10 October 2024, Thursday
KSFE Galaxy Chits Banner 2

മുന്നണി രാഷ്ട്രീയത്തിലെ പ്രായോഗിക കമ്മ്യൂണിസ്റ്റ്

ജയ്സണ്‍ ജോസഫ്
September 12, 2024 10:24 pm

കോൺഗ്രസിന്റെ ഏകകക്ഷി ഭരണത്തില്‍ നിന്ന് മുന്നണി രാഷ്ട്രീയത്തിലേക്ക് ഇന്ത്യ ചുവടുമാറുന്ന കാലം. പ്രായോഗിക രാഷ്ട്രീയത്തിൽ എന്ത് നിലപാടെടുക്കണമെന്ന കാര്യത്തിൽ ഏറ്റവും വ്യക്തതയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ മുന്‍നിരയിലായിരുന്നു സീതാറാം യെച്ചൂരി. വർഗീയ കക്ഷികളെ പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിർത്താനുള്ള പ്രായോഗികവും രാഷ്ട്രീയവുമായ മുന്‍നിര ചർച്ചകളിലെല്ലാം സിപിഐ ജനറല്‍ സെക്രട്ടറിയായിരുന്ന എ ബി ബര്‍ധനൊപ്പം യെച്ചൂരി നിറഞ്ഞുനിന്നു. ബാബറി മസ്ജിദിന്റെ തകർച്ചയ്ക്ക് ശേഷം, 1990കളുടെ മധ്യത്തില്‍ ദേശീയ രാഷ്ട്രീയം അസ്ഥിരമായിപ്പോയ ഘട്ടത്തിൽ വർഗീയ വിരുദ്ധ കക്ഷികളെ ഏകോപിപ്പിക്കുന്നതിൽ ഈ പങ്കാളിത്തം യെച്ചൂരി വ്യക്തമായി അടയാളപ്പെടുത്തിയിട്ടുമുണ്ട്. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ആദ്യ യുപിഎ സർക്കാറിന്റെ കാലത്ത് പൊതുമിനിമം പരിപാടിയെന്ന ആശയം രൂപപ്പെടുത്തുന്നതിലും അത് നടപ്പാക്കിയെടുക്കുന്നതിലും യെച്ചൂരിക്ക് നിര്‍ണായക പങ്കാളിത്തമുണ്ട്. യുപിഎ സർക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിൻവലിക്കുമ്പോഴും ആ നിലപാടിന് പിന്നിൽ യെച്ചൂരിയടങ്ങുന്ന ഇടതു നേതൃത്വമായിരുന്നു. പിന്തുണ പിൻവലിക്കുന്നതിൽ ഇടതുപക്ഷം ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തിനൊപ്പം നിൽക്കുകയാണ് അദ്ദേഹം ചെയ്തതെന്ന് പിന്നീട് ചില മാധ്യമങ്ങള്‍ വിലയിരുത്തിയിരുന്നു.

കോൺഗ്രസിന് പിന്തുണ നല്‍കുമ്പോഴും നവ-ഉദാരീകരണ നയങ്ങളോട് യെച്ചൂരി എക്കാലത്തും വിയോജിച്ചു. 2005 ജൂലൈയിൽ ബംഗാളിൽനിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭയെ ജനകീയ പ്രശ്നങ്ങളുടെ ചർച്ചാവേദിയാക്കുന്നതിൽ അദ്ദേഹത്തിന്റെ ഇടപെടൽ ഏറെ സഹായിച്ചു. രണ്ടാം യുപിഎ ഭരണത്തില്‍ അഴിമതിയിൽ കുളിച്ച പല പദ്ധതികളെയും തുറന്നെതിർത്തു. അത് പാർലമെന്റിൽ അവതരിപ്പിക്കാൻ മുൻകയ്യെടുക്കുകയും കാപട്യം പൊളിച്ചടുക്കുകയും ചെയ്തു. പാർലമെന്ററി രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് പ്രഭ മങ്ങിയ ഘട്ടത്തിലാണ് യെച്ചൂരി സിപിഐ (എം)ന്റെ അമരത്തെത്തുന്നത്. ബംഗാളിലും കേരളത്തിലും ത്രിപുരയിലും ഭരിക്കുകയും ലോക്‌സഭയിലും രാജ്യസഭയിലുമായി നിരവധി എംപിമാരുമുണ്ടായിരുന്ന പാർട്ടി ഇക്കാലങ്ങളില്‍ നേരിട്ടത് വലിയ തിരിച്ചടിയാണ്. ഇടതുപക്ഷത്തിനും സിപിഐ(എം)നും പാർലമെന്ററി രാഷ്ട്രീയത്തിൽ വലിയ തിരിച്ചടി നേരിട്ടിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുകയും തിരുത്താൻ ആവശ്യമായ നടപടികൾ വേണമെന്ന് പറയുകയും നിര്‍ണായക ഇടപെടലുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട് യെച്ചൂരി.
2024ൽ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെതിരെ കോൺഗ്രസും ഇടതുകക്ഷികളും പ്രാദേശിക പാർട്ടികളുമെല്ലാം ചേർന്നുള്ള ‘ഇന്ത്യ’ സഖ്യം രൂപീകരിക്കുമ്പോഴും ചർച്ചകളിൽ സീതാറാം യെച്ചൂരി മുന്നിൽത്തന്നെ നിന്നു. രാഹുൽഗാന്ധിയുമായുള്ള വ്യക്തിപരവും രാഷ്ട്രീയവുമായ സൗഹൃദവും അടുപ്പവും ദേശീയതലത്തിൽ ഇടതുപക്ഷവും കോൺഗ്രസും തമ്മിലുള്ള വിനിമയങ്ങളുടെ അടിത്തറയായി വർത്തിച്ചു. ‘ഇന്ത്യ’ സഖ്യത്തിന്റെ പുരോഗമനപരമായ പല രാഷ്ട്രീയമുന്നേറ്റങ്ങള്‍ക്കും ഈ ബന്ധം രാസത്വരകമായി.

ബംഗാളിൽ പാർട്ടി ശിഥിലമായ ശേഷം കോൺഗ്രസിനൊപ്പം ചേർന്ന് മത്സരിക്കാമെന്ന ധാരണയുണ്ടാക്കുന്നതും യെച്ചൂരിയാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനോട് ചേർന്നാണ് ബംഗാളിൽ ഇടതുപക്ഷം മത്സരിച്ചത്. നിരവധി തവണ നടന്ന ചർച്ചകൾക്കൊടുവിലാണ് കോൺഗ്രസിനോടൊപ്പം മത്സരിക്കാമെന്ന തീരുമാനത്തിലേക്കെത്തുന്നത്. ചർച്ചകളുടെ തുടക്കം മുതൽ പാർലമെന്ററി രാഷ്ട്രീയത്തിൽ കോൺഗ്രസിനൊപ്പം മത്സരിക്കുന്നതിൽ തെറ്റില്ലെന്ന നിലപാടാണ് യെച്ചൂരിയെടുത്തത്. “ഞാൻ ജനിച്ചത് ഒരു ഹിന്ദു കുടുംബത്തിലാണ്. ഹൈന്ദവ ആചാര പ്രകാരമുള്ള ചടങ്ങുകളെല്ലാം 11-ാം വയസിൽ ചെയ്തു. എല്ലാ വേദങ്ങളും പഠിച്ചു. ഇപ്പോൾ എന്നോട് ചോദിക്കുന്നു, സീതാറാം എന്ന പേരുള്ള, എല്ലാ വേദങ്ങളിലും അറിവുള്ള നിങ്ങളെങ്ങനെ കമ്മ്യൂണിസ്റ്റായി മാറിയെന്ന്. ഞാൻ കമ്മ്യൂണിസ്റ്റായത് ഇതെല്ലാം പഠിച്ച് വളർന്നതുകൊണ്ട് തന്നെയാണ്, ” എംപിയായിരിക്കേ പാർലമെന്റിനകത്ത് ഒരു ചർച്ചക്കിടയിൽ യെച്ചൂരി പറഞ്ഞതാണിത്. സീതാറാമിന്റെ രാഷ്ട്രീയ ദിശാബോധം പരുവപ്പെട്ടത് സ്വയമുണ്ടായ തിരിച്ചറിവുകളിൽ നിന്നും ആഴത്തിലുള്ള വായനയിൽ നിന്നുമായിരുന്നു. അതിനാൽത്തന്നെ ഉറച്ച ബോധ്യത്തോടുകൂടിയാണ് യെച്ചൂരി ഇടതുരാഷ്ട്രീയ മണ്ഡലത്തിൽ നിലയുറപ്പിച്ചതും നിലപാടെടുത്തതും നയിച്ചതും.
മാധ്യമ പ്രവർത്തകരോട് പാർട്ടി കാര്യങ്ങൾ വിശദീകരിക്കുമ്പോഴോ പാർലമെന്റിൽ, ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ അവതരിപ്പിക്കുമ്പോഴോ യെച്ചൂരി സൗമ്യത കൈവിട്ടിട്ടില്ല. അത് സ്വതസിദ്ധമായിരുന്നു. സിപിഐ(എം) രാഷ്ട്രീയത്തിൽ ഇഎംഎസിൻെറയും ജ്യോതിബസുവിന്റെയും കൈപിടിച്ച് വളർന്ന യെച്ചൂരി, ഹർകിഷൻ സിങ് സുർജിത്ത് തെളിച്ച പാതയിലൂടെയാണ് പാർട്ടിയെ നയിച്ചതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. 1996ൽ ജ്യോതിബസുവിനെ ഇന്ത്യൻ പ്രധാനമന്ത്രിയാക്കാൻ കിട്ടിയ അവസരം വേണ്ടെന്ന് വാദിച്ച പ്രധാനികളില്‍ ഒരാൾ യെച്ചൂരിയായിരുന്നുവെന്നും പിന്നീട് വെളിപ്പെട്ടിരുന്നു.
വ്യക്തിബന്ധങ്ങൾക്കപ്പുറം രാഷ്ട്രീയത്തിൽ നിലപാടിനും പാർട്ടി തീരുമാനങ്ങൾക്കും തന്നെയാണ് യെച്ചൂരി എന്നും വിലകല്പിച്ചത്. ഒരു കമ്മ്യൂണിസ്റ്റുകാരന് ഇന്ത്യൻ പ്രധാനമന്ത്രിയാവാനുള്ള അവസരം തുലച്ചുവെന്ന് പിന്നീട് പാർട്ടി നേതാക്കളിൽ പലരും ആവര്‍ത്തിച്ചിട്ടും, ‘ചരിത്രപരമായ മണ്ടത്തരം’ എന്ന പ്രയോഗം നിരന്തരം ഉയര്‍ന്നപ്പോഴും എടുത്ത തീരുമാനത്തിൽ പുനർവിചിന്തനമോ നിലപാട് മാറ്റമോ യെച്ചൂരിയില്‍ ഉണ്ടായില്ല.
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തുടങ്ങി, ഇടതു സംഘടനാ നേതൃത്വത്തിന്റെ മുൻനിരയിൽ നിന്ന്, ഹിന്ദുത്വ രാഷ്ട്രീയത്തിനും സംഘ്പരിവാറിനുമെതിരെ അടിയുറച്ച നിലപാടുകളെടുത്ത് സീതാറാം പ്രസ്ഥാനത്തെ നയിച്ചു. വലതുപക്ഷത്തിന്റെ നവ-ഉദാരീകരണ നയങ്ങൾക്ക് ബദൽ വേണമെന്ന് വാദിച്ചു. ഉദാഹരണമായി കേരളാ ബദലിനെ ഉയര്‍ത്തിക്കാട്ടി. കർഷക‑തൊഴിലാളി-ബഹുജനങ്ങളെ ചേർത്തുള്ള സമരങ്ങളില്‍ നിന്ന് ആവേശവും അനുഭവവും ഉള്‍ക്കൊള്ളാന്‍ ഉപദേശിച്ചു. പ്രായോഗിക രാഷ്ട്രീയത്തിലും ചുവടുകൾ തന്ത്രപരമായിരുന്നു. ദേശീയ തലത്തില്‍ മുന്നണി രാഷ്ട്രീയത്തിന് അടിത്തറ പണിത കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ എണ്ണപ്പെട്ടയാള്‍ എന്ന് കാലത്തിന് സീതാറാം യെച്ചൂരിയെ അടയാളപ്പെടുത്താം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.