പ്രധാൻമന്ത്രി ഫസൽ ഭീമാ യോജന പ്രകാരം കർഷകർക്ക് ലഭിക്കേണ്ട ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് വിവരാവകാശ രേഖകൾ. കഴിഞ്ഞ ഏഴ് മാസത്തിനിടെ കർഷകർ ഇൻഷുറൻസ് നഷ്ടപരിഹാരത്തിനായി നൽകിയ അപേക്ഷകളിൽ ഇനിയും ആനുകൂല്യങ്ങൾ നൽകിയിട്ടില്ല. ഈ ഇനത്തിൽ മാത്രം 3001 കോടി രൂപയാണ് കർഷകർക്ക് ലഭിക്കേണ്ടത്. കഴിഞ്ഞ റാബി സീസണിൽ നൽകേണ്ട നഷ്ടപരിഹാര തുകയാണ് ഏഴ് മാസം കഴിഞ്ഞിട്ടും ലഭിക്കാത്തത്. പ്രധാൻ മന്ത്രി ഫസൽ ഭീമാ യോജന പ്രകാരം അപേക്ഷ നൽകി രണ്ട് മാസത്തിനുള്ളിൽ നഷ്ടപരിഹാര തുക ലഭ്യമാക്കണമെന്നാണ് നിലവിലെ ചട്ടം.
2018–19 വർഷം 21250 കോടി രൂപയുടെ നഷ്ടപരിഹാരത്തിനുള്ള അപേക്ഷകളാണ് നൽകിയത്. ഇതിൽ 18,249 കോടി രൂപ കർഷകർക്ക് വിതരണം ചെയ്തുവെന്നാണ് കൃഷി മന്ത്രാലയം നൽകിയ മറുപടിയിൽ പറയുന്നത്. അപേക്ഷ നൽകിയതിൽ 14 ശതമാനം തുകയായ 3000 കോടി രൂപയാണ് ഇനി കർഷകർക്ക് നൽകാനുള്ളത്. 2018–19ൽ പ്രീമിയം ഇനത്തിൽ ഇൻഷുറൻസ് കമ്പനികൾ 25,822 കോടി രൂപയാണ് സമാഹരിച്ചത്. മഹാരാഷ്ട്രയാണ് കൂടുതൽ തുക കർഷകർക്ക് അനുവദിച്ചത്. 4398 കോടി രൂപയാണ് കർഷകർക്ക് നൽകിയത്. ഗുജറാത്ത് 2777 കോടി രൂപ അനുവദിച്ചു. ആന്ധ്രാപ്രദേശാണ് ഏറ്റവും കൂടുതൽ തുക അനുവദിക്കാനുള്ളത്. 875 കോടി രൂപയാണ് കുടിശികയുള്ളത്. മധ്യപ്രദേശ് ഒരു രൂപ പോലും കർഷകർക്ക് അനുവദിച്ചിട്ടില്ല. 658 കോടി രൂപയുടെ നഷ്ടപരിഹാരത്തിനുള്ള അപേക്ഷകളാണ് കുടിശികയുള്ളത്. രാജസ്ഥാൻ, ഝാർക്കണ്ഡ് എന്നീ സംസ്ഥാനങ്ങൾ യഥാക്രമം 400, കോടി, 370 കോടി രൂപയുമാണ് വിതരണം ചെയ്യാനുള്ളത്.
രണ്ട് മാസത്തിനുള്ളിൽ ഇൻഷുറൻസ് നഷ്ടപരിഹാര തുക കർഷകർക്ക് നൽകിയില്ലെങ്കിൽ 12 ശതമാനം പലിശ നൽകണമെന്ന് കേന്ദ്ര സർക്കാർ ഇൻഷുറൻസ് കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ 3000 രൂപ കുടിശിക ഉണ്ടായിട്ടും ഒരു നയാ പൈസ പോലും ഈ ഇനത്തിൽ നൽകിയിട്ടില്ലെന്നും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പ്രീമിയം ഒടുക്കുന്നതിലുള്ള വീഴ്ച്ചയാണ് നഷ്ടപരിഹാര തുക നൽകുന്നത് വൈകാനുള്ള കാരണമായി ഇൻഷുറൻസ് കമ്പനികൾ പറയുന്നത്. എന്നാൽ പ്രീമിയം ഒടുക്കുന്നതിൽ സംസ്ഥാന സർക്കാരുകളാണ് വീഴ്ച്ച വരുത്തിയതെന്ന് കേന്ദ്ര സർക്കാർ ആരോപിക്കുന്നു. 2018–19 വർഷത്തിൽ പ്രീമിയം ഇനത്തിൽ നൽകേണ്ട തുക ഇനിയും മധ്യപ്രദേശ് സർക്കാർ നൽകിയിട്ടില്ല.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.