തിരുവനന്തപുരത്തിന്റെ സബ്കളക്ടറായി കാഴ്ചപരിമിതിയെ തോല്‍പ്പിച്ച പ്രഞ്ജല്‍ പാട്ടീല്‍ ചുമതലയേറ്റു

Web Desk
Posted on October 14, 2019, 5:35 pm

തിരുവനന്തപുരം: കാഴ്ചപരിമിതി മറികടന്ന് ഐഎഎസ് നേടിയ പ്രഞ്ജല്‍ പാട്ടീല്‍ തിരുവനന്തപുരത്തിന്റെ സബ്കളക്ടറായി ചുമതലയേറ്റു. കാഴ്ചശേഷി പൂര്‍ണമായും ഇല്ലാതിരുന്നിട്ടും അര്‍പ്പണ ബോധവും കഠിനാധ്വാനവുംകൊണ്ട് ഐഎഎസ് നേടിയ പ്രഞ്ജല്‍ മഹാരാഷ്ട്ര ഉല്ലാസ് നഗര്‍ സ്വദേശിനിയാണ്. കേരള കേഡറില്‍ സബ് കലക്ടറായി നിയമിക്കപ്പെടുന്ന ആദ്യത്തെ കാഴ്ചയില്ലാത്ത ഐഎഎസ് ഉദ്യോഗസ്ഥയുമാണ് പ്രഞ്ജല്‍.

ആറു വയസ്സുള്ളപ്പോഴാണ് പ്രഞ്ജലിന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായത്. അധികം വൈകാതെ സുഹൃത്തിനു സംഭവിച്ച ഒരു കൈയബദ്ധം അടുത്ത കണ്ണിന്റെ കാഴ്ചയും കവര്‍ന്നെടുത്തു. അമ്മ ജ്യോതിയും അച്ഛന്‍ എല്‍ ബി പാട്ടീലുമായിരുന്നു പ്രഞ്ജലിന് പൂര്‍ണ്ണപിന്തുണ നല്‍കിയത്.
സെന്റ് സേവ്യേഴ്‌സ് കോളജില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ പ്രഞ്ജല്‍ ജെഎന്‍യുവില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. പിഎച്ച്ഡി, എം.ഫില്‍ എന്നീ ഉന്നത ബിരുദങ്ങളും പ്രഞ്ജല്‍ കരസ്ഥമാക്കിയിട്ടുണ്ട്.
2016ല്‍ ആദ്യതവണ സിവില്‍ സര്‍വിസ് എഴുതി. 773ാമത് റാങ്ക് നേടി ഇന്ത്യന്‍ റെയില്‍വേ സര്‍വിസിലേക്ക്. അക്കൗണ്ട്‌സ് സര്‍വിസിലായിരുന്നു നിയമനമെങ്കിലും പൂര്‍ണമായും കാഴ്ചയില്ലാത്തത് മൂലം ജോലി ലഭിച്ചില്ല. അടുത്ത വര്‍ഷം വീണ്ടുമെഴുതി.

ഇത്തവണ 124 എന്ന തിളക്കമാര്‍ന്ന റാങ്കോടെ ഐഎഎസ് പട്ടികയില്‍ തന്നെ ഇടംപിടിച്ചു. മസൂറിയിലെ പരിശീലനത്തിനുശേഷം കൊച്ചിയിലെ അസിസ്റ്റന്‍ഡ് കലക്ടറായി. തുടര്‍ന്നാണ് സബ് കലക്ടറും ആര്‍ഡിഒയുമായി ഈ മുപ്പതുകാരി എത്തുന്നത്. വ്യവസായി കോമള്‍ സിങ്ങാണ് ഭര്‍ത്താവ്. തിങ്കളാഴ്ച 12.30ന് ചുമതലറ്റ പ്രഞ്ജലിനെ ആര്‍ഡിഒ ഓഫിസ് സീനിയര്‍ സൂപ്രണ്ട് ടി എസ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സ്വീകരിച്ചു.