശീയ ഗ്രിഡ് ഓപ്പറേറ്ററായ പോസോകോ, ദേശീയ‑പ്രാദേശിക സംസ്ഥാന ലോഡ് ഡെസ്പാച്ച് സെന്ററുകള്‍ തുടങ്ങിയ എല്ലാ വൈദ്യുതി വകുപ്പുകളും ജീവനക്കാരും മികച്ച പ്രവര്‍ത്തനം നടത്തിയെന്ന് മന്ത്രി പ്രശംസിച്ചു. അതേസമയം പ്രതിസന്ധി തരണം ചെയ്യാനായതിനെ വൈദ്യുതി രംഗത്തെ അത്ഭുതമെന്നാണ് ചില സാങ്കേതിക വിദഗ്ധർ വിശേഷിപ്പിച്ചത്. ഇനി ഇത്തരത്തിൽ ആഹ്വാനം ചെയ്യുന്നതിന് മുമ്പ് ഭരണകര്‍ത്താക്കൾ രണ്ടുവട്ടം ആലോചിക്കണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി ആവശ്യകതയില്‍ 380 മെഗാവാട്ടിന്റെ കുറവാണ് കേരളത്തില്‍ രേഖപ്പെടുത്തിയതെന്ന് കെഎസ്ഇബി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.