25 April 2024, Thursday

പൊയ്കയില്‍ അപ്പച്ചന്‍: ഒഴിവാക്കാനാകാത്ത ചരിത്രയാഥാർത്ഥ്യം

Janayugom Webdesk
June 28, 2022 5:15 am

നൂറ്റാണ്ടുകളായി അക്ഷരജ്ഞാനമോ സാമൂഹിക ജീവിതത്തിൽ മറ്റുള്ളവർ മനുഷ്യരായി പോലും പരിഗണിക്കപ്പെടാത്ത കുറേ മനുഷ്യർ കേരളത്തിൽ ഉണ്ടായിരുന്നു. അവരെ അടിമകൾ എന്നും അയിത്തജാതിക്കാരെന്നും ആണ് ചരിത്രം സംബോധന ചെയ്തത്. ലോകമെമ്പാടും അടിമത്ത സമ്പ്രദായം നിലനിന്നിരുന്നെങ്കിലും ഇന്ത്യയിൽ ജാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു അത്. ഒരു അടിമയ്ക്ക് യാതൊരുവിധ മനുഷ്യാവകാശങ്ങളും ഉണ്ടായിരുന്നില്ല. ജാതിയുടെ ഈ അവസ്ഥയ്ക്ക് ഇരയായ മനുഷ്യർ ഇരുകാലിമാടുകളെപ്പോലെ ജീവിക്കാൻ നിർബന്ധിതരായിരുന്നു. യജമാനന് അടിമയെ കൊല്ലുകയോ വിൽക്കുകയോ ചെയ്യാമായിരുന്നു. ഈ ഭീകര അവസ്ഥയിൽ നിന്ന് രക്ഷാമാർഗം ആയിട്ടായിരുന്നു പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ അഥവാ പൊയ്കയിൽ അപ്പച്ചൻ തന്റെ സാമൂഹിക ആത്മീയ പ്രവർത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

1879 ഫെബ്രുവരി 17 ന് (1054 കുംഭം 5) പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ ശങ്കരമംഗലം എന്ന ക്രിസ്തീയ കുടുംബത്തിലെ അടിയാന്മാർ ആയിരുന്നു മാതാപിതാക്കൾ. മാതാപിതാക്കളായ കണ്ടനും ളേച്ചിയും കുഞ്ഞിന് കുമാരൻ എന്ന പേര് കൊടുത്തു. എന്നാൽ ഇഷ്ടമുള്ള പേര് ഇടുന്നതിന് അടിമ ജനതയ്ക്ക് അവകാശമുണ്ടായിരുന്നില്ല. പേരിന്റെ രൂപത്തിൽ പോലും അടിമത്തം നിറഞ്ഞിരുന്ന സാമൂഹിക സാഹചര്യത്തിൽ “കൊമരൻ” എന്ന് വക്രീകരിച്ച് അടിമപ്പേര് ആക്കി.


ഇതുകൂടി വായിക്കൂ:   മുല്ലമൂടു ഭാഗവതരും ഇടവാബഷീറും


തിരുവിതാംകൂറിൽ അടിമക്കച്ചവടം 1812ലും അടിമത്തം 1855ലും നിയമംമൂലം നിരോധിച്ചിരുന്നു. പക്ഷെ ഒരു നിയമത്തിനും തിരുവിതാംകൂറിലെ അടിമകളെ മോചിപ്പിക്കാൻ പറ്റിയിരുന്നില്ല. അടിയാള കുട്ടി എന്ന നിലയ്ക്ക് യജമാനന്റെ കന്നുകാലികളെ മേയ്ക്കുന്നതായിരുന്നു കുമാരന്റെ ബാല്യത്തിലെ ജോലി. പറയർ, പുലയർ, കുറവർ തുടങ്ങിയ ഉപജാതികളായി അയിത്തം പാലിച്ചിരുന്ന അടിയാള കുടുംബങ്ങളിലെ കുട്ടികൾക്കിടയിൽ അപ്പച്ചൻ ബാല്യകാലത്ത് തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു. ഒരു സാധാരണ കുട്ടിയായി കുട്ടികൾക്കൊപ്പം കളിച്ചുവളർന്ന കുമാരനിൽ അസാധാരണമാംവിധം പക്വതയും കാര്യശേഷിയും തമ്പ്രാക്കന്മാർ കണ്ടിരുന്നു. കുമാരനെ അവർ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടേയിരുന്നു. തേവർകാട് കുടിപ്പള്ളിക്കൂടത്തിൽ നിന്നും അക്ഷരങ്ങൾ പെട്ടെന്നു പഠിച്ചു. വേദപുസ്തകം വായിച്ചു മനസിലാക്കുവാനുള്ള കഴിവ് കുമാരനിൽ പെട്ടെന്നുണ്ടായി. തത്വചിന്താപരമായ തർക്കവിഷയങ്ങൾ തന്റെ ചെറിയ പ്രായത്തിൽതന്നെ തന്റെ കൂട്ടുകാരോട് പങ്കുവച്ചു. ബൈബിൾമാർഗത്തിൽ സഞ്ചരിക്കുവാനും മാർത്തോമ്മാ സഭയിൽ ചേരുവാനും മാതാപിതാക്കൾ അനുവാദം കൊടുത്തു. അങ്ങനെ ബാലനായ കുമാരൻ മാർത്തോമ്മാ സഭയിൽ ചേർന്നു. യോഹന്നാൻ എന്ന പേര് സ്വയം തിരഞ്ഞെടുത്തു. അന്നുമുതൽ തിരുവിതാംകൂറിന്റെ പല മേഖലയിലും യോഹന്നാൻ ഉപദേശി എന്നറിയപ്പെടാൻ തുടങ്ങി. ഉജ്ജ്വലവാഗ്മിയായ യോഹന്നാൻ ക്രിസ്തീയസഭയ്ക്കുള്ളിലും പുറത്തും അറിയപ്പെടാൻ അധികകാലം വേണ്ടിവന്നില്ല. പക്ഷെ യോഹന്നാന്റെ സുവിശേഷപ്രസംഗത്തിൽ ബൈബിൾ മാത്രമല്ലായിരുന്നു വിഷയം. യോഗത്തിനിടയിൽ അടിമസന്തതികളുടെ വിഷയവും അദ്ദേഹം അവതരിപ്പിച്ചു. തങ്ങളുടെ സാമൂഹികപരമായ നീച അവസ്ഥയും അതിന്റെ കാരണത്തെക്കൂടിയും യോഹന്നാൻ അവർക്കുമുമ്പിൽ പറഞ്ഞുകൊടുത്തു.

സുവിശേഷയോഗത്തോടൊപ്പംതന്നെ സാമൂഹികനീതിയും അസമത്വവും വിവേചനവുമെല്ലാം അദ്ദേഹം അടിമ ജനതയ്ക്കു മുമ്പിൽ തുറന്നുകാണിച്ചു. അവരിൽ പ്രതീക്ഷയുടെ പുതിയ വെളിച്ചം തിരികൊളുത്തുകയായിരുന്നു. യോഹന്നാനെ അവർ സാധാരണ ഉപദേശിയായിട്ട് അല്ലായിരുന്നു കണ്ടിരുന്നത്. ഇതൊക്കെ സഭാമേധാവികൾക്ക് വലിയ അസ്വസ്ഥതയുണ്ടാക്കി. അവർ സൂക്ഷ്മതയോടെ യോഹന്നാനെ ശ്രദ്ധിക്കുവാൻ ആരംഭിച്ചു. ക്രിസ്തുമതത്തിലും തങ്ങളെ പിന്തുടരുന്ന ജാതിയെന്ന മഹാവിപത്തിനെ അടിമവർഗം തിരിച്ചറിഞ്ഞത് യോഹന്നാന്റെ രഹസ്യ ഉപദേശത്തിലൂടെയായിരുന്നു. അക്കാലത്ത് രണ്ടുതരം യോഗങ്ങളായിരുന്നു യോഹന്നാൻ ഉപദേശിയുടേത്. ഒന്ന് ബൈബിൾ സംബന്ധിച്ചതും മറ്റൊന്ന് അടിമ ജനതയുടെ വിമോചനമാർഗവും.


ഇതുകൂടി വായിക്കൂ:   രാജ്യദ്രോഹക്കുറ്റ നിയമം ഇല്ലാതാകണം


ലോകത്തിലെ മുഴുവൻ തത്വശാസ്ത്രങ്ങളും യോഹന്നാൻ അടിമ ജനതക്കു മുമ്പിൽ പഠിച്ചു പ്രസംഗിച്ചു. അവിടെയൊന്നും രക്ഷ കാണുന്നില്ലെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു. അടിമ ജനതയുടെ വിമോചനവും രക്ഷയും എങ്ങും വാഗ്ദാനം ചെയ്യുന്നില്ല. ഭീകരമായ ജാതിമർദ്ദനങ്ങളായിരുന്നു ക്രിസ്തുമതത്തിലെത്തിയ അടിമ ജനങ്ങൾക്ക് നേരിടേണ്ടിവന്നത്. സവർണർ ഇത്തരത്തിൽ ക്രൂരമായി പെരുമാറുന്നത് യോഹന്നാനിൽ കലാപം ഉയർത്തി. ക്രൈസ്തവമൂല്യങ്ങൾക്ക് കടകവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ അദ്ദേഹം തന്റെ പ്രസംഗങ്ങളിൽ പരസ്യമായി വിമർശിച്ചുകൊണ്ട് സഭയുടെ ഈ ഇരട്ടത്താപ്പിനെ തുറന്നുകാണിച്ചു. തുടർന്നു നടക്കുന്ന രഹസ്യയോഗങ്ങളിൽ അടിമസന്തതിയുടെ കഷ്ടപ്പാടുകൾ എണ്ണിയെണ്ണി അവർക്കിടയിൽ അവതരിപ്പിച്ചു.

“അടിമവിഷയം’ എന്നൊരു പ്രത്യേക വിഷയത്തിൽ ആധികാരികമായി പലയിടങ്ങളിലും സംസാരിക്കുവാൻ തുടങ്ങി. തിരുവിതാംകൂറിന്റെ പല പ്രദേശങ്ങളിലും യോഹന്നാൻ അവതരിപ്പിച്ച ഈ വിഷയം കേട്ട് കണ്ണുനിറയാത്തവരായി ആരുമില്ല. ആ കണ്ണുനീർ പടർന്നു പന്തലിച്ചു. ഏറെ വൈകിയില്ല, യോഹന്നാൻ ഉപദേശി തങ്ങളുടെ എല്ലാം എല്ലാമായ “അപ്പച്ചൻ’ ആയി മാറി. മുഴുവൻ തത്വശാസ്ത്രത്തെയും അപ്പച്ചൻ യുക്തിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തു. സത്യത്തിൽ ഇത്തരം യോഗങ്ങളെല്ലാംതന്നെ വലിയ സംവാദങ്ങളായിരുന്നു. നിങ്ങൾ നേരിടുന്ന ഏതെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരം ബൈബിളിൽ പറയുന്നുണ്ടോ എന്ന് അപ്പച്ചൻ ചോദിച്ചു. “ബൈബിൾ വായിച്ച് രക്ഷപ്പെടാമെന്ന് നിങ്ങളിലാരെങ്കിലും കരുതുന്നു എങ്കിൽ എഴുന്നേറ്റു നിൽക്കുക”- അവിടെക്കൂടിയ ആരും എഴുന്നേറ്റില്ല. “ഇത് ഞാൻ തീയിലേക്കിടുകയാണ്”- അവിടെ കത്തിച്ച ആഴിയിലേക്ക് അവർ ബൈബിൾ കൂട്ടമായി അഗ്നിയിലേക്കിട്ടു. വാകത്താനത്തെ മുക്കാലിക്കുന്നിലെ യോഗത്തിൽ വച്ചായിരുന്നു ഈ സംഭവം. ഇതിനുശേഷം അപ്പച്ചനെ വധിക്കുവാൻ സവർണക്രൈസ്തവർ പലതവണ ശ്രമിച്ചു. മിക്കപ്പോഴും തലനാരിഴയ്ക്കാണ് അപ്പച്ചനെ അനുയായികൾ രക്ഷപ്പെടുത്തിയത്.


ഇതുകൂടി വായിക്കൂ:   ആളെ കൊല്ലുന്ന മുറിവൈദ്യന്മാർ


അപ്പച്ചൻ സഞ്ചരിച്ച വഴികൾ ജനങ്ങളുടെ മാർഗങ്ങളായി. നിൽക്കുന്ന ഇടം ദേശമായി. ശരീരം അവരുടെ രക്ഷയും സ്വന്തം രാജ്യവുമായി. അപ്പച്ചൻ അവർക്ക് പുതിയ ആകാശവും പുതിയ ഭൂമിയുമായി. “സമാധാനം സമാധാനം, ലോകത്തിന് സമാധാനം’ എന്ന മുദ്രാവാക്യം ഉയർത്തി പ്രക്ഷോഭങ്ങള്‍ നയിച്ചു. യോഗത്തിൽ യുദ്ധത്തിന്റെയും വംശവെറിയുടെയും കിടമത്സരത്തിന്റെയും പശ്ചാത്തലത്തിൽ തലമുറകളുടെ നശ്വരതയെക്കുറിച്ചും ദൈവവ്യവസ്ഥയുടെ അനശ്വരതയെക്കുറിച്ചും സംസാരിച്ചു. ദൈവത്തിന്റെ വ്യവസ്ഥ എന്നത് സ്വാതന്ത്യ്രവും സമാധാനവുമാണെന്ന് അപ്പച്ചൻ പറഞ്ഞു. ഇത്തരത്തിൽ അപ്പച്ചൻ ഉയർത്തിക്കൊണ്ടുവന്ന ചിന്താധാരകൾ സമകാലിക ഇന്ത്യൻ സാമൂഹികവ്യവസ്ഥയുടെ അന്തരീക്ഷത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്.

പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂരിലെ പിആർഡി എസ് ആസ്ഥാനത്ത് അപ്പച്ചന്റെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്നത് വിശുദ്ധ മണ്ഡപത്തിലാണ്. ഒരു തലമുറയ്ക്ക് വെളിപ്പെട്ട “മതിയായ ദൈവ’മായി ഇന്നും ജനങ്ങൾ ആരാധിക്കുന്നു. ശ്രീകുമാര ഗുരുദേവന്റെ 83-ാമത് ദേഹവിയോഗ വാർഷികം ജൂൺ 29നാണ്. ജൂൺ 15 മുതൽ 29 വരെ പ്രത്യക്ഷരക്ഷാ ദൈവസഭ ഉപവാസദിനങ്ങളായി ആചരിച്ചുപോരുന്നു. ശ്രീകുമാര ഗുരുദേവന്റെ ദർശനങ്ങളും ആത്മീയചിന്തകളും കേരളത്തിലെ അടിമസന്തതികളുടെ വിമോചനവും രക്ഷയുമാണ് ലക്ഷ്യംവയ്ക്കുന്നത്. സമകാലിക ഇന്ത്യൻ സാമൂഹിക രാഷ്ട്രീയാന്തരീക്ഷത്തിൽ ഒഴിവാക്കപ്പെടാൻ പറ്റാത്ത ചരിത്രയാഥാർത്ഥ്യം ആയിരുന്നു പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ അഥവാ പൊയ്കയിൽ അപ്പച്ചൻ.

(എഐവൈഎഫ് ഇരവിപേരൂർ മേഖല

സെക്രട്ടറിയാണ് ലേഖകന്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.