Web Desk

തിരുവനന്തപുരം

July 24, 2021, 6:06 pm

വൈദ്യുതി വിതരണം പൊതുമേഖലയില്‍ നിലനിര്‍ത്തണം; നിലപാടിലുറച്ച് കേരളം

Janayugom Online

വൈദ്യുതി വിതരണം പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്ന നിലപാടിലുറച്ച് കേരളം. രാജ്യത്തെ വൈദ്യുതി മേഖലയെ ഗുരുതരമായി ബാധിക്കുന്ന നിരവധി നിർദ്ദേശങ്ങളാണ് കേന്ദ്രത്തിന്റെ വൈദ്യുതി നിയമ ഭേദഗതിയിലുള്ളത്. നിലവില്‍ പൊതുമേഖലാ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതും രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് കെട്ടിപ്പടുത്തതുമായ അതിവിപുലമായ വൈദ്യുതി വിതരണ ശൃംഖലകള്‍ ഇതിലൂടെ സ്വകാര്യ കമ്പനികളുടെ ലാഭക്കച്ചവടത്തിനായി വിട്ടുകൊടുക്കപ്പെടുമെന്നും സംസ്ഥാനം കേന്ദ്രസര്‍ക്കാരിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വൈദ്യുതി വിതരണ മേഖലയിലെ ലൈസൻസിങ് യാതൊരു നിയന്ത്രണവുമില്ലാതെ സ്വകാര്യ കമ്പനികൾക്ക് തുറന്നുകൊടുക്കുകയാണ് നിയമഭേദഗതിയുടെ പ്രധാന ലക്ഷ്യം. ഇത് ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാക്കുമെന്ന് കേന്ദ്ര ഊർജ, നവീന പുനരുപയോഗ ഊർജ മന്ത്രി ആർ കെ സിങ്ങിന് അയച്ച കത്തില്‍ സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. വൈദ്യുതി വിതരണ മേഖല പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തേണ്ട ആവശ്യകതയും, കരടു ബില്ലിലെ വിവിധ നിർദ്ദേശങ്ങളിലുള്ള ആശങ്കയും, ഇക്കാര്യത്തിലെ കേന്ദ്ര സർക്കാർ സമീപനങ്ങളോടുള്ള ഉത്കണ്ഠയും രേഖപ്പെടുത്തിയാണ് കത്തയച്ചത്.

ഒരു പ്രദേശത്ത് ഒരേ ശൃംഖലയിൽനിന്ന് വിവിധ കമ്പനികൾ വൈദ്യുതി വിതരണം നടത്തുവാന്‍ അനുവാദം നല്‍കുക വഴി സ്വകാര്യ ക
മ്പനികള്‍ക്ക് റവന്യു ശേഷിയുള്ള വന്‍കിടക്കാരെമാത്രം തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുകയും സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്നതിനുള്ള ബാധ്യത നിറവേറ്റേണ്ടി വരുന്ന പൊതുമേഖല വലിയ നഷ്ടത്തിലേക്കും തകര്‍ച്ചയിലേക്കും പോകും. സാമൂഹിക പ്രതിബദ്ധത നിറവേറ്റുന്നതിന്റെ ഭാഗമായി നല്‍കിവരുന്ന ക്രോസ് സബ്സിഡി സമ്പ്രദായം നിര്‍ത്തലാകുന്നതോടെ സമൂഹത്തിലെ ദുര്‍ബല വിഭാഗത്തിനും കര്‍ഷകര്‍ക്കും വൈദ്യുതി അപ്രാപ്യമാകുന്ന അവസ്ഥ ബില്ലിലൂടെ സംജാതമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ബില്ലിലെ ചില നിർദ്ദേശങ്ങളിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായങ്ങളും മറ്റു ചില നിർദ്ദേശങ്ങളിലുള്ള ശക്തമായ വിയോജിപ്പും കഴിഞ്ഞ മാർച്ച് 15 ന് തന്നെ കേന്ദ്ര സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

എന്നാൽ ഇവയൊന്നും പരിഗണിക്കാതെയും ചർച്ചകൾ കൂടാതെയും പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽത്തന്നെ ബിൽ അവതരിപ്പിക്കാനും പാസാക്കിയെടുക്കാനും കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നതായാണ് പുറത്തു വരുന്ന വിവരം. രാജ്യത്ത് നിലവിലുള്ള ഫെഡറൽ സംവിധാനത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് ഏകപക്ഷീയമായ ഈ ബിൽ അവതരണത്തിലൂടെ കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ വൈദ്യുതി വിതരണ മേഖലയെ പൊതുമേഖലയിൽത്തന്നെ നിലനിർത്തുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിലും വ്യക്തമാക്കിയിരുന്നു.

Eng­lish sum­ma­ry; Pow­er sup­ply should be main­tained in the pub­lic sec­tor; Ker­ala stands firm

You may also like this video;