പ്രദീപ് കുമാറിന് അനുഗ്രഹവുമായി കോലത്തി

Web Desk
Posted on March 13, 2019, 8:46 pm

കോഴിക്കോട്: പാണ്ടിപ്പാടം കയര്‍ സഹകരണ സംഘത്തില്‍ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി എ പ്രദീപ് കുമാര്‍ എത്തുമ്പോള്‍ സമയം പന്ത്രണ്ടു മണി. കത്തുന്ന ഉച്ചവെയിലില്‍ വാടിത്തളര്‍ന്നിട്ടും വയസ് തൊണ്ണൂറ്റി മൂന്ന് പിന്നിട്ട പാലക്കല്‍ കോലത്തിക്ക് ആവേശത്തിനൊട്ടും കുറവില്ല. സ്ഥാനാര്‍ത്ഥി പ്രദീപ് കുമാറിനെ പേരുവിളിച്ച് അഭിസംബോധന ചെയ്യാന്‍ രണ്ടു തവണ കോലത്തി ശ്രമിച്ചെങ്കിലും വായയില്‍ പല്ലൊന്നുമില്ലാത്തതിനാല്‍ പരാജയപ്പെട്ടു. എങ്കിലും കോലത്തി തോറ്റില്ല. അവര്‍ പറഞ്ഞു ‘സാനാര്‍ത്തീന്റെ പേര് പറയാന്‍ ഇനിക്ക് പല്ലില്ലാ… ന്നാലും മ്മളെ അരിവാളും ചുറ്റികേം തന്നെ ജയ്ക്കും.. ഈ മോനും” പ്രദീപ് കുമാറിന്റെ തോളത്ത് തട്ടി അവര്‍ പറഞ്ഞു.
തൊണ്ണൂറ്റിമൂന്ന്കാരിയായ പാലക്കല്‍ കോലത്തി എന്ന പഴയകാല കയര്‍ തൊഴിലാളിക്ക് ഓര്‍മ്മ മങ്ങിയെങ്കിലും തന്റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് മാറ്റം വന്നിട്ടില്ല.
കോലത്തിയെ പോലെ നിരവധി ആളുകളാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാര്‍ത്ഥിയെ കാത്തു നില്‍ക്കുന്നത്. എം എല്‍ എ എന്ന നിലയില്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ എ പ്രദീപ് കുമാറിന് മത്സരത്തില്‍ അനായസമായ വിജയം ഉറപ്പാണെന്ന് എല്ലാവരും പറയുന്നു. ഓരോ മണ്ഡലത്തിലെയും പ്രധാനപ്പെട്ട ആളുകളെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കുകയാണ് പ്രദീപ് കുമാര്‍.