പ്രകാശഗോപുരങ്ങള്‍ അസ്തമിക്കുമ്പോള്‍

Web Desk
Posted on June 02, 2019, 2:12 pm

പി എസ് സുരേഷ്

കഴിഞ്ഞ ദിവസം നിര്യാതയായ ഡോ. രാജമ്മ രാജനെ കുറിച്ച് ഒരു അനുസ്മരണക്കുറിപ്പ് എഴുതാന്‍ തുടങ്ങിയപ്പോള്‍ നിരവധി സംഭവങ്ങളും വ്യക്തികളും മനസ്സിലൂടെ കടന്നുപോയി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഇഎന്‍ടി വിഭാഗം പ്രഫസറായിരുന്നു അവര്‍. അവിടെ തന്നെ ഗാസ്‌ട്രോ എന്റററൈറ്റിസ് വിഭാഗം പ്രഫസറും പ്രശസ്ത സര്‍ജനുമായിരുന്ന ഡോ. എന്‍ രാജന്റെ ഭാര്യ. രാജമ്മ രാജന്റെ വേര്‍പാടോടെ ആ ആതുരാലയത്തില്‍ പ്രകാശഗോപുരങ്ങളായി വര്‍ത്തിച്ച ജനകീയ ഡോക്ടര്‍മാരുടെ നിരയിലെ ഒരു കണ്ണി കൂടി നഷ്ടമായി.

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അതിന്റെ 68 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ആതുര ശുശ്രൂഷാരംഗത്ത് അനേകം പുതുധാരകള്‍ വെട്ടിത്തെളിച്ചിട്ടുണ്ട്. എത്രയൊക്കെ സൂപ്പര്‍ സ്‌പെഷ്യാലിറ്റികള്‍ വന്നിട്ടും സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ടതും സൗജന്യവുമായ ചികിത്സ ലഭിക്കുന്നതിന് ധൈര്യമായി ഇപ്പോഴും ആശ്രയിക്കാവുന്ന ആശുപത്രിയാണിത്. രാഷ്ട്ര‑അന്താരാഷ്ട്ര തലത്തില്‍ അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാവുന്ന നിരവധി ഡോക്ടര്‍മാര്‍ ഈ ആതുരാലയത്തിന്റെ പേരും പെരുമയും ഉയര്‍ത്തി. അവരുടെ ചികിത്സാമികവും, ചികിത്സക്കെത്തുന്നവരോടുള്ള മനുഷ്യത്വപൂര്‍ണമായ പെരുമാറ്റവും അവര്‍ക്ക് ജനകീയ ഡോക്ടര്‍മാരുടെ പരിവേഷമാണ് ജനങ്ങള്‍ നല്‍കിയത്. ആ നിരയില്‍ തലയെടുപ്പോടെ തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു ഡോ. രാജമ്മ രാജന്‍.

സവിശേഷമായ ഒരു പാരമ്പര്യത്തിനുടമയായിരുന്നു ഡോ. രാജമ്മ. അച്ഛന്‍ കെ പി രാമന്‍പിള്ള തിരുവിതാംകൂറിലെ ആദ്യ സര്‍ജന്‍ ജനറലായിരുന്നു. അമ്മ കൊല്ലം നഗരത്തിലെ പാട്ടക്കോട്ട വീട്ടില്‍ ജാനകിഅമ്മ. അവരുടെ മകന്‍ ആര്‍ ഗോപിനാഥന്‍നായരെന്ന കൊച്ചുഗോപി ജനയുഗത്തിന്റെ ആദ്യകാല പ്രിന്ററും പബ്ലിഷറുമായിരുന്നു. ഇവരെല്ലാം ജനയുഗവുമായി അഭേദ്യബന്ധമുള്ളവരാണ്. കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുമായി യാതൊരുതാല്‍പര്യമില്ലാതിരുന്നിട്ടും ഡോ. കെ പി രാമന്‍പിള്ളയാണ് ജനയുഗം പത്രത്തിന് ലൈസന്‍സ് സമ്പാദിച്ച് നല്‍കിയത്. അതൊരു ചരിത്രമാണ്. ഗോപിനാഥന്‍നായര്‍ മദ്രാസ് ലയോള കോളജില്‍ നിന്ന് ബിരുദം നേടി നാട്ടിലെത്തി. പത്രപ്രവര്‍ത്തകനാകാന്‍ ആഗ്രഹിച്ചു. പ്രഭാതത്തിലും യുവകേരളത്തിലും പ്രവര്‍ത്തിച്ചു. എന്‍ ഗോപിനാഥന്‍നായര്‍, കെഎന്‍ പങ്കജാക്ഷന്‍നായര്‍, ക്രിസ്പിച്ചായന്‍, രാമചന്ദ്രന്‍നായര്‍, എ ആര്‍ കുട്ടി തുടങ്ങിയവരായിരുന്നു പത്രപ്രവര്‍ത്തനത്തിലെ സഹപ്രവര്‍ത്തകര്‍.
സ്വാതന്ത്ര്യം കിട്ടിയതിന്റെ ആദ്യനാളുകള്‍. പാര്‍ട്ടിയെ നിരോധിച്ചു. പ്രവര്‍ത്തകരെല്ലാം ഒളിവിലാണ്. ഒളിവില്‍ കഴിയുന്ന എമ്മെന്റെ ശിഷ്യരായ ഇവര്‍ പുതിയൊരു പത്രം തുടങ്ങാന്‍ ആലോചിച്ചു. അതിന് ലൈസന്‍സ് കിട്ടാന്‍ നേരായ വഴിയില്‍ പോയാല്‍ സാധ്യമല്ല. സാക്ഷാല്‍ പട്ടം താണുപിള്ള തിരുവിതാംകൂറിലെ പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന് കമ്മ്യൂണിസ്റ്റുകാരെന്ന് കേട്ടാല്‍ വിരളിപിടിക്കും. പത്രത്തിന് ലൈസന്‍സ് നേടിയെടുക്കാന്‍ ആര്‍ ഗോപിനാഥന്‍നായര്‍ അമ്മ വഴി പിതാവിനെ തന്നെ സമീപിച്ചു. മകന് ഒരു തൊഴിലാകട്ടെ എന്ന് വിചാരിച്ച് തിരുവിതാംകൂറില്‍ പ്രധാനമന്ത്രിയായിരുന്ന പട്ടത്തിനെ കൊണ്ട് സമ്മതിപ്പിച്ച് ലൈസന്‍സ് നെടിയെടുത്തു.
പത്രത്തിന് ആദ്യമൂലധനമായി 2000 രൂപ നല്‍കിയത് അമ്മയായിരുന്നു. തന്റെ മകനും കൂട്ടുകാരും പ്രവര്‍ത്തിക്കുന്നത് സാധാരണക്കാരുടെ മോചനത്തിനുവേണ്ടിയാണെന്നും ക്ലേശപൂര്‍ണമാണെങ്കിലും അവരുടെ പാത ശരിയാണെന്നും വിശ്വസിച്ച ആ അമ്മയുടെ സ്വാധീനം മകള്‍ക്കും കിട്ടിയത് സ്വാഭാവികം. ഡല്‍ഹിയിലെ ലേഡി ഹര്‍ഡിംഗ് മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് പാസ്സായി വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഹൗസ് സര്‍ജന്‍സിയും സീനിയര്‍ ഹൗസ് സര്‍ജന്‍സിയും കഴിഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജോലിക്ക് കയറുമ്പോള്‍ മഹാരഥന്മാരുടെ ഒരു നീണ്ടനിര അവിടെ ഉണ്ടായിരുന്നു. അക്കൂട്ടത്തില്‍ രോഗികള്‍ക്ക് കാരുണ്യത്തിന്റെ ദിവ്യസ്പര്‍ശം ചൊരിഞ്ഞ തലയെടുപ്പുള്ള ഒട്ടേറെ പേരെ നമുക്ക് കാണാം.

ആദ്യം മനസില്‍ പതിഞ്ഞ പേര് ഡോ. കെ എന്‍ പൈയുടേതു തന്നെ. എന്റെ ആറാം വയസില്‍ ചികിത്സയ്ക്കായി അദ്ദേഹത്തെ നേരില്‍ കണ്ട ഓര്‍മ്മ ഇന്നും മാഞ്ഞിട്ടില്ല. എന്റെ അച്ഛന്റെ കൈപിടിച്ച് പൈ ഡോക്ടര്‍ സന്നിധിയില്‍ മുന്‍ഗണന മറികടന്ന് എന്നെ എത്തിച്ചത് അച്ഛന്റെ അനന്തിരവന്‍ പരേതനായ ആര്‍ട്ടിസ്റ്റ് കൃഷ്ണന്‍കുട്ടിനായരായിരുന്നു. അദ്ദേഹത്തിന് ഡോക്ടറുമായി നല്ല അടുപ്പം ആയിരുന്നു. വീടിന്റെ പിന്നിലൂടെ അകത്ത് പ്രവേശിക്കാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. സദാ പുഞ്ചിരിയുമായി ശാന്തമായ പ്രകൃതമുള്ള ഡോക്ടറെ ഒരിക്കല്‍ കണ്ടവര്‍ക്കാര്‍ക്കെങ്കിലും മറക്കാനാകുമോ. ഞങ്ങള്‍ അകത്ത് പ്രവേശിച്ചപ്പോള്‍ ഡോക്ടറുടെ കൊച്ചുമകന്‍ (മൂന്ന് വയസ് കാണും) രോഗികളെ പരിശോധിക്കുന്ന മുറിയില്‍ സ്ഥാപിച്ചിരുന്ന ലാന്‍ഡ് ഫോണിന്റെ കേബിള്‍ സ്വിച്ച് ഊരിമാറ്റുന്നത് കണ്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. പലതവണ ഡോക്ടര്‍ സ്വിച്ച് പൂര്‍വസ്ഥാനത്ത് വച്ചപ്പോഴും കുഞ്ഞ് അത് വലിച്ചൂരി. രക്ഷയില്ലാതെ വന്നപ്പോള്‍ കുഞ്ഞിനെ ബന്ധുക്കളെ വിളിച്ച് ഏല്‍പ്പിച്ചുകൊടുത്തു. ഇന്ന് പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് സ്വന്തം കുട്ടിയായാല്‍ പോലും ഇത്തരം ‘അക്രമം’ കണ്ടുനില്‍ക്കാനുള്ള ക്ഷമ ഉണ്ടാകുമോ. നൂറ്റമ്പതും ഇരുന്നൂറും പേര്‍ക്ക് ടോക്കണ്‍ കൊടുത്ത് കണ്‍സള്‍ട്ടേഷന്‍ ഫീസ് ഇരുന്നൂറും അഞ്ഞൂറുമെന്നൊക്കെ എഴുതി വയ്ക്കുന്ന ഡോക്ടര്‍മാര്‍ക്ക് ഓരോ മിനിട്ടും വിലപ്പെട്ടതാണല്ലോ. രോഗിയുടെ അസുഖം കേട്ടപാതി, കേള്‍ക്കാത്തപാതി മരുന്ന് കുറിക്കുകയും ആ മരുന്ന് എവിടെ നിന്ന് വാങ്ങണമെന്നും, എവിടെ ടെസ്റ്റ് നടത്തണമെന്നുമൊക്കെ രോഗിയെ കൃത്യമായി ഓര്‍മ്മിപ്പിച്ചുവിടുന്ന ഡോക്ടര്‍മാരുള്ള ഇക്കാലത്ത് ഡോക്ടര്‍ പൈയെ പോലെയുള്ളവര്‍ എത്ര വ്യത്യസ്ഥര്‍.
മെഡിക്കോ-ലീഗോ രംഗത്ത് സ്വന്തം പാത വെട്ടിത്തെളിച്ച ഡോക്ടര്‍ കന്തസ്വാമി, ലോക പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ. സാംബശിവന്‍, ഇവിടെ ഒരു വിഐപിയേയുള്ളു അത് രോഗികളാണെന്ന് സ്വന്തം ആഫീസ് മുറിയില്‍ എഴുതിവച്ച പ്രമുഖ സര്‍ജനും, രാജമ്മ രാജന്റെ ഭര്‍ത്താവുമായ ഡോക്ടര്‍ രാജന്‍, പ്രമുഖ തൊറാസിക് സര്‍ജന്‍ പികെആര്‍ വാര്യര്‍. ഡോ. മാത്യുറോയി, ഡോ. പി പി ജോസഫ്, ഡോ. ഡേവിഡ് ജോസ് തുടങ്ങിയവരെ എങ്ങനെ മറക്കാനാകും. ഇക്കൂട്ടത്തില്‍ വിട്ടുപോയ പലരുമുണ്ടാകാം. ദയവായി ക്ഷമിക്കുക. ഡോ. രാജമ്മ രാജനും ആ നിരയില്‍ ഉള്‍പ്പെടുന്ന വ്യക്തിയാണ്.

മലയാളികളുടെ ജീവിതശൈലിയില്‍ മാറ്റം സംഭവിച്ചതോടെ ലക്ഷക്കണക്കിനാളുകള്‍ രോഗികളായി. അവരെ ചൂഷണം ചെയ്യാന്‍ മരുന്ന് കമ്പനികളും അവര്‍ക്ക് വിടുപണിചെയ്യുന്ന ഡോക്ടര്‍മാരം നടത്തുന്ന കൊള്ള കണ്ട് മനം മടുത്ത് വ്യാപകമായി പ്രസംഗിക്കുകയും എഴുതുകയും, ഒരു പ്രസ്ഥാനം തന്നെ സംഘടിപ്പിക്കുകയും ചെയ്ത് അകാലത്തില്‍ മരിച്ചുപോയ ഡോ. സി ആര്‍ സോമനെ എങ്ങനെ മറക്കാനാകും?
രോഗികളോടും തന്റെ വിദ്യാര്‍ത്ഥികളോടും വികാരപരമായ അടുപ്പം സ്ഥാപിച്ച ലളിതജവിതത്തിനുടമയായ, പ്രശസ്ത സര്‍ജന്‍ ഡോ. പികെആര്‍ വാര്യര്‍ ഈ ആശുപത്രിയുടെ പാരമ്പര്യം ഉയര്‍ത്തിയ വ്യക്തിയാണ്. പ്രായമായിട്ടും സൈക്കിള്‍ യാത്ര ഒഴിവാക്കാന്‍ അദ്ദേഹത്തിനെ വിദ്യാര്‍ത്ഥികള്‍ പ്രേരിപ്പിക്കുന്നതൊക്കെ അന്ന് പത്ര വാര്‍ത്തയായിരുന്നു.

ഇവരൊക്കെ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് ഒരു മഹദ് പാരമ്പര്യം സൃഷ്ടിച്ചപ്പോള്‍ അവരില്‍ നിന്ന് വ്യത്യസ്തരായി നിലകൊണ്ടവരും, ചികിത്സ കച്ചവടമാക്കിയവരും ധാരാളം. രോഗികളെ പിഴിഞ്ഞ് പണം സമ്പാദിക്കുന്ന ഇവര്‍ ആശുപത്രിക്ക് നല്‍കിയത് മറ്റൊരു മുഖമാണ്. അവര്‍ പല കാലത്തും, പല രൂപത്തിലും അഴിഞ്ഞാടി. അവരുയര്‍ത്തിയ ഭീഷണിയും, ഏഷണിയും നേരിട്ട് പൊരുതി മുന്നേറിയവരാണ് നേരത്തെ സൂചിപ്പിച്ചവര്‍. ഇത്തരം ഭീഷണികളെ നേരിട്ട് അവസാനം വരെ പൊരുതി നില്‍ക്കുകയും, സഹികെട്ടപ്പോള്‍ രാജിവച്ച് പുറത്തുപോകുകയും ചെയ്ത പ്രമുഖ യൂറോളജിസ്റ്റ് ഡോ. ശശിയെയും ഓര്‍ക്കുന്നു. സി അച്യുതമേനോന്റെ മരുമകനായ ശശി ഇന്ന് നമ്മോടൊപ്പമില്ല.

ഇഎന്‍ടി വിഭാഗത്തില്‍ പ്രവര്‍ത്തിച്ച ഡോ. ഷൈല, ഗാസ്‌ട്രോ എന്ററോളജി വിഭാഗത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഡോ. രമേഷ് രാജന്‍ (ഡോ. രാജന്‍, ഡോ. രാജമ്മ രാജന്‍ ദമ്പതികളുടെ മകന്‍) തുടങ്ങി പുതുതലമുറയിലെ കുറേപേരെങ്കിലും മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സത്‌പേര് ഇന്നും നിലനിര്‍ത്തുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പിരിഞ്ഞശേഷം ഡോക്ടര്‍ രാജനും, രാജമ്മ രാജനും മണിപ്പാലിലെ കസ്തൂര്‍ബ ആശുപത്രിയില്‍ കുറേകാലം സേവനം അനുഷ്ഠിച്ചു. ഡോക്ടര്‍ വല്യത്തിന്റെ ക്ഷണമനുസരിച്ചാണ് അവിടെ പോയത്. ഡോ. രജിത് രാജന്‍(ദുബായ്), ഡോ. രാജീവ് രാജന്‍ (ക്യാനഡ) എന്നിവരാണ് മറ്റ് മക്കള്‍.

മരുന്നിനും ചികിത്സയ്ക്കും ഒപ്പം സ്‌നേഹവും നല്‍കിയവര്‍

ശകുന്തളാ ഗോപിനാഥ്

കഴിഞ്ഞ ദിവസം അന്തരിച്ച ഡോ.രാജമ്മരാജന്‍ എന്റെ ഭര്‍ത്താവ് ജനയുഗം കൊച്ചുഗോപിയുടെ സഹോദരിയാണ്. ഞങ്ങളുടെ കല്ല്യാണം നടക്കുമ്പോള്‍ അവര്‍ ഡല്‍ഹി ലേഡിഹര്‍ഡിംഗ് മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥിയായിരുന്നു. പിന്നീട് വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ ഹൗസ്‌സര്‍ജന്‍സി ചെയ്തിരുന്ന സമയത്ത് അവധിക്ക് വീട്ടില്‍ വരുമ്പോഴാണ് ഞങ്ങള്‍ കൂടുതല്‍ ഇടപെട്ടത്. ഞങ്ങളുടെ കുട്ടിയ്ക്ക് അസുഖം ഉണ്ടാകുമ്പോള്‍ അപ്പൂപ്പനായ ഡോ. കെ പി രാമന്‍പിള്ളയെ അറിയിക്കും. അദ്ദേഹം രോഗവിവരം അന്വേഷിക്കാന്‍ മകള്‍ രാജമ്മയേയാണ് അയയ്ക്കാറ്. മകള്‍ നല്‍കുന്ന മരുന്നും ഉപദേശങ്ങളും ഫലപ്രദമായിരുന്നു. മകളെപറ്റി പൂര്‍ണ്ണവിശ്വാസമുള്ളതുകൊണ്ടാണ് ഈ ദൗത്യം പിതാവ് എല്‍പിക്കുന്നതെന്ന് മനസ്സിലായി.
ഒരു ഡോക്ടറെന്ന നിലയില്‍ ഞാന്‍ അവരെ പലപ്പോഴും അടുത്തറിഞ്ഞിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍ രോഗികളോടുള്ള അവരുടെ പെരുമാറ്റം വളരെ കാരുണ്യപൂര്‍ണ്ണമായിരുന്നു. എനിക്ക് ഫിസിയോതെറാപ്പി ആവശ്യമായി വന്ന സമയത്ത് എന്നെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. എന്നെ കാണാന്‍ എല്ലാദിവസും അവര്‍ വരും.

ചില്‍ഡ്രന്‍സ് വാര്‍ഡ് കടന്നാണ് അവര്‍ വരുന്നത്. അവിടെ ക്യാന്‍സര്‍ ബാധിതരായ കുഞ്ഞുങ്ങളുടെ അടുത്ത് അവര്‍ കയറാറുണ്ടെന്ന് മനസ്സിലായി. ബാഗില്‍ നിറയെ ചോക്ലേറ്റോ മധുരപലഹാരങ്ങളോ കരുതിയിരിക്കും. അത് അവര്‍ വിതരണം ചെയ്യും. ഡോക്ടറമ്മ വരാന്‍ കാത്തിരിക്കുന്ന ആ കുഞ്ഞുങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. കണ്ണു നനയിക്കുന്ന അനുഭവമായിരുന്നു അത്. ഡോക്ടറമ്മ എത്തുമ്പോഴേക്ക് അവശരാണെങ്കിലും കുട്ടികള്‍ അവരുടെ ചുറ്റും കൂടിനില്‍ക്കുന്ന കാഴ്ച ഇന്നും എന്റെ മനസ്സിലുണ്ട്.
തനിക്ക് സാമ്പിള്‍ കിട്ടുന്ന മരുന്നുകള്‍ കൃത്യമായി അര്‍ഹതപ്പെട്ടവര്‍ക്ക് അവര്‍ നല്‍കും. നിര്‍ദ്ധനരായ രോഗികള്‍ക്ക് അത് വലിയ ആശ്വാസമായിരുന്നു. ഞങ്ങളുടെ മകളുടെ പ്രസവം സംബന്ധിച്ച് ഒരുമാസത്തോളം മെഡിക്കല്‍ കോളജിലും അവരുടെ വീട്ടിലുമായി കഴിഞ്ഞു. ഈ സമയത്താണ് ഡോക്ടര്‍ രാജനേയും രാജമ്മ രാജനേയും കൂടുതല്‍ മനസിലാക്കാന്‍ കഴിഞ്ഞത്. തങ്ങളെ സമീപിക്കുന്ന ഏത് രോഗികള്‍ക്കും കഴിവുള്ള എല്ലാ സഹായവും യാതൊരു ലാഭേച്ഛയുമില്ലാതെ ചെയ്തിരുന്നു. കൊല്ലത്തുനിന്ന് നിരവധി രോഗികളെ ഗോപിച്ചേട്ടന്‍ കത്തുകൊടുത്ത് അവരുടെ അടുത്തേക്ക് അയച്ചിട്ടുണ്ട്. അവര്‍ക്കൊക്കെ നല്ല പരിഗണന കിട്ടിയിട്ടുണ്ടെന്നാണ് മനസ്സിലായത്. സ്വന്തം ഡിപ്പാര്‍ട്ടുമെന്റില്‍ അല്ലെങ്കില്‍ കൂടി മറ്റ് ഡിപ്പാര്‍ട്ടുമെന്റിലെ ഡോക്ടര്‍മാരുടെ സഹായം തേടാനും അവര്‍ക്ക് മടിയുണ്ടായിരുന്നില്ല.

ഡോക്ടര്‍ രാജന്റെ കീഴില്‍ തുടര്‍ചികിത്സ നടത്തിക്കൊണ്ടിരുന്ന ഒരു രോഗിയുടെ കാര്യം എനിക്ക് നേരിട്ടറിയാം. ക്രിസ്തുമസ് ഉള്‍പ്പെടെയുള്ള വിശേഷകാലയളവില്‍ അയാള്‍ ആശംസ കാര്‍ഡുകള്‍ അയയ്ക്കുന്ന പതിവുണ്ടായിരുന്നു. കിട്ടിയതിന് മറുപടിയും ഡോക്ടര്‍ രാജന്‍ അയയ്ക്കും. കൂട്ടത്തില്‍ രോഗവിവരങ്ങളും ആരായും. മൊബൈല്‍ ഫോണുകളില്ലാത്ത അക്കാലത്ത് കത്തുകള്‍ തന്നെ പ്രധാന ഉപാധി. ഒരുതവണ രാജന്‍ ചേട്ടന്‍ ഞങ്ങളെയും കൂട്ടി തൃശൂരില്‍ പോയി. കുടുംബപരമായ ഒരു കാര്യത്തിനാണെന്നാണ് ഓര്‍മ്മ. യാത്രയ്ക്കിടയില്‍ ഒരു വീടിന് മുന്നില്‍ വണ്ടി നിര്‍ത്തി. അദ്ദേഹം ആ വീട്ടിലേക്ക് കടന്നുചെന്നപ്പോള്‍ വീട്ടുകാരുടെ സ്വീകരണം കണ്ട് ഞാന്‍ അതിശയിച്ചുപോയി.
ഒരു സാധാരണ വീട്ടിലെ കുടുംബാംഗങ്ങള്‍ ഒന്നടങ്കം അദ്ദേഹവുമായി സ്‌നേഹം പങ്കിട്ടു. വളരെ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന ആളാണ്. ദീര്‍ഘകാലം തുടര്‍ച്ചയായി ചികിത്സ ആവശ്യമുണ്ടായിരുന്നു. ആ രോഗിയുടെ വീടായിരുന്നു അത്. ഇങ്ങനെയുള്ള അപൂര്‍വ്വ സൗഹൃദങ്ങള്‍ കാത്തുസൂക്ഷിയ്ക്കുന്നതില്‍ ഇരുവരും ശ്രദ്ധിച്ചിരുന്നു. രോഗികള്‍ക്ക് യാന്ത്രികമായി മരുന്നും ചികിത്സയും മാത്രമല്ല സ്‌നേഹവും നല്‍കണമെന്നാണ് ഇരുവരുടെയും ജീവിതം നമ്മെ പഠിപ്പിച്ചത്. രാജമ്മയുടെ വേര്‍പാട് മറ്റുള്ളവര്‍ക്കൊപ്പം ഞങ്ങള്‍ക്കും താങ്ങാനാവുന്നില്ല.

ഡോ. രാജമ്മ രാജന്റെ സഹോദരന്റെ ഭാര്യയാണ് ലേഖിക.

ആ മാതൃക കണ്ടുവളര്‍ന്നു

ഡോ. രമേശ് രാജന്‍

വര്‍ഷം 1978: ഞങ്ങള്‍ തിരുവനന്തപുരം ജയ്‌നഗര്‍ കോളനിയിലെ വാടകവീട്ടില്‍ താമസം തുടങ്ങിയിട്ട് രണ്ടുവര്‍ഷം തികയുന്നു. ഒരുദിവസം രാവിലെ ആറര ആയിക്കാണും. വെളിയില്‍ ഒരാള്‍ അലറിവിളിയ്ക്കുന്നു. -”ഡോക്ടര്‍, ഡോക്ടര്‍, രമയ്ക്ക് സുഖമില്ല” — ശ്രദ്ധിച്ചപ്പോള്‍ രണ്ടുവീട് അപ്പുറം താമസിക്കുന്ന രവി അങ്കിള്‍ (തിരു: എന്‍ജിനീയറിംഗ് കോളജിലെ സിവില്‍ എന്‍ജിനീയറിംഗ് പ്രഫസര്‍) ആയിരുന്നു. ഞങ്ങള്‍ കുട്ടികള്‍ ഉറക്കം തെളിഞ്ഞ് വരുന്നതേയുള്ളു. ഉടന്‍തന്നെ അമ്മ ഉറങ്ങാന്‍ കിടന്ന വേഷത്തില്‍ വാതില്‍ തുറന്ന് ആ വീട്ടിലേയ്ക്ക് ഓടി. പുറകേ അച്ഛനും. അഞ്ച്-പത്ത് മിനിട്ട് കഴിഞ്ഞ് തിരികെ വന്നു പറഞ്ഞു ”രമ മിക്കവാറും മരിച്ചതായിരുന്നു”. പ്രഫ. രവീന്ദ്രനാഥന്റെ ഭാര്യ പ്രഫ. രമാദേവിയ്ക്ക് കാര്‍ഡിയാക് അറസ്റ്റ് മൂലം പെട്ടെന്ന് ബോധം നഷ്ടപ്പെടുകയായിരുന്നു. അമ്മ ഓടിയെത്തി പരിശോധിയ്ക്കുമ്പോള്‍ അവര്‍ക്ക് പള്‍സ് തീരെ ഇല്ലായിരുന്നു. ഞൊടിയിടയില്‍ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. മൂന്ന് നാല് മിനിട്ടിനുള്ളില്‍ അവര്‍ സാധാരണ നിലയില്‍ ശ്വാസമെടുക്കുകയും വിളികേട്ട് തുടങ്ങുകയും ചെയ്തു. 41 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഇന്നും സുഖമായി ജീവിച്ചിരിക്കുന്നു. ഒരു അധ്യാപികയായി, ഒരു അമ്മൂമ്മയായി. ഒരു ഡോക്ടര്‍ക്കുണ്ടാകേണ്ട മനസാന്നിദ്ധ്യവും കര്‍മ്മനിഷ്ഠയും ഞാന്‍ അമ്മയില്‍ നിന്ന് നേരില്‍ കണ്ട് പഠിക്കുകയായിരുന്നു. 2019 മെയ് ഒന്നിന് (41 വര്‍ഷങ്ങള്‍ക്ക് ശേഷം) അമ്മയുടെ അസ്ഥി വര്‍ക്കല പാപനാശത്തേക്ക് കൊണ്ടുപോകുകയാണ്. ഞങ്ങള്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ രമ ആന്റി വീടിന്റെ പൂമുഖത്തുണ്ടായിരുന്നു. ഞാന്‍ വീണ്ടും ആ ദിവസം ഓര്‍ത്തുപോയി എന്നുമാത്രം.
1970–1980കളില്‍ ഞങ്ങളുടെ വീട് ഒരു ചെറിയ നഴ്‌സിംഗ് ഹോം പോലെയായിരുന്നു. എപ്പോഴും ആരെങ്കിലും ബന്ധുക്കള്‍ കാണുമായിരുന്നു ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടില്‍. എല്ലാ ബന്ധുക്കളെയും കൂടെ താമസിപ്പിച്ചും, ആശുപത്രിയില്‍ കൂടെ കൊണ്ടുപോയി ചികിത്സിച്ച് ഭേദമാക്കി തിരികെ അവരുടെ വീടുകളില്‍ കൊണ്ടാക്കുന്നതും നിത്യസംഭവമായിരുന്നു. ഇക്കാര്യത്തില്‍ അച്ഛനും അമ്മയ്ക്കും യാതൊരു വൈമനസ്യവും ഉണ്ടായില്ല. ഓര്‍മ്മയായതുമുതല്‍ ഞങ്ങള്‍ കണ്ടുവളര്‍ന്നത് ഇവരുടെ സേവന മനോഭാവമാണ്.

(ഡോ. രാജമ്മ രാജന്റെ മകനായ ലേഖകന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗാസ്‌ട്രോഎന്ററിറ്റിസ വിഭാഗം പ്രൊഫസറാണ്)