Web Desk

പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന(3)

March 30, 2020, 9:47 pm

ദരിദ്ര ജനകോടികളെ തുറിച്ചുനോക്കുന്നത് പട്ടിണിയും അനിശ്ചിതത്വവും

Janayugom Online

കോവിഡ് മഹാമാരി മുന്നറിയിപ്പുകള്‍ക്ക് അനുസൃതമായി ആസൂത്രിത പ്രതിരോധ പദ്ധതികളും മഹാഭൂരിപക്ഷം വരുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കും സഹായകമാവേണ്ട സമാശ്വാസ പരിപാടികളും ആവിഷ്കരിക്കുന്നതില്‍ മോഡി ഭരണകൂടം അക്ഷന്തവ്യമായ കാലവിളംബവും വീഴ്ചയുമാണ് വരുത്തിയത്. അത് മറച്ചുവയ്ക്കാന്‍ ത്സടിതിയില്‍ തട്ടിക്കൂട്ടിയ ‘പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന’ യാവട്ടെ കേന്ദ്രസര്‍ക്കാരിന്റെ പതിവ് ‘ജൂമ്‌ല’കളില്‍ ഒന്നാണെന്ന് പദ്ധതിയുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. 1.7 ലക്ഷം കോടിയുടെ പദ്ധതിയുടെ സിംഹഭാഗവും ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ ആവര്‍ത്തനം മാത്രമാണെന്നു കാണാം. ബജറ്റ് ചട്ടക്കൂടില്‍ ഒതുക്കി നിര്‍ത്തിയ പദ്ധതിയില്‍ കമ്മി വര്‍ധിപ്പിക്കുന്ന യാതൊന്നും ഇല്ലെന്നുതന്നെ പറയാം. മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കുമെന്ന പ്രതീതി പ്രഖ്യാപനം നല്‍കുന്നുണ്ടെങ്കിലും അവയില്‍ പലതും ദീര്‍ഘകാല അടിസ്ഥാനത്തില്‍ നിറവേറ്റപ്പെടുന്നതും അപ്രായോഗികവുമായ നിര്‍ദേശങ്ങളാണ്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ മൊത്തം തുകയുടെ മൂന്നില്‍ ഒന്നില്‍ അല്പം കൂടുതല്‍ വരുന്ന 60,000 കോടി രൂപയുടെ പദ്ധതി നേരിട്ട് ബാങ്ക് വഴി പണം കെെമാറുന്ന ഡിബിടി പദ്ധതികളാണ്. അടച്ചുപൂട്ടലിന്റെ കെടുതി നേരിടുന്നവര്‍ക്ക് അടിയന്തിര ധനസഹായം എത്തിക്കുക എന്നതാണ് അതിന്റെ പ്രഖ്യാപിത ലക്ഷ്യം. അവയില്‍ പ്രമുഖം പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം കിസാന്‍), മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയാണ്. പി എം കിസാന്‍ കര്‍ഷകര്‍ക്ക് 2000 രൂപയുടെ മൂന്ന് ഗഡുക്കളായി പ്രതിവര്‍ഷം 6000 രൂപ വാഗ്ദാനം ചെയ്യുന്നു.

അതില്‍ നിന്ന് 2000 രൂപയുടെ ആദ്യ ഗഡു ഏപ്രില്‍ മാസം നല്‍കുമെന്നാണ് പ്രഖ്യാപനം. കടുത്ത പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന കര്‍ഷകരുടെ ദുരിതം പലമടങ്ങ് വര്‍ധിപ്പിക്കുന്ന സ്തംഭനാവസ്ഥയാണ് കോവിഡ് സൃഷ്ടിക്കുന്നത്. എന്നാല്‍ ‘അന്നദാതാ’ എന്ന ആവര്‍ത്തിച്ചുള്ള വായ്ത്താരിയൊഴിച്ച് ഇപ്പോഴത്തെ പ്രഖ്യാപനം കര്‍ഷകര്‍ക്ക് പുതുതായി യാതൊന്നും നല്‍കുന്നില്ല. പി എം കിസാന്‍ പദ്ധതി പ്രകാരം 2018–19, 2019–20 കാലയളവില്‍ 95,000 കോടി രൂപ മൊത്തം വകയിരുത്തിയിരുന്നു. എന്നാല്‍ അതില്‍ 56,000 കോടി മാത്രമാണ് ചെലവഴിക്കാനായത്. ചെലവഴിക്കാത്ത 39,000 കോടി രൂപയെപ്പറ്റി നിര്‍മ്മലാ സീതാരാമന് ഉരിയാട്ടമില്ല. മോഡി സര്‍ക്കാരിന്റെ കര്‍ഷകപ്രേമം അര്‍ത്ഥപൂര്‍ണമാകണമെങ്കില്‍ ചെലവഴിക്കാത്ത ആ തുക കൂടി 8.69 കോടി കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ തയാറാവണം. അതിന് തയാറാവാതെ ‘ജെയ് കിസാന്‍’ മുദ്രാവാക്യം തികഞ്ഞ കാപട്യമാണെന്ന് കരുതേണ്ടിവരും. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയാവട്ടെ ഒന്നാം യുപിഎ സര്‍ക്കാരിന്റെ സംഭാവനയും എന്‍ഡിഎ ഭരണത്തില്‍ തികഞ്ഞ അവഗണന നേരിടുന്ന ഒന്നുമാണ്.

തൊഴിലുറപ്പു വേതനം 182ല്‍ നിന്നും 202 രൂപയാക്കിയെന്നാണ് അവകാശവാദം. എന്നാല്‍ രാജ്യത്തെ ആറ് സംസ്ഥാനങ്ങളില്‍ മാത്രമാണ് ദിവസവേതനം 202രൂപയില്‍ താഴെയുള്ളതെന്നാണ് വസ്തുത. ഹരിയാന 309രൂപയും കേരളം 291 രൂപയും ഇപ്പോള്‍ത്തന്നെ വേതനമായി നല്‍കിവരുന്നുണ്ട്. കേന്ദ്രം 2019–20ലെ കുടിശികയിനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് 1800 കോടി രൂപ നല്‍കാനുള്ളതിനെപ്പറ്റി മൗനം ദീക്ഷിക്കുന്നു എന്നത് പ്രഖ്യാപനത്തിന്റെ പൊള്ളത്തരമാണ് തുറന്നുകാട്ടുന്നത്. അതിനെല്ലാം പുറമെയാണ് അടച്ചുപൂട്ടലിന്റെയും സാമൂഹ്യ അകലം പാലിക്കലിന്റെയും കൊറോണ കാലത്ത് എങ്ങനെ തൊഴിലുറപ്പു പദ്ധതി നടപ്പാക്കുമെന്നതിനെപ്പറ്റിയുള്ള നിശബ്ദത. ഈ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കുടിശിക തീര്‍ത്തുനല്‍കാനും നിശ്ചിത കാലയളവിലെ വേതനം മുന്‍കൂറായി നല്‍കാനും മോഡി ഭരണകൂടം തയാറാകുമോ?. തൊഴില്‍ദിനങ്ങള്‍ വര്‍ധിപ്പിക്കണമെന്ന വ്യാപകമായ ആവശ്യത്തെപ്പറ്റിയും പ്രഖ്യാപനം നിശബ്ദമാണ്. പിഎംജികെവെെ പ്രഖ്യാപനത്തിന്റെ ഏറ്റവും പ്രകടമായ വീഴ്ച അത് ദിവസ വേതനക്കാരായ കൂലിപ്പണിക്കാരെയും കുടിയേറ്റ തൊഴിലാളികളെയും ദശലക്ഷങ്ങള്‍ വരുന്ന മത്സ്യത്തൊഴിലാളികള്‍ അടക്കം പരമ്പരാഗത തൊഴില്‍രംഗത്തെ പട്ടിണിപാവങ്ങളെയും അപ്പാടെ അവഗണിച്ചിരിക്കുന്നു എന്നതാണ്. കോവിഡിനെ പ്രതിരോധിക്കാന്‍ രാജ്യം സമ്പൂര്‍ണ അടച്ചിടലിലായപ്പോള്‍ ഈ ദരിദ്ര ജനവിഭാഗങ്ങളെ തുറിച്ചുനോക്കുന്നത് പട്ടിണിയും അനിശ്ചിതത്വവും മാത്രമാണ്.

(അവസാനിച്ചു)

You may also like this video