പ്രതിസന്ധികളെ അതിജീവിച്ച് വൈദ്യുതി മേഖല

Web Desk
Posted on July 12, 2019, 11:03 pm

m-m-maniരള്‍ച്ചയെത്തുടര്‍ന്ന് ജലസംഭരണികളില്‍ ആവശ്യത്തിന് വെള്ളമില്ലാത്തത് സൃഷ്ടിച്ചിട്ടുള്ള വൈദ്യുതി പ്രതിസന്ധി സംബന്ധിച്ചും റഗുലേറ്ററി കമ്മിഷന്‍ വൈദ്യുതി നിരക്കു പരിഷ്‌കരിച്ചതു സംബന്ധിച്ചുമെല്ലാം ഒട്ടേറെ ചര്‍ച്ചകള്‍ ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ പലപ്പോഴും വൈദ്യുതി മേഖലയിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ പരിശോധിക്കാന്‍ മുതിരാറില്ല. വൈദ്യുതി മേഖല കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ദേശീയാടിസ്ഥാനത്തില്‍ പൊതുവായി നിലനില്‍ക്കു ന്ന സാഹചര്യങ്ങളും സംസ്ഥാനത്തിന്റെ പ്രത്യേകതകളുമൊക്കെ വൈദ്യുതി വികസനത്തെ ബാധിക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങളെ സമഗ്രമായി വിലയിരുത്തുന്നതിന് ഇപ്പോഴത്തെ ചര്‍ച്ചകള്‍ ഉപകരിക്കേണ്ടതുണ്ട്.

ദേശീയ നയങ്ങള്‍

ആഗോളവല്‍ക്കരണ നയങ്ങളുടെ ഭാഗമായി ദേശീയാടിസ്ഥാനത്തില്‍ വൈദ്യുതിമേഖലയില്‍ നടപ്പാക്കിവരുന്ന സ്വകാര്യവല്‍ക്കരണ നടപടികള്‍ സംസ്ഥാനത്തേയും വലിയ തോതില്‍ ബാധിക്കുന്നുണ്ട്. വൈദ്യുതി ഉല്‍പാദന രംഗത്ത് കടന്നുവന്നിട്ടുള്ള സ്വകാര്യകുത്തകകള്‍ വൈദ്യുതി കമ്പോളത്തില്‍ ചെലുത്തുന്ന സമ്മര്‍ദം ചെറുതല്ല. പീക്ക് ലോഡ് സമയങ്ങളില്‍ ലഭ്യത കുറച്ച് വൈദ്യുതി വില വന്‍േതോതില്‍ ഉയര്‍ത്തിയെടുത്ത് ലാഭം കൊയ്യുന്നതടക്കമുള്ള പ്രവണതകള്‍ നിലനില്‍ക്കുന്നുണ്ട്. ഇങ്ങനെ ഉയര്‍ന്ന വില കൊടുത്ത് വാങ്ങി വൈദ്യുതി വിതരണം നടത്തുന്ന വിതരണ യൂറ്റിലിറ്റികള്‍ക്ക് അത് പൂര്‍ണമായും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ കഴിയാറില്ല. വന്‍കിട ഉപഭോക്താക്കളില്‍ നിന്നും ഉയര്‍ന്ന നിരക്ക് ഈടാക്കി സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി എത്തിക്കുക എന്ന സമീപനമാണ് വിതരണ യൂറ്റിലിറ്റികള്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഇത്തരം വലിയ ഉപഭോക്താക്കളെ വിതരണ യൂറ്റിലിറ്റികളില്‍ നിന്ന് തട്ടിയെടുത്ത് അവര്‍ക്ക് നേരിട്ട് വൈദ്യുതി വില്‍ക്കാന്‍ കേന്ദ്രനയങ്ങളുടെ ഭാഗമായി സ്വകാര്യ ഉല്‍പാദനക്കമ്പനികള്‍ക്ക് കഴിയുന്നു. ഇത് വിതരണ യൂറ്റിലിറ്റികളുടെ റവന്യൂ ശേഷിയില്‍ വലിയ ഇടിവ് സൃഷ്ടിക്കുകയും കടക്കെണിയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. ഇത്തരത്തില്‍ കേന്ദ്രനയങ്ങളുടെ ഭാഗമായി രാജ്യമെമ്പാടും പൊതുമേഖലാ വൈദ്യുതിക്കമ്പനികള്‍ കടുത്ത തകര്‍ച്ചയെ നേരിടുകയും സാധാരണക്കാരുടെ വൈദ്യുതി നിരക്കുകള്‍ വന്‍തോതില്‍ ഉയരുകയുമാണ്. ദേശീയാടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന ഈ സാഹചര്യങ്ങളെല്ലാം കേരളത്തിലും ബാധകമാണ്. ഇത്തരം പ്രശ്‌നങ്ങളെ നേരിട്ടുകൊണ്ട് കാര്യക്ഷമമായ ഒരു പൊതുമേഖലാസ്ഥാപനമായി വൈദ്യുതി ബോര്‍ഡിനെ മാറ്റിയെടുക്കാനായി എന്നതാണ് കേരളത്തിന്റെ നേട്ടം. അതില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാ രിന്റെ വികസന സമീപനം വലിയ പങ്കാണ് വഹിക്കുന്നത്.

മഴക്കുറവും
വൈദ്യുതി മേഖലയും

നിലവില്‍ സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയുടെ പ്രധാനകാരണം ഇപ്പോള്‍ ഉണ്ടായിട്ടുള്ള മഴക്കുറവാണ്. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകതയില്‍ മുപ്പതു ശതമാനത്തോളമാണ് നമ്മുടെ ജല നിലയങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ശേഷിക്കുന്ന വൈദ്യുതി പുറത്തു നിന്ന് ഇറക്കുമതി ചെയ്താണ് നിര്‍വഹിക്കുന്നത്. ഇത്തവണ ഉണ്ടായ കടുത്ത വരള്‍ച്ച നമ്മുടെ ജലവൈദ്യുതി ഉല്‍പാദനത്തില്‍ വലിയ കുറവാണ് ഉണ്ടാക്കിയിട്ടുള്ളത്. സാധാരണ ജൂണ്‍ ആദ്യം ഉണ്ടാകേണ്ട കാലവര്‍ഷം ജൂലൈ രണ്ടാം വാരത്തിലെത്തിയിട്ടും ശക്തിപ്പെട്ടിട്ടില്ല. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജൂണ്‍ മാസത്തില്‍ ലഭിക്കേണ്ട മഴയില്‍ 45 ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളത്. വൈദ്യുതി നിലയങ്ങളുടെ ജലസംഭരണികളില്‍ ഒഴുകിയെത്തിയ വെള്ളത്തിന്റെ അളവ് ഇരുപതു ശതമാനത്തില്‍ കുറവാണ്. ഈ സാഹചര്യത്തില്‍പോലും വൈദ്യുതി നിയന്ത്രണങ്ങള്‍ കൂടാതെ മുന്നോട്ടുപോകാനുള്ള ശ്രമങ്ങളാണ് വൈദ്യുതിബോര്‍ഡും സര്‍ക്കാരും സ്വീകരിക്കുന്നത്. ജൂലൈ പകുതിയോടെങ്കിലും കാലവര്‍ഷം ലഭ്യമാകും എന്ന പ്രതീക്ഷയിലാണ് നിലവില്‍ വൈദ്യുതി ആസൂത്രണം ചെയ്തിരിക്കുന്നത്. അതില്‍ മാറ്റമുണ്ടാകുന്നപക്ഷം സ്ഥിതി കൂടുതല്‍ രൂക്ഷമാകും. എങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരമാവധി കുറച്ച് മുന്നോട്ടു പോകാന്‍ കഴിയുമെന്നുതന്നെ പ്രതീക്ഷിക്കുന്നു.

വികസന മുന്നേറ്റത്തിന്റെ
മൂന്നു വര്‍ഷങ്ങള്‍

വൈദ്യുതി ഉല്‍പാദന പ്രസരണ വിതരണ മേഖലകളില്‍ ഒട്ടേറെ ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഫലമായാണ് കടുത്ത പ്രതിസന്ധിയിലും ഉപഭോക്തൃ സംതൃപ്തി ഉറപ്പുവരുത്തി മുന്നോട്ടുപോകാന്‍ കഴിയുന്നത്. സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പിലാക്കി എല്ലാ ജനങ്ങള്‍ക്കും വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് സര്‍ക്കാരിന്റെ വലിയ നേട്ടം. ഇങ്ങനെ വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്ന സാഹചര്യത്തിലും എല്ലാവര്‍ക്കും ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ശക്തമായ നടപടികളും ഉണ്ടായി. പ്രസരണ വിതരണ നഷ്ടം പന്ത്രണ്ടര ശതമാനത്തിലേക്ക് കുറയ്ക്കാന്‍ കഴിഞ്ഞതും പ്രസരണ മേഖലയിലെ ട്രാന്‍ഡ്ഗ്രിഡ്, വിതരണ മേഖലയിലെ ദ്യുതി 2021 തുടങ്ങിയ പദ്ധതികള്‍ ഏറ്റെടുത്ത് വൈദ്യുതി ശൃംഖല ശക്തിപ്പെടുത്തിയതും വൈദ്യുതി ലഭ്യത ഉറപ്പുവരുത്തുന്നതില്‍ ഗുണം ചെയ്തു.
കഴിഞ്ഞ മൂന്നു വര്‍ഷവും പവര്‍ക്കട്ടും ലോഡ് ഷെഡിംഗുമടക്കമുള്ള നിയന്ത്രണങ്ങള്‍ കൂടാതെ വൈദ്യുതി വിതരണം നടത്താന്‍ കഴിഞ്ഞു. ഈ ആസൂത്രണത്തിന്റെ തുടര്‍ച്ചയായാണ് ജൂലൈ പകുതിയായിട്ടും കാലവര്‍ഷം എത്താതെ കടുത്ത വരള്‍ച്ച നേരിടുമ്പോഴും വൈദ്യുതി ഉപഭോഗം ഭീമമായി വര്‍ധിച്ചിട്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതെ മുന്നോട്ടുപോകാന്‍ കഴിയുന്നത്.

വൈദ്യുതി ആസൂത്രണം

സാധാരണ ജൂണ്‍ ഒന്നിന് വൈദ്യുതി നിലയങ്ങളുടെ ഭാഗമായ ജലസംഭരണികളില്‍ 550 മില്യണ്‍ യൂണിറ്റിനുള്ള വെള്ളമാണ് നിലനിര്‍ത്താറ്. കാലവര്‍ഷം തുടങ്ങുന്നതിനുണ്ടാകുന്ന ചെറിയ കാലതാമസങ്ങളെ നേരിടാനാണ് ഈ കരുതല്‍ ഉപയോഗിക്കുക. ഈ വര്‍ഷം വേനല്‍ കനത്തതും ഏപ്രില്‍, മെയ് മാസങ്ങളിലെ ഉപഭോഗം 15 ശതമാനത്തിലധികം വര്‍ധിച്ചതും പ്രതിദിന വൈദ്യുതി ഉപഭോഗം റെക്കോഡുകളെല്ലാം ഭേദിച്ച് 88.3 മില്യണ്‍ യൂണിറ്റായും പീക്ക് ലോഡ് ഡിമാന്റ് 4316 മെഗാവാട്ടായും വര്‍ധിച്ചത് സംസ്ഥാനത്തിന് പുറത്തു നിന്നും വൈദ്യുതി വാങ്ങിയെത്തിച്ചാണ് സംസ്ഥാനം നേരിട്ടത്. ദീര്‍ഘകാല ഹ്രസ്വകാല കരാറുകളും പ്രതിദിന വാങ്ങലുകളും ക്രമീകരിച്ച് വൈദ്യുതി വിതരണം തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനാണ് നടപടി സ്വീകരിച്ചത്. കാലവര്‍ഷം വൈകാനിടയുണ്ട് എന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്ന് കരുതല്‍ ജലം 550 മില്യണ്‍ യൂണിറ്റെന്നത് വര്‍ധിപ്പിച്ച് ജൂണ്‍ ഒന്നിന് ജലസംഭരണികളില്‍ 650 മില്യണ്‍ യൂണിറ്റിനുള്ള വെള്ളം ഉറപ്പുവരുത്താനും കഴിഞ്ഞു. ജൂണ്‍ എട്ടോടെ കാലവര്‍ഷമുണ്ടാകും എന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും ജൂണ്‍ മാസത്തില്‍ കാര്യമായ മഴ ലഭിച്ചില്ല. മഴ കുറഞ്ഞത് ഡാമുകളിലേക്കുള്ള നീരൊഴുക്ക് കുറയ്ക്കാന്‍ മാത്രമല്ല വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്നതിനും കാരണമായി. ജൂണ്‍മാസത്തില്‍ പ്രതിദിനം 63 മില്യണ്‍ യൂണിറ്റ് ഉപഭോഗം പ്രതീക്ഷിച്ചിരുന്നത് 74–75 മില്യണ്‍ യൂണിറ്റോളമായാണ് വര്‍ധിച്ചത്. ജല ലഭ്യത കുറവായതിനാല്‍ ഈ കാലയളവിലെ പ്രതിദിന ജലവൈദ്യുതി ഉല്‍പാദനം 12 മില്യണ്‍ യൂണിറ്റായി നിജപ്പെടുത്തേണ്ടി വന്നു. ഈ സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ അന്തര്‍സംസ്ഥാന പ്രസരണ ലൈനുകളിലൂടെയുള്ള ഇറക്കുമതി ശേഷി പരമാവധി ഉപയോഗപ്പെടുത്താന്‍ നല്ല ഇടപെടലാണ് കെഎസ്ഇബി നടത്തിയത്. ചില ദിവസങ്ങളില്‍ ജലവൈദ്യുതി ഉല്‍പാദനം നിശ്ചയിച്ചതിലും കുറച്ച് ജൂലൈ തുടക്കത്തില്‍ 450 മില്യണ്‍ യൂണിറ്റിനുള്ള വെള്ളം ഡാമുകളില്‍ ബാക്കി നിര്‍ത്താന്‍ കഴിഞ്ഞത് പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്.

ഇപ്പോള്‍ ലഭ്യമായ വെള്ളം ഉപയോഗിച്ച് ജൂലൈ 15 വരെ വൈദ്യുതി നിയന്ത്രണങ്ങളില്ലാതെ മുന്നോട്ടുപോകാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ജല വൈദ്യുതി ഉല്‍പാദനം പ്രതിദിനം 10 മില്യണ്‍ യൂണിറ്റെങ്കിലും സാധ്യമായാല്‍ വൈദ്യുതി ഇറക്കുമതി പരമാവധിയാക്കി വലിയ പ്രശ്‌നമില്ലാതെ മുന്നോട്ടുപോകാനാകും. എന്നാല്‍ ജൂലൈ മാസത്തിലും മഴ പെയ്യാതിരിക്കുകയും ഉപഭോഗം 75 മില്യണ്‍ യൂണിറ്റെന്ന നിലയില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണങ്ങള്‍ അനിവാര്യമാകുന്ന സ്ഥിതി വരും.

ബോര്‍ഡിന്റെ
സാമ്പത്തിക കാര്യക്ഷമത

പെട്രോള്‍, ഡീസല്‍ വിലവര്‍ധനവ് അടക്കമുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ പൊതുവില്‍ എല്ലാ മേഖലകളിലും വലിയ വിലക്കയറ്റം സൃഷ്ടിക്കുന്നുണ്ട്. ഇതൊക്കെ വൈദ്യുതി ബോര്‍ഡിന്റെ ചെലവുകളെയും ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന വിലക്കയറ്റനിരക്കിലും കുറഞ്ഞ വര്‍ധനവില്‍ വൈദ്യുതി താരീഫ് പരിഷ്‌കരിക്കാന്‍ കഴിഞ്ഞത് വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക അച്ചടക്കത്തിന്റേയും കാര്യക്ഷമതയുടേയും ഭാഗമാണ്. ബിപിഎല്‍ കുടുംബങ്ങള്‍ക്കും എന്‍ഡോസള്‍ഫാന്‍ ബാധിതര്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ തുടങ്ങിയവര്‍ക്കും നിരക്ക് വര്‍ധനവ് ബാധകമാക്കിയിട്ടില്ല. കുറഞ്ഞ വൈദ്യുതി ഉപഭോഗമുള്ളവര്‍ക്ക് കുറഞ്ഞ വര്‍ധനവ് മാത്രമാണ് വന്നിട്ടുള്ളത്. ഇത്തരത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കുന്ന വിധത്തിലാണ് വൈദ്യുതിതാരീഫ് പരിഷ്‌കരിച്ചിരിക്കുന്നത്.
കടുത്ത വൈദ്യുതി പ്രതിസന്ധി നിലനില്‍ക്കുമ്പോഴും വൈദ്യുതി നിയന്ത്രണങ്ങള്‍ കൂടാതെ വൈദ്യുതി വിതരണം നടത്തുന്നതിനും ജനങ്ങളില്‍ അധികഭാരം ചുമത്താതെ കാര്യക്ഷമമായി വൈദ്യുതിമേഖലയെ മുന്നോട്ടുകൊണ്ടുപോകുന്നതിനുമുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. അനാവശ്യ വൈദ്യുതി ഉപഭോഗം ഒഴിവാക്കിയും ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തും നിരക്കുവര്‍ധനയുടെ സാഹചര്യം ഉള്‍ക്കൊണ്ടും ജനങ്ങള്‍ ഈ ശ്രമങ്ങളോട് സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.