Web Desk

മുംബൈ

October 12, 2020, 9:58 pm

വൈദ്യുതി തടസം; മുംബൈ മഹാനഗരം നിശ്ചലമായി

Janayugom Online

രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമായ മുംബൈ നഗരത്തെ വൈദ്യുതി തടസ്സം നിശ്ചലമാക്കി. മഹാനഗരത്തിലെ ജനജീവിതമാകെ താറുമാറാക്കിയ സമ്പൂർണ്ണ വൈദ്യുതി തടസം ഇന്നലെ രാവിലെ 10 മണിക്കാണ് ഉണ്ടായത്. സ്വകാര്യ കമ്പനിയായ ടാറ്റയുടെ വൈദ്യുതി ശൃംഖലയിലെ തകരാറാണ് വൈദ്യുതി തടസ്സപ്പെടാൻ‍ കാരണമെന്ന് മുംബൈ നഗരത്തിലെ വൈദ്യുതി വിതരണ കമ്പനിയായ ബൃഹൻ മുംബൈ ഇലക്‌ട്രിക്ക് സപ്ലേ ആന്റ് ട്രാൻസ്മിഷൻ (ബെസ്റ്റ്) അറിയിച്ചു.

മണിക്കൂറുകൾക്ക് ശേഷമാണ് വൈദ്യുതി വിതരണം പുനസ്ഥാപിച്ചത്. നവി മുംബൈ, താനെ, അന്ധേരി, ബാന്ദ്ര, വാഷി എന്നിവിടങ്ങളിലെല്ലാം വ്യാപകമായി വൈദ്യുതി തടസപ്പെട്ടു. ഇതോടെ സബർ‍ബൻ ട്രെയിൻ‍ സർ‍വീസുകൾ ഏകദേശം പൂർ‍ണമായിത്തന്നെ നിലച്ചു. ആളുകൾ‍ റയിൽവേ ട്രാക്കിലൂടെ നടന്ന് പോവുന്ന കാഴ്ചയാണ് തുടർന്നുണ്ടായത്. മഹാനഗരത്തിൽ പലയിടത്തും ട്രാഫിക് സിഗ്നലുകൾ പ്രവർത്തിച്ചില്ല. എന്നാൽ മുംബൈ വിമാനത്താവളത്തിന്റെയും സ്റ്റോക്ക് എക്സ്ചേഞ്ചിന്റെയും പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടില്ല. കോവിഡ് ചികിത്സാ ആശുപത്രികളിലും വൈദ്യുതി മുടങ്ങിയത് കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ ബാധിക്കുന്ന അവസ്ഥയുമുണ്ടാക്കി.

പവര്‍ ഗ്രിഡ് തകരാറാണ് വൈദ്യുതി മുടങ്ങാന്‍ കാരണമെന്നാണ് ഇലക്‌ട്രിസിറ്റി സപ്ലൈ ബോര്‍ഡിന്റെ വിശദീകരണം. എന്നാല്‍ പവര്‍ ഗ്രിഡ്ഡില്‍ പ്രശ്നങ്ങളില്ലെന്ന് കേന്ദ്ര ഊര്‍ജ്ജമന്ത്രാലയവും പറയുന്നു. വൈദ്യുതി മുടങ്ങിയതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഇക്കാര്യം അറിയിച്ചത്. മുംബൈയിലെ വൈദ്യുതി മുടങ്ങലിന്റെ കാരണം അന്വേഷിക്കാന്‍ കേന്ദ്ര സംഘത്തെ അയയ്ക്കുമെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി ആര്‍ കെ സിങും അറിയിച്ചു.

Eng­lish sum­ma­ry; Pow­er out­age; The Mum­bai metrop­o­lis has come to a standstill

You may also like this video;