പ്രദോഷ ചിത്രങ്ങള്‍

Web Desk
Posted on June 16, 2019, 10:27 am

എം ആര്‍ അനില്‍കുമാര്‍

അമ്മക്ക് പ്രായം എഴുപത്തിയെട്ട്
ഏഴാം പേജിലെ ചരമ കോളത്തില്‍
എടുത്തു ചാടുന്നു അതിപ്രഭാതത്തില്‍
എഴുപത് കഴിഞ്ഞോര്‍ തന്‍ ബന്ധുമിത്രങ്ങള്‍ക്കൊപ്പം
കണ്ണീരില്‍ കുളി, പ്രാര്‍ത്ഥന

അമ്മയ്ക്ക് കോപം മൂക്കത്ത്
മൂവന്തി നേരം
മുറ്റത്തെ പ്ലാവില്‍
മൂങ്ങായിരുന്നൊന്ന്
മൂളിയെന്നാല്‍
കാലന്‍കോഴി കൂവിയെന്നാല്‍
വലിഞ്ഞു കേറിയ നായ നീട്ടി നീട്ടി ഓരിയിട്ടാല്‍.…..

അമ്മക്ക് ഓര്‍മ്മ അസാധ്യം!
അപ്പൂപ്പന്റെ ശ്രാദ്ധം
അച്ഛന്റെ ഓര്‍മ്മ ദിനം
അയലത്തെ അമ്മിണി
വെള്ളത്തില്‍ വീണത്
ജനിച്ച് അഞ്ചിന്റന്ന്
ചൂല പിടിപെട്ടു മരിച്ച
മൂത്ത മകന്‍
നെഞ്ചില്‍ മുത്തിയ നൊമ്പരം.….

അമ്മക്ക് വാത്സല്യം
വാനോളം
ഉണ്ണാനിരിക്കുമ്പോള്‍
ഒരു പിടി വറ്റ് കാക്കയ്ക്ക്
നേരെ എറിഞ്ഞു കൊണ്ട്
വേലിക്കല്‍ നാമ്പിട്ട കറുക തലപ്പിനും
ഒരു മൊന്ത വെള്ളം തളിച്ചു കൊണ്ട്
തൊടിയിലെ മാവിന്റെ
കടയ്ക്കലും കോടാലി
വീഴാതെ നേരോടെ
കാത്തുകൊണ്ട്.….

അമ്മയ്ക്ക് പേടി പനിക്കുവോളം
മരിച്ച വീട്ടിലെ കരച്ചില്‍ കേട്ടെന്നാല്‍
കറുത്ത വാവിന്
പുറത്തിറങ്ങിയാല്‍
ജ്വലിക്കും ബോധത്തിന്‍
തിരിയണഞ്ഞുടന്‍
ഉറക്ക ഗര്‍ത്തത്തില്‍
പതിക്കും മാത്രയെ.…