നദിക്ക് കുറുകെ റോപ്പിട്ടു; ഗര്‍ഭിണിയും കുഞ്ഞും ഇക്കരെയെത്തി

Web Desk
Posted on August 10, 2019, 3:08 pm

പാലക്കാട്: നദിക്ക് കുറുകെ റോപ്പിട്ട് ഗര്‍ഭിണിയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തി. അട്ടപ്പാടിയില്‍ ആറുദിവസമായി തുടരുന്ന പേമാരിയില്‍ കുത്തിയൊഴുകുന്ന ഭവാനിപ്പുഴയുടെ കരയില്‍ നിരവധി പേര്‍ കുടുങ്ങുകയായിരുന്നു. ഇതിനെതുടര്‍ന്ന്, ഗര്‍ഭിണിയടക്കം ഒട്ടേറെ പേരെ രക്ഷപ്പെടുത്തി.

അറുപതുകാരിയായ പഴനിയമ്മയെ ആദ്യം പുഴയ്ക്കു മുകളിലൂടെ കയറില്‍ ഇക്കരെ എത്തിച്ചു. മകന്‍ മുരുകേശനും പേരക്കുട്ടി മൈനയും അവര്‍ക്കു പിന്നാലെ ഇക്കരയെത്തി. മൈനയെ നെഞ്ചോടു ചേര്‍ന്നു പൊതിഞ്ഞാണ് മുരുകേശിനൊപ്പം മറുകരയില്‍ എത്തിച്ചത്.

എട്ടുമാസം ഗര്‍ഭിണിയായ ലാവണ്യയെ പ്രത്യേക സജ്ജീകരണങ്ങളോടെ കരക്കെത്തിയിരിക്കുകയായിരുന്നു. ഭവാനിപുഴ രണ്ടായി തിരിയുന്ന അട്ടപ്പാടി പട്ടിമാളം കോണാര്‍ തുരുത്തില്‍ ഒറ്റപ്പെട്ടുപോയ കുടുംബത്തെ ഇക്കരെ എത്തിക്കാന്‍ പൊലീസും അഗ്‌നിരക്ഷാസേനയും പഞ്ചായത്തും നാട്ടുകാരും സംയുക്തമായാണ് ശ്രമം നടത്തിയത്. പുഴയുടെ കുത്തൊഴുക്കിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ശ്രമം ഉപേക്ഷിച്ചെങ്കിലും കുടുംബം കുടുതല്‍ ദുരിതത്തിലായതോടെയാണ് വീണ്ടും അധികൃതര്‍ രംഗത്തിറങ്ങിയത്.

ശെല്‍വരാജ്, പളനിയമ്മ, മകന്‍ മുരുകേശന്‍, അയാളുടെ ഭാര്യ ലാവണ്യ, മകള്‍ മൈന, ജോലിക്കാന്‍ പൊന്നന്‍ എന്നിവരുള്‍പ്പെട്ട കുടുംബം ഒരാഴ്ചയായായി വിഷമത്തിലായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന മണ്‍തിട്ടയും താല്‍ക്കാലിക പാലവും വെള്ളത്തില്‍ കുത്തിയൊലിച്ചുപോയി. പലവഴിയും നോക്കിയെങ്കിലും പുറത്തെത്താനുള്ള ശ്രമം തടസപ്പെടുകയായിരുന്നു. ഗര്‍ഭിണിയെ റോപ്പിലൂടെ എത്തിച്ചാല്‍ ആരോഗ്യപ്രശ്‌നം ഉണ്ടാകുമോ എന്ന് ആശങ്ക ആദ്യം ഉണ്ടായെങ്കിലും അതുണ്ടാകാതിരിക്കാനുള്ള സംവിധാനത്തിലൂടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.