Friday
20 Sep 2019

മാണിഗ്രൂപ്പില്‍ അധികാരത്തര്‍ക്കം: കുലുക്കമില്ലാതെ ജോസഫ്

By: Web Desk | Monday 20 May 2019 10:31 PM IST


സരിത കൃഷ്ണന്‍

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മില്‍ അധികാരത്തര്‍ക്കം മുറുകുന്നു. താല്‍ക്കാലികമായി കയ്യിലൊതുങ്ങിയ അധികാര കസേരയില്‍ മുറുകെ പിടിച്ചിരിക്കുകയാണ് പി ജെ ജോസഫ്
പാര്‍ട്ടി സംസ്ഥാന കമ്മറ്റി വിളിച്ചുചേര്‍ത്ത് പാര്‍ട്ടിയിലെ അധികാരകസേര പിടിച്ചടക്കാന്‍ ജോസ് കെ മാണി വിഭാഗം നടത്തുന്ന എല്ലാ നീക്കങ്ങളെയും പാടേ തകര്‍ത്താണ് ജോസഫിന്റെയും കൂട്ടരുടെയും നീക്കം. സംഘടനാ ചുമതലയുള്ള ജോയി ഏബ്രഹാം കൂടി തനിക്കൊപ്പം ചേര്‍ന്നതോടെ പാര്‍ട്ടിയില്‍ കൂടുതല്‍ ശക്തനായ ജോസഫിന്റെ നിലപാടുകള്‍ ജോസ് കെ മാണി വിഭാഗത്തെ ഏറെ അലോസരപ്പെടുത്തുന്നുണ്ട്.

പാര്‍ട്ടി സംസ്ഥാന കമ്മറ്റി വിളിച്ചുചേര്‍ക്കാന്‍ ഒപ്പുശേഖരണം വരെ ജോസ് കെ മാണിവിഭാഗം നടത്തി നോക്കിയെങ്കിലും ജോസഫിന് കുലുക്കമില്ല. സംസ്ഥാന കമ്മറ്റി ഉടനില്ലെന്നും സി എഫ് തോമസ് പാര്‍ട്ടി പാര്‍ലമെന്ററി നേതാവാകുമെന്നും പി ജെ ജോസഫ് വ്യക്തമാക്കി. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം പി ജെ ജോസഫിന്, വര്‍ക്കിങ് ചെയര്‍മാനായി ജോസ് കെ മാണി, സി എഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എന്ന ഫോര്‍മുല എങ്ങനെയും നടപ്പാക്കാനാണ് പി ജെ ജോസഫ് വിഭാഗത്തിന്റെ ശ്രമം. ഇതുവരെ സമവായമെന്ന് മാത്രം പറഞ്ഞിരുന്ന പി ജെ ജോസഫ്, നിലപാട് കടുപ്പിക്കുകയാണ്. മരണം മൂലം പാര്‍ട്ടിയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഒഴിവു വന്നാല്‍ സമവായത്തിലൂടെ പുതിയ ആളെ കണ്ടെത്തുകയാണ് വേണ്ടതെന്നും അതിന് സംസ്ഥാന കമ്മറ്റി വിളിച്ചു ചേര്‍ക്കേണ്ടതില്ലെന്നും ജോസഫ് പറയുന്നു. അതേസമയം ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത് സംസ്ഥാന കമ്മറ്റി യോഗം ചേര്‍ന്നാണെന്ന് കഴിഞ്ഞ ദിവസം ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. സംസ്ഥാന കമ്മറ്റി വിളിക്കേണ്ട പ്രത്യേക സാഹചര്യം എന്തെന്ന് വ്യക്തമാക്കണമെന്ന ജോസഫിന്റെ നിലപാട് തന്നെ ഉടന്‍ സംസ്ഥന കമ്മറ്റി ചേര്‍ന്നേക്കില്ല എന്നതിന്റെ സൂചനയാണ്. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മരിക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി നേതാവായിരുന്ന ആള്‍ ആ സ്ഥാനത്തേക്ക് സ്വാഭാവികമായി എത്തുമെന്നാണ് ജോസഫിന്റെ ഇപ്പോഴത്തെ വാദം.

ഇതിനിടെ ഇതുവരെ ഒരു രംഗത്തുമില്ലാതിരുന്ന ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിനെ ജോസ് കെ മാണി വിഭാഗം രംഗത്തിറക്കി. മാണിസാറിന്റെ വേര്‍പാടിന് ശേഷം പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കേണ്ട സാഹചര്യത്തില്‍ തുടര്‍ച്ചയായ പ്രസ്താവനകളിലൂടെ പാര്‍ട്ടിയില്‍ വിഭാഗീയതയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ ആശാസ്യമല്ലെന്നായിരുന്നു കേരള കോണ്‍ഗ്രസ്സ് (എം) ഉന്നതാധികാരസമിതി അംഗ കൂടിയായ റോഷി അഗസ്റ്റിന്റെ ഇന്നലത്തെ നിലപാട്. എന്തായാലും ഇക്കാര്യം അംഗീകരിക്കാന്‍ ജോസഫ് വിഭാഗം തയ്യാറായിട്ടില്ല.

YOU MAY ALSO LIKE THIS:

Related News