Web Desk

March 28, 2020, 9:36 pm

കുടിയേറ്റ തൊഴിലാളികള്‍ കേന്ദ്ര ഭരണകൂട പീഡനത്തിന്റെ ആദ്യ ഇരകള്‍

Janayugom Online

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ധന‑കോര്‍പ്പറേറ്റ്കാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ച നരേന്ദ്രമോഡി സര്‍ക്കാരിന്റെ 1.7 ലക്ഷം കോടി രൂപയുടെ ‘പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന’ ‘പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍’ നിറച്ചതാണെന്ന് പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍, നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പാവങ്ങള്‍ എന്നിങ്ങനെ കോടാനുകോടി വരുന്ന ദരിദ്ര ജനവിഭാഗങ്ങളെ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നായിരുന്നു പ്രഖ്യാപനം. ഡല്‍ഹി, മുംബെെ തുടങ്ങിയ നഗരങ്ങളില്‍ നിന്നും പഞ്ചാബ്, ഹരിയാന, ജമ്മു-കശ്മീര്‍, ഹിമാചല്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ‘ദേശീയ അടച്ചുപൂട്ടലി‘നെ തുടര്‍ന്ന് യുപിയിലും ബിഹാറിലും ഗുജറാത്തിലുമുള്ള തങ്ങളുടെ ഗ്രാമങ്ങളിലേക്ക് നിശ്ചലങ്ങളായ ദേശീയപാതകളിലൂടെ നീങ്ങുന്ന പതിനായിരക്കണക്കിനു കുടിയേറ്റ തൊഴിലാളികള്‍ മോഡി സര്‍ക്കാരിന്റെ അവകാശവാദത്തിന്റെ പൊള്ളത്തരമാണ് തുറന്നുകാട്ടുന്നത്. കേരളമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദശലക്ഷക്കണക്കിനു തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്.

1947ല്‍ രാഷ്ട്രവിഭജനത്തെ തുടര്‍ന്ന് പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുണ്ടായ ദുരന്തപൂര്‍ണമായ പലായനത്തെ അനുസ്മരിപ്പിക്കുന്ന കൂട്ടപലായനത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഒരു പരിഷ്കൃത സമൂഹത്തിനും അംഗീകരിക്കാന്‍ കഴിയാത്ത ദുരന്തത്തെയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. നൂറുകണക്കിനു കിലോമീറ്റര്‍ തീര്‍ത്തും പ്രതികൂലമായ കാലാവസ്ഥയില്‍ മതിയായ ഭക്ഷണവും കുടിവെള്ളവും കിട്ടാതെ മരണഭയത്തോടുള്ള പലായനമാണ് നടക്കുന്നത്. കോടിക്കണക്കിനു വരുന്ന ഈ ദരിദ്രജനവിഭാഗം നേരിടുന്ന കൂട്ടായ പീഡനത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മോഡി ഭരണകൂടത്തിന് കെെകഴുകാനാവില്ല. കോവിഡ് മഹാമാരിയുടെ വരവിനെപ്പറ്റിയുള്ള എല്ലാ മുന്നറിയിപ്പുകളും അവഗണിച്ച കേന്ദ്ര ഭരണകൂടത്തിനാണ് ഇപ്പോഴത്തെ മനുഷ്യ ദുരന്തത്തിന്റെ ഉത്തരവാദിത്വം. ചെെന കോവിഡ് മഹാവ്യാധി ജനുവരി 21ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതിന്റെ പ്രഭവകേന്ദ്രമായ ഹൂബെ പ്രവശ്യയടക്കം വിപുലമായ മേഖലകള്‍ അടച്ചുപൂട്ടി. അതിനു മുമ്പ്, ജനുവരി 10നു തന്നെ, ലോകാരോഗ്യ സംഘടന നൊവല്‍ കൊറോണ മുന്നറിയിപ്പ് ലോകരാഷ്ട്രങ്ങള്‍ക്ക് നല്‍കിയിരുന്നു. തീവ്ര ആഗോള അപകട സാധ്യത അവര്‍ ജനുവരി 24ന് നല്‍കി.

മാര്‍ച്ച് 13നു മഹാമാരിയുടെ പുതിയ കേന്ദ്രമായി യൂറോപ്പിനെ അവര്‍ പ്രഖ്യാപിച്ചു. എന്നിട്ടും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും മാനുഷിക പ്രതിസന്ധിയെ നേരിടാന്‍ പദ്ധതികള്‍ തയ്യാറാക്കാനും കേന്ദ്രം ഗുരുതരമായ കാലവിളംബം വരുത്തി. മാര്‍ച്ച് 19ന് മാത്രമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ മുതിര്‍ന്നത്. 22നു ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അപ്പോഴും കോടിക്കണക്കിനു വരുന്ന കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കുന്നതിനൊ അവരെ സ്വന്തം ഭവനങ്ങളിലേക്ക് തിരിച്ചയക്കുന്നതിനൊ യാതൊരു നിര്‍ദേശവും ഭരണകൂടത്തിന് മുന്നോട്ടുവയ്ക്കാനായില്ല. മധ്യപ്രദേശില്‍ തങ്ങള്‍ സംഘടിപ്പിച്ച കുതിരക്കച്ചവടം പൂര്‍ത്തിയാക്കി പാര്‍ലമെന്റ് സമ്മേളനം അവസാനിപ്പിച്ച് 24നു രാത്രി എട്ട് മണിക്ക് പ്രധാനമന്ത്രി രാജ്യത്തിന്റെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു. പാര്‍ലമെന്റ് അംഗങ്ങള്‍ക്കും സമ്പന്നര്‍ക്കും ശക്തര്‍ക്കും തങ്ങളുടെ വസതികളുടെ സുരക്ഷിതത്വത്തില്‍ എത്തിച്ചേരാന്‍ അവസരം ഒരുക്കി. രാജ്യത്തെ ഏറ്റവും ദരിദ്ര ജനവിഭാഗങ്ങളെ അവരുടെ വിധിക്ക് വിട്ടുനല്‍കുന്ന ഭരണകൂട ക്രൂരതയാണ് തുടര്‍ന്ന് അരങ്ങേറിയത്.

രാജ്യത്തെ ഏറ്റവും അരക്ഷിത ജനവിഭാഗങ്ങള്‍ക്കു വേണ്ടി എന്ന പേരില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന’ അതുകൊണ്ട് പ്രയോജനം ലഭിക്കേണ്ട പതിനായിരങ്ങളെയാണ് തെരുവാധാരമാക്കിയത്. അവര്‍ കൂട്ടത്തോടെയുള്ള ഭരണകൂട പീഡനത്തിന്റെയും ഭരണകൂട അനാസ്ഥയുടെയും ഭരണ ആസൂത്രണ വീഴ്ചയുടെയും ഇരകളായിരിക്കുന്നുവെന്നു മാത്രമല്ല, മഹാമാരിയുടെ കാലത്തെ ഈ കൂട്ടപലായനം പകര്‍ച്ചവ്യാധിയടക്കം എന്തെല്ലാം ദുരന്തങ്ങളാണ് കാത്തുസൂക്ഷിച്ചിരിക്കുന്നതെന്ന് കാത്തിരുന്നു കാണുകയെ നിവൃത്തിയുള്ളു.

(അവസാനിക്കുന്നില്ല)